
ബെംഗളുരു: 114 അടി ഉയരമുള്ള ക്രിസ്തു പ്രതിമ സ്ഥാപിക്കാനുള്ള കോണ്‍ഗ്രസ് നേതാവും മുന്‍ മന്ത്രിയുമായ ഡികെ ശിവകുമാറിന്‍റെ തീരുമാനത്തെ വിമര്‍ശിച്ച് ബിജെപി. പാര്‍ട്ടി ഹൈക്കമാന്‍റിനെ പ്രീണിപ്പിക്കുകയാണ് ഇതിന് പിന്നിലെ ലക്ഷ്യമെന്ന് ബിജെപി ആരോപിച്ചു. ശിവകുമാറിന്‍റെ മണ്ഡലമായ കനകപുരയിലാണ് പ്രതിമ സ്ഥാപിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്.
അഞ്ച് വര്‍ഷംകൊണ്ട് പണി പൂര്‍ത്തിയാകുമെന്ന് പ്രതീക്ഷിക്കുന്ന പ്രതിമ ഹരോബെലെ ഗ്രാമത്തിലെ കപാലിബെട്ടയില്‍ സ്ഥാപിക്കാന്‍ ആണ് പദ്ധതി. ഗ്രാമത്തിലെ മതസൗഹാര്‍ദ്ദം തകര്‍ക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്നും എന്നാല്‍ ഇതില്‍ അവര്‍ വിജയിക്കില്ലെന്നും ശിവകുമാര്‍ പറഞ്ഞു.
സംസ്ഥാന സര്‍ക്കാരിന്‍റെ ഉടമസ്ഥതയിലുള്ള പത്തേക്കര്‍ സ്ഥലം വാങ്ങി ശിവകുമാര്‍ ട്രസ്റ്റിന് കൈമാറി. ലോകത്തെ ഏറ്റവും വലിയ ക്രിസ്തുപ്രതിമയാകും ഇതെന്നാണ് അവകാശവാദം. കഴിഞ്ഞ ദിവസം പ്രതിമയുടെ ശിലാസ്ഥാപനം നടന്നിരുന്നു. ചടങ്ങില്‍ വച്ച് സ്ഥലത്തിന്‍റെ ഉടമസ്ഥാവകാശ രേഖ ശിവകുമാര്‍ ട്രസ്റ്റിന് കൈമാറി.
തിഹാര്‍ ജയിലില്‍ നിന്നെത്തിയ നേതാവ് ഇറ്റാലിയന്‍ നേതാവിനെ പ്രീതിപ്പെടുത്താനാണ് പ്രതിമ നിര്‍മ്മിക്കുന്നതെന്ന് ബിജെപി എം പി അനന്ത്കുമാര്‍ ഹെഗ്ഡെ ആരോപിച്ചു. ഇന്ത്യയില്‍ ജനിച്ച ശ്രീരാമന് പ്രതിമയുണ്ടാക്കുന്നതിനെ എതിര്‍ത്ത കോണ്‍ഗ്രസ് യേശു ക്രിസ്തുവിന്‍റെ പ്രതിമ നിര്‍മ്മാണത്തിന് സഹായിക്കുന്നുവെന്ന് കര്‍ണാടക മന്ത്രിയും ബിജെപി നേതാവുമായ ഈശ്വരപ്പ ആരോപിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam