തെരഞ്ഞെടുപ്പിൽ തോറ്റതിന് പിന്നാലെ ഐസ് ഹോക്കി ഫെഡറേഷൻ വഴി ജനറൽ അസംബ്ലിയിലേക്ക് എത്തിയ പിടി ഉഷ മത്സരിക്കുമെന്ന് ശക്തമായ സൂചനയുണ്ടായിരുന്നെങ്കിലും പത്രിക നൽകാൻ എത്തിയില്ല. ഡിസംബർ അഞ്ചിനാണ് വോട്ടെടുപ്പ്.

ദില്ലി: ഇന്ത്യൻ ഒളിംപിക് അസോസിയേഷൻ തെരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള നാമനിർദ്ദേശ പത്രിക നൽകേണ്ട സമയം അവസാനിച്ചു. നിലവിലെ അധ്യക്ഷ പിടി ഉഷ നാമനിർദ്ദേശ പത്രിക നൽകിയില്ല. അധ്യക്ഷ സ്ഥാനത്തേക്ക് മുൻ ദില്ലി ബിജെപി അധ്യക്ഷൻ വീരേന്ദ്ര സച്ദേവ അടക്കം മൂന്ന് പേർ പത്രിക നൽകി. അഞ്ജു ബോബി ജോർജ് ഉപാധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കാൻ പത്രിക നൽകി. ഡിസംബർ അഞ്ചിനാണ് വോട്ടെടുപ്പ്.

തെരഞ്ഞെടുപ്പിൽ തോറ്റതിന് പിന്നാലെ ഐസ് ഹോക്കി ഫെഡറേഷൻ വഴി ജനറൽ അസംബ്ലിയിലേക്ക് എത്തിയ പിടി ഉഷ മത്സരിക്കുമെന്ന് ശക്തമായ സൂചനയുണ്ടായിരുന്നെങ്കിലും പത്രിക നൽകാൻ എത്തിയില്ല. ഇതോടെ ഐഒഎ അധ്യക്ഷ സ്ഥാനത്തുനിന്നും ഉഷയുടെ പടിയിറക്കം ഉറപ്പായി. അധ്യക്ഷ സ്ഥാനത്തേക്ക് വൻ ചരടുവലികളാണ് അവസാന നിമിഷം വരെ നടക്കുന്നത്. ദില്ലിയിലെ ബിജെപി നേതാവായ വീരേന്ദ്ര സച്ദേവ, മുൻ ഷൂട്ടിം​ഗ് താരം ​ഗ​ഗൻ നരം​ഗ്, മുൻ ഐഒഎ സെക്രട്ടറി ജനറൽ സഞ്ജീവ് മേത്ത എന്നിവരാണ് പത്രിക നൽകിയത്. വൈസ് പ്രസിഡന്റ് സ്ഥാനത്തേക്കാണ് അഞ്ജു ബോബി ജോർജ് മത്സരിക്കുന്നത്. സച്ദേവയും ​ഗ​ഗൻ നരം​ഗും വൈസ് പ്രസിഡന്റ് സ്ഥാനത്തേക്കും പത്രിക നൽകിയിട്ടുണ്ട്. സച്ദേവയുടെ പാനലിനൊപ്പമാണ് അഞ്ജുവെന്നാണ് സൂചന.

സുമൻ കൗശിക്, വിജേന്ദർ സിം​ഗ് എന്നിവരും വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് പത്രിക നൽകിയിട്ടുണ്ട്. ​ഗ​ഗൻ നരം​ഗിനാണ് അധ്യക്ഷ സ്ഥാനത്തേക്ക് സർക്കാറിന്റെ പിന്തുണയെന്ന് നേരത്തെ സൂചനകളുണ്ടായിരുന്നുവെങ്കിലും, വീരേന്ദ്ര സച്ദേവയുടെവരവ് നിർണായകമായി. സൂക്ഷ്മ പരിശോധന പൂർത്തിയാക്കി ഡിസംബർ മൂന്നിന് സ്ഥാനാർത്ഥി പട്ടിക പ്രസിദ്ധീകരിക്കും. അഞ്ചിനാണ് വോട്ടെടുപ്പും ഫല പ്രഖ്യാപനവും.

YouTube video player