
ദില്ലി: മുതിർന്ന ബിജെപി നേതാവ് എൽകെ അദ്വാനിയെ പ്രശംസിച്ച ശശി തരൂരിന്റെ പ്രസ്താവനക്ക് പിന്നാലെ കോൺഗ്രസിനെ രൂക്ഷമായി വിമർശിച്ചും തരൂരിന് പരോഷ പിന്തുണ നൽകിയും ബിജെപി രംഗത്ത്. ഐ എൻ സി ഇപ്പോൾ ഇൻടോളററ്റ് നാഷണൽ കോൺഗ്രസ് ആയോ എന്നും പൊതുജീവിതത്തിൽ അടിസ്ഥാന മര്യാദ പ്രകടിപ്പിക്കുന്നത് പാർട്ടിക്ക് സഹിക്കാൻ പോലും കഴിയില്ലേ എന്നും ബിജെപി ദേശീയ വക്താവ് സി.ആർ. കേശവൻ ചോദിച്ചു.
കോൺഗ്രസിനുള്ളിലും ഗാന്ധി കുടുംബത്തിലും ആഴത്തിൽ വേരൂന്നിയ അരക്ഷിതാവസ്ഥയുണ്ടെന്നും പാർട്ടിയുടെ ഇപ്പോഴത്തെ തകർച്ചയ്ക്ക് പിന്നിലെ പ്രേരകശക്തിയായി നെഹ്‌റു-ഗാന്ധി പരമ്പരയുണ്ടെന്നും കേശവൻ പറഞ്ഞു. ഈ വികാരങ്ങൾ പ്രകടിപ്പിക്കുന്നതിൽ തരൂർ ഒറ്റയ്ക്കല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നെഹ്റു-ഗാന്ധി കുടുംബത്തിന്റെ അർഹതയില്ലാത്ത നേതൃത്വത്തിന് കീഴിൽ പല കോൺഗ്രസ് നേതാക്കളും ശ്വാസംമുട്ടൽ അനുഭവിക്കുന്നു. അടിയന്തരാവസ്ഥയുടെ മുൻവിധിയോടെയുള്ള, അസഹിഷ്ണുത നിറഞ്ഞ ഒരു മാനസികാവസ്ഥ മാത്രമാണ് കോൺഗ്രസ് പാർട്ടിക്കുള്ളതെന്നും വക്താവ് പറഞ്ഞു.
ബിജെപി വക്താവ് ഷെഹ്‌സാദ് പൂനവാലയും കോൺഗ്രസിനെതിരെ രംഗത്തെത്തി. കോൺഗ്രസ് അടിയന്തരാവസ്ഥ കാലത്തെ മാനസികാവസ്ഥ പ്രകടിപ്പിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു. ഇന്ദിരാഗാന്ധിയുടെ അടിയന്തരാവസ്ഥാ രീതിയിലുള്ള പെരുമാറ്റത്തെ പ്രതിഫലിപ്പിക്കുന്നതിനാൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ് ' എന്നതിൽ നിന്ന് 'ഇന്ദിരാ നാസി കോൺഗ്രസ്' എന്നാക്കി മാറ്റണം. ഭാരതരത്ന അദ്വാനിക്ക് ശശി തരൂർ നൽകിയ ജന്മദിനാശംസയ്ക്ക്, പാർട്ടി തരൂരിനെതിരെ 'ഫത്‌വ' പുറപ്പെടുവിച്ചിരിക്കുകയാണെന്നും പൂനാവാല പറഞ്ഞു.
ശനിയാഴ്ചയാണ് തരൂർ ‘സേവന ജീവിതം മാതൃകാപരമാക്കിയ ഒരു യഥാർത്ഥ രാഷ്ട്രതന്ത്രജ്ഞൻ’ എന്ന് അദ്വാനിയെ വിശേഷിപ്പിച്ചത്. പിന്നാലെ കോൺഗ്രസ് അനുഭാവികൾ ഓൺലൈനിൽ പ്രതിഷേധവുമായി രംഗത്തെത്തി. വിഭാഗീയ രാഷ്ട്രീയത്തിൽ അദ്വാനിയുടെ പങ്കിനെ തരൂർ വെള്ളപൂശുകയാണെന്ന് വിമർശകർ ആരോപിച്ചു. രാമജന്മഭൂമി പ്രസ്ഥാനത്തിൽ അദ്വാനിയുടെ പങ്കിനെ പരോക്ഷമായി പരാമർശിച്ചുകൊണ്ട് അഭിഭാഷകൻ സഞ്ജയ് ഹെഗ്‌ഡെയും രംഗത്തെത്തി. എന്നാൽ അദ്വാനിയുടെ രാഷ്ട്രീയ ജീവിതത്തെ രാമജന്മഭൂമി പ പ്രശ്നത്തിലേക്ക് മാത്രം ചുരുക്കുന്നത് ശരി കേടാണെന്നായിരുന്നു തരൂരിന്റെ മറുപടി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam