ലോക്സഭ തെരഞ്ഞെടുപ്പിന് പടയൊരുക്കം;  കര്‍ണാടകയില്‍ ജെഡിഎസുമായി സഖ്യം, ബിജെപിയുടെ ഓഫര്‍ ഇങ്ങനെ

Published : Sep 09, 2023, 08:36 AM ISTUpdated : Sep 09, 2023, 10:14 AM IST
ലോക്സഭ തെരഞ്ഞെടുപ്പിന് പടയൊരുക്കം;  കര്‍ണാടകയില്‍ ജെഡിഎസുമായി സഖ്യം, ബിജെപിയുടെ ഓഫര്‍ ഇങ്ങനെ

Synopsis

ജെഡിഎസുമായി ബിജെപി സഖ്യമുണ്ടാക്കുമെന്ന നേരത്തെ തന്നെ അഭ്യൂഹങ്ങളുണ്ടായിരുന്നെങ്കിലും ഇപ്പോള്‍ മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന ബിജെപി നേതാവുമായ ബിഎസ്. യെദിയൂരപ്പയാണ് ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചത്

ബംഗളൂരു: അടുത്തവർഷം നടക്കുന്ന ലോക്സഭ തെരഞ്ഞെടുപ്പിൽ കർണാടകയിൽ ബിജെപിയും ജെഡിഎസും സഖ്യമായി മത്സരിക്കും. ജെഡി എസുമായി ബിജെപി സഖ്യമുണ്ടാക്കുമെന്ന നേരത്തെ തന്നെ അഭ്യൂഹങ്ങളുണ്ടായിരുന്നെങ്കിലും ഇപ്പോള്‍ മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന ബി.ജെ.പി നേതാവുമായ ബി.എസ്. യെദിയൂരപ്പയാണ് ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചത്. തെരഞ്ഞെടുപ്പില്‍ ഇരു പാര്‍ട്ടികളും തമ്മിലുള്ള സീറ്റ് വിഭജനം സംബന്ധിച്ച് അന്തിമ ധാരണയായിട്ടില്ല. എന്നാല്‍, ജെഡിഎസ് നാലു സീറ്റില്‍ മത്സരിക്കുമെന്നും ബാക്കിയുള്ള 24 സീറ്റുകളില്‍ ബിജെപി മത്സരിക്കുമെന്നുമാണ് യെദിയൂരപ്പ പ്രതികരിച്ചത്. സീറ്റ് വിഭജനം സംബന്ധിച്ച് ജെഡിഎസ് നേതാക്കള്‍ പ്രതികരിച്ചിട്ടില്ല.  

ലോക് സഭ തെരഞ്ഞെടുപ്പില്‍ കര്‍ണാടകയില്‍ ജെഡിഎസും ബിജെപിയും സഖ്യമുണ്ടാക്കുന്നത് സംബന്ധിച്ച് ജെഡിഎസ് അധ്യക്ഷനും മുന്‍ പ്രധാനമന്ത്രി എച്ച്ഡി ദേവഗൗഡയും കേന്ദ്ര മന്ത്രി അമിത് ഷാ, ബിജെപി അധ്യക്ഷന്‍ ജെപി നഡ്ഡ എന്നിവര്‍ ചര്‍ച്ച നടത്തിയിരുന്നു. ഇതിനുപിന്നാലെയാണിപ്പോള്‍ സഖ്യം സംബന്ധിച്ച യെദിയൂരപ്പയുടെ സ്ഥിരീകരണമുണ്ടാകുന്നത്. 28 ലോക്സഭ മണ്ഡലങ്ങളിൽ മണ്ഡ്യ, ഹാസൻ, തുമകുരു, ചിക്കബല്ലാപൂർ, ബെംഗളൂരു റൂറൽ എന്നീ അഞ്ചു സീറ്റാണ് ജെഡിഎസ് ആവശ്യപ്പെട്ടതെങ്കിലും നാലെണ്ണം നൽകാമെന്നാണ് ബിജെപി അറിയിച്ചിരിക്കുന്നത്. സീറ്റ് വിഭജനം സംബന്ധിച്ചും സഖ്യം സംബന്ധിച്ച മറ്റു കാര്യങ്ങളിലുമെല്ലാം ചര്‍ച്ച നടന്നുവരുകയാണ്. ജെഡിഎസ് സഖ്യകക്ഷിയായതോടെ ദക്ഷിണേന്ത്യയില്‍ ബിജെപിക്ക് കൂടുതൽ കരുത്ത് ലഭിച്ചെന്നും ലോക്സഭ തെരഞ്ഞെടുപ്പിൽ കർണാടകയിൽ 26 സീറ്റിൽ വിജയിക്കുമെന്നും ബിഎസ് യെദിയൂരപ്പ വ്യക്തമാക്കി.

ബിജെപി-25, കോൺഗ്രസ്- ഒന്ന്, ജെഡിഎസ് - ഒന്ന്, ബിജെപി പിന്തുണയുള്ള സ്വതന്ത്ര- ഒന്ന് എന്നിങ്ങനെയാണ് നിലവില്‍ കര്‍ണാടകയിലെ ലോക്സഭ സീറ്റുനില.സീറ്റുനില. ഇതില്‍ ജെഡിഎസിന്‍റെ ഏക എംപിയായ ഹാസന്‍ മണ്ഡലത്തിലെ പ്രജ്വല്‍ രേവണ്ണയുടെ തെരഞ്ഞെടുപ്പ് വിജയം കഴിഞ്ഞയാഴ്ചയാണ് കര്‍ണാടക ഹൈകോടതി റദ്ദാക്കിയത്. കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസും-ജെഡിഎസും സഖ്യമായി മത്സരിച്ചെങ്കിലും കോണ്‍ഗ്രസിനും ജെഡിഎസിനും ഓരോ സീറ്റു മാത്രമാണ് നേടാനായത്. കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിന് സമാനായ വലിയൊരു വിജയം ലക്ഷ്യമിട്ടാണ് ഇത്തവണ ബി ജെ പിയുടെ നേരത്തെയുള്ള മുന്നൊരുക്കം.

അതേസമയം, ബിജെപിയുമായുള്ള ജെഡിഎസിന്‍റെ സഖ്യത്തില്‍ വിമര്‍ശവുമായി കര്‍ണാടക കോണ്‍ഗ്രസ് അധ്യക്ഷനും ഉപമുഖ്യമന്ത്രിയുമായ ഡി കെ ശിവകുമാര്‍ രംഗത്തെത്തി. ജെഡിഎസിന് നിലനില്‍പ്പിന്‍റെ പ്രശ്നമാണെന്നും അവരുടെ മതേതര പ്രത്യയശാസ്ത്രം എങ്ങനെ നിലനിര്‍ത്തുമെന്നറിയില്ലെന്നുമാണ് ശിവകുമാറിന്‍റെ പ്രതികരണം. പ്രത്യേയശാസ്ത്രത്തെ അടിസ്ഥാനമാക്കി കെട്ടിപടുത്ത പാര്‍ട്ടിക്കും എം എല്‍എമാര്‍ക്കും ഇനി എന്തു സംഭവിക്കുമെന്നറിയില്ല. അവര്‍ക്ക് എല്ലാ ആശംസകളുമെന്നും ഡികെ ശിവകുമാര്‍ കൂട്ടിചേര്‍ത്തു. ആരു ആരുമായി സഖ്യമുണ്ടാക്കിയാലും തങ്ങളെ ബാധിക്കില്ലെന്നും ജനങ്ങളോട് വോട്ടു ചോദിക്കുമെന്നും കൂടുതല്‍ സീറ്റില്‍ വിജയിക്കുമെന്ന വിശ്വാസമുണ്ടെന്നും മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

പാചകവാതക വിലവർധന: പ്രതിസന്ധി രൂക്ഷം; തമിഴ്നാട്ടിൽ ഹോട്ടലുകൾ നിയന്ത്രണത്തിലേക്ക്, കേന്ദ്രത്തിനെതിരെ ഡിഎംകെ
ഉള്ളിയിൽ നെ​ഗറ്റീവ് എനർജിയുണ്ടോ...? പഠനം നടത്തണമെന്ന് സുപ്രീം കോടതിയിൽ ഹർജി, ഇനി ഈ വഴി വരരുതെന്ന് ചീഫ് ജസ്റ്റിസ്