
ദില്ലി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് രാജ്യതലസ്ഥാനത്ത് നടക്കുന്ന പ്രതിപക്ഷ പ്രതിഷേധങ്ങളിൽ രാഹുൽഗാന്ധിക്കെതിരെ വിമർശനവുമായി ബി ജെ പി. രാഹുൽ ഗാന്ധി രാജ്യത്ത് അരാജകത്വം പരത്തുന്നുവെന്ന് ബി ജെ പി വക്താവ് രവിശങ്കർ പ്രസാദ് അഭിപ്രായപ്പെട്ടു. തിരഞ്ഞെടുപ്പ് കാലത്ത് വിദേശ രാജ്യത്ത് പോകാതെ കഠിനാധ്വാനം ചെയ്തിരുന്നെങ്കിൽ രാഹുലിനും കോൺഗ്രസിനും ഇന്ന് ഈ അവസ്ഥ വരില്ലായിരുന്നുവെന്നും ബി ജെ പി പരിഹസിച്ചു. ഇന്ത്യ മുന്നണി സമരങ്ങളെയും ബി ജെ പി രൂക്ഷമായി വിമർശിച്ചു. കോൺഗ്രസും ആം ആദ്മിയും ഇന്ത്യ സഖ്യവും ദില്ലിയിലും രാജ്യത്തും അരാജകത്വം പരത്താൻ കൂട്ടുനിൽക്കുന്നു എന്നാണ് ബി ജെ പി വക്താവ് വിമർശിച്ചത്.
പ്രതിഷേധക്കടലായി രാജ്യതലസ്ഥാനം
അതേസമയം ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് രാജ്യതലസ്ഥാനത്ത് പ്രതിഷേധ സമരങ്ങൾ സംഘർഷഭരിതമാകുകയാണ്. പ്രതിപക്ഷ നേതാക്കളും പ്രവർത്തകരും തെരുവിലിറങ്ങിയതോടെ ദില്ലിയുടെ വിവിധ ഭാഗങ്ങളിൽ പ്രതിഷേധം ഇരമ്പുകയാണ്. പിണറായി വിജയനടക്കം 3 മുൻ മുഖ്യമന്ത്രിമാരും സി ജെ പി സ്ഥാപകൻ അഭിജിത് ദീപ്കെയുമടക്കമുള്ളവർ കസ്റ്റഡിയിലായെങ്കിലും പ്രവർത്തകർ ഒന്നാകെ തെരുവുകളിലേക്ക് ഒഴുകിയെത്തുകയാണ്. ഇതുവരെ മൂവായിരത്തിലേറെ പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. സി ജെ പി ജന്തർ മന്തറിൽ പ്രഖ്യാപിച്ച പ്രതിഷേധം ആരംഭിക്കുന്നതിന് മുൻപ് തന്നെ അരലക്ഷത്തോളം സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിച്ച് പോലീസ് കൂട്ടക്കസ്റ്റഡി ആരംഭിക്കുകയായിരുന്നു.
മുംബൈയിൽ നിന്ന് വിമാനമാർഗ്ഗം ഡൽഹിയിലെത്തിയ സി ജെ പി കൺവീനർ അഭിജീത് ദീപ്കെ, സഹപ്രവർത്തകരായ സൗരവ് ദാസ്, അശുതോഷ് റങ്ക എന്നിവരെ പോലീസ് വിമാനത്തിനുള്ളിൽ കയറി നാടകീയമായി കസ്റ്റഡിയിലെടുത്തു. കേന്ദ്ര സർക്കാരിന്റെ ഏകാധിപത്യ നടപടിയെയും മോദിയുടെ ഭയത്തെയുമാണ് ഇത് സൂചിപ്പിക്കുന്നതെന്ന് കസ്റ്റഡിയിലാകുന്നതിന് മുൻപ് ദീപ്കെ പ്രതികരിച്ചു. യൂട്യൂബർ ധ്രുവ് റാഠിയെ പുലർച്ചെ ഏഴരയോടെ ഗുരുഗ്രാമിലെ വസതിയിൽ നിന്നെത്തി പോലീസ് കസ്റ്റഡിയിലെടുത്തു. ഐസ നേതാവ് നേഹ ബോറ ഉൾപ്പെടെയുള്ള വിദ്യാർത്ഥി നേതാക്കളെയും ചില മാധ്യമപ്രവർത്തകരെയും പോലീസ് വലിച്ചിഴച്ചാണ് വാഹനങ്ങളിൽ കയറ്റിയത്.
സി ജെ പി സമരത്തിന് പിന്തുണ പ്രഖ്യാപിച്ചെത്തിയ മുൻ മുഖ്യമന്ത്രിമാരായ പിണറായി വിജയൻ, അരവിന്ദ് കെജ്രിവാൾ, മമതാ ബാനർജി എന്നിവരെയും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കേന്ദ്ര കമ്മിറ്റി ഓഫീസിന് അവധി പ്രഖ്യാപിച്ച് പ്രക്ഷോഭത്തിനിറങ്ങിയ പിണറായി വിജയനടക്കമുള്ള സി പി എം നേതാക്കളെ കേരള ഹൗസ് പരിസരത്ത് നിന്നാണ് പോലീസ് തടഞ്ഞത്. കസ്റ്റഡിയിലെടുത്ത പിണറായിയെ മണിക്കൂറുകളോളം നഗരത്തിൽ വട്ടംകറക്കിയ പോലീസ്, അവശനായ അദ്ദേഹത്തിന് മരുന്നോ ഭക്ഷണമോ പോലും നൽകിയില്ലെന്ന് ഇടത് എം.പിമാർ ആരോപിച്ചു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ നൂറുകണക്കിന് പ്രവർത്തകരെ ഡൽഹിയിൽ കാലുകുത്തിയ ഉടൻ തന്നെ പോലീസ് തടങ്കലിലാക്കുകയായിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam