
ന്യൂഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ കോൺഗ്രസ് നടത്തിയ പ്രതിഷേധത്തിനിടയിൽ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും ബാറ്റ്മാൻ മാസ്ക് ധരിച്ച് പ്രതിഷേധിച്ചത് രാഷ്ട്രീയ കേന്ദ്രങ്ങളിൽ ചർച്ചയാകുന്നു. എസ്ഐആറുമായി ബന്ധപ്പെട്ട വിഷയത്തിൽ ഗ്യാനേഷ് കുമാറിന്‍റെ രാജി ആവശ്യപ്പെട്ട് ഇന്ത്യ മുന്നണി ഡൽഹിയിൽ നടത്തിയ മാർച്ചിലാണ് കൗതുകകരമായ ഈ സംഭവമുണ്ടായത്.
മാർച്ചിനിടയിൽ ചില യുവാക്കൾ ബാറ്റ്മാൻ മാസ്ക് ധരിച്ച് എത്തിയത് രാഹുൽ ഗാന്ധിയുടെ ശ്രദ്ധയിൽപ്പെടുകയായിരുന്നു. തുടർന്ന് ജെൻ-സി വിഭാഗവുമായി സംവദിക്കുന്നതിന്‍റെ ഭാഗമായി രാഹുൽ ഗാന്ധി ആ മാസ്ക് വാങ്ങി ധരിക്കുകയും, ഒപ്പം ബസിൽ യാത്ര ചെയ്യുകയായിരുന്ന മുതിർന്ന നേതാവ് മല്ലികാർജുൻ ഖാർഗെയെ മാസ്ക് ധരിക്കാൻ സഹായിക്കുകയും ചെയ്തു.
എന്നാൽ കോൺഗ്രസ് നേതാക്കളുടെ ഈ പ്രതിഷേധ പ്രകടനത്തെ ബിജെപി രൂക്ഷമായി പരിഹസിച്ചു. ഡൽഹി ഗോഥം സിറ്റി അല്ലെന്നും, രാജ്യതലസ്ഥാനത്തിന് ഒരു 'ഡാർക്ക് സൂപ്പർഹീറോയെയും റോബിനെയും' ആവശ്യമില്ലെന്നും കേന്ദ്ര മന്ത്രി ജയന്ത് സിംഗ് എക്സിൽ കുറിച്ചു. സാങ്കൽപ്പിക നഗരമായ ഗോഥം കുറ്റകൃത്യങ്ങൾ നിറഞ്ഞതാണെന്ന കാര്യം സൂചിപ്പിച്ചായിരുന്നു അദ്ദേഹത്തിന്‍റെ പരിഹാസം. കഴിഞ്ഞ ഓഗസ്റ്റിൽ ഇൻസ്റ്റാഗ്രാം ലൈവിനിടയിൽ താൻ ബാറ്റ്മാൻ ആണോ എന്ന ചോദ്യത്തിന് 'ഞാനും ബാറ്റ്മാനും ഒരിക്കലും ഒരേ മുറിയിൽ ഉണ്ടായിരുന്നതായി ആരും കണ്ടിട്ടില്ല' എന്ന് രാഹുൽ ഗാന്ധി മറുപടി നൽകിയിരുന്നു. തുടർന്ന് ഡൽഹിയിലെ പാർട്ടി ഓഫീസുകൾക്ക് മുന്നിൽ രാഹുൽ ഗാന്ധിയെ 'റിയൽ ലൈഫ് ബാറ്റ്മാൻ' എന്ന് വിശേഷിപ്പിച്ചുകൊണ്ട് പോസ്റ്ററുകളും പ്രത്യക്ഷപ്പെട്ടിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam