
ഹൈദരാബാദ്: തെലങ്കാനയിൽ ആദ്യഘട്ട സ്ഥാനാർഥിപ്പട്ടിക പുറത്തുവിട്ട് ബിജെപി. 52 മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാർഥികളെയാണ് പ്രഖ്യാപിച്ചത്. കഴിഞ്ഞ തവണ ഒരു സീറ്റിലൊതുങ്ങിയ ബിജെപി, ഇത്തവണ സീറ്റെണ്ണം കൂട്ടാൻ ലക്ഷ്യമിട്ട് മൂന്ന് എംപിമാരെയാണ് മത്സര രംഗത്ത് ഇറക്കിയിരിക്കുന്നത്. മുൻ സംസ്ഥാനാധ്യക്ഷനും കരിംനഗർ എംപിയുമായ ബണ്ടി സഞ്ജയ് കുമാർ കരിംനഗർ നിയമസഭാ മണ്ഡലത്തിൽ മത്സരിക്കും. നിസാമാബാദ് എംപി അരവിന്ദ് ധർമപുരി കൊരട്ടലെ മണ്ഡലത്തിൽ മത്സരിക്കും. ആദിലാബാദ് എംപി സോയം ബപ്പുറാവു ബോത്ത് മണ്ഡലത്തിൽ മത്സരിക്കും.
ബിആർഎസ്സിൽ നിന്ന് കൂറു മാറി എത്തിയ എംഎൽഎ ഈട്ടല രാജേന്ദർ മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവുവിനെതിരെ ഗജ്‍വേലിലും, ഹുസൂറാബാദിലും മത്സരിക്കും. പ്രവാചകനിന്ദ നടത്തിയ ഘോഷമഹൽ എംഎൽഎ രാജാ സിംഗിനും ഇത്തവണ ബിജെപി സീറ്റ് നൽകി. പ്രവാചക നിന്ദയുടെ പേരിൽ രാജാ സിംഗിനെ നേരത്തേ ബിജെപി സസ്പെൻഡ് ചെയ്തിരുന്നതാണ്. പട്ടിക പുറത്തിറക്കുന്നതിന് മണിക്കൂറുകൾക്ക് മുമ്പ് സസ്പെൻഷൻ പിൻവലിച്ചുകൊണ്ട് ബിജെപി വാർത്താക്കുറിപ്പിറക്കി. ആദ്യപട്ടികയിൽ 10 വനിതകൾക്കാണ് ബിജെപി സീറ്റ് നൽകിയിരിക്കുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam