
ദില്ലി: നിരോധിത ഭീകര സംഘടനകളുമായി ബന്ധമുള്ള ഒരു ഭീകര നെറ്റ്‍വർക്ക് തകര്‍ത്ത് ജമ്മു കശ്മീർ, ഹരിയാന പൊലീസ് സേനകൾ. ഹരിയാനയിലെ ഫരീദാബാദിലുള്ള ഒരു മെഡിക്കൽ കോളേജുമായി ബന്ധമുള്ള ഡോക്ടർമാരിൽ നിന്ന്, സ്ഫോടകവസ്തുക്കൾ നിർമ്മിക്കാൻ ഉപയോഗിക്കുന്ന 360 കിലോഗ്രാം അമോണിയം നൈട്രേറ്റ്, ഒരു അസോൾട്ട് റൈഫിൾ, വൻ ആയുധ ശേഖരം എന്നിവ പിടിച്ചെടുത്തു. രാജ്യവ്യാപകമായി നടന്ന പരിശോധനയിൽ ഏഴുപേരെ അറസ്റ്റ് ചെയ്തതെന്ന് ജമ്മുകശ്മീർ പൊലീസ് സ്ഥിരീകരിച്ചു.
മെഡിക്കൽ കോളേജിലെ ഡോക്ടറായ ഡോ. മുസാമിൽ ഷക്കീലിനെയാണ് ആദ്യം അറസ്റ്റ് ചെയ്തത്. ഞായറാഴ്ച അൽ ഫലാഹ് ആശുപത്രിക്ക് സമീപം ഇയാൾ വാടകയ്ക്ക് എടുത്ത വീട്ടിൽ നിന്ന് രാസവസ്തുക്കൾ കണ്ടെത്തിയതിനെ തുടർന്നായിരുന്നു അറസ്റ്റ്. ഇതേ ആശുപത്രിയിൽ ജോലി ചെയ്യുന്ന ഒരു വനിതാ ഡോക്ടറുടെ കാറിൽ നിന്ന് ഒരു കരോം കോക്ക് അസോൾട്ട് റൈഫിളും കണ്ടെത്തി. ഇവരെ ചോദ്യം ചെയ്യലിനായി കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മറ്റൊരു ഡോക്ടറായ ഡോ. ആദിൽ അഹമ്മദ് റാത്തറിനെ നേരത്തെ ആയുധക്കേസുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തിരുന്നു.
ഇയാളെ ചോദ്യം ചെയ്തതിൽ നിന്ന് ലഭിച്ച നിർണായക വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് തിങ്കളാഴ്ചത്തെ റെയ്ഡ് നടത്തിയത്. ഈ ശൃംഖലയുടെ ഭാഗമെന്ന് സംശയിക്കുന്ന മറ്റൊരു ഡോക്ടർക്കായി ഫരീദാബാദിലും പരിസരങ്ങളിലും തെരച്ചിൽ നടക്കുന്നുണ്ട്. മുസാമിലുമായി നിരന്തര സമ്പർക്കം പുലർത്തിയിരുന്ന ഫരീദാബാദിലെ പള്ളിയിലെ മുഖ്യ പുരോഹിതനായ (ഇമാം) ഇഷ്തിയാഖിനെയും അന്വേഷണ സംഘം അറസ്റ്റ് ചെയ്തതായി അധികൃതർ അറിയിച്ചു.
മൂന്ന് മാഗസിനുകളും 83 തിരകളുമുള്ള ഒരു അസോൾട്ട് റൈഫിൾ, എട്ട് തിരകളുള്ള ഒരു പിസ്റ്റൾ, രണ്ട് ഒഴിഞ്ഞ കാട്രിഡ്ജുകൾ, രണ്ട് അധിക മാഗസിനുകൾ, 360 കിലോ അമോണിയം നൈട്രേറ്റ് (സംശയിക്കുന്ന സ്ഫോടക രാസവസ്തു),എട്ട് വലിയ സ്യൂട്ട്കേസുകളും നാല് ചെറിയ സ്യൂട്ട്കേസുകളും, 20 ടൈമറുകൾ (ബാറ്ററികളോടൊപ്പം), 24 റിമോട്ട് കൺട്രോളുകൾ, അഞ്ച് കിലോ ഭാരമുള്ള ലോഹം, വാക്കി-ടോക്കി സെറ്റുകൾ, ഇലക്ട്രിക് വയറിംഗ്, ബാറ്ററികൾ, മറ്റ് നിരോധിത വസ്തുക്കൾ, വനിതാ ഡോക്ടറുടെ മാരുതി സ്വിഫ്റ്റ് കാർ എന്നിവയാണ് പിടിച്ചെടുത്തത്.
ഫരീദാബാദിലെ ധോജ് ഏരിയയിൽ ഡോ. ഷക്കീൽ വാടകയ്ക്ക് എടുത്ത മുറിയിലാണ് അമോണിയം നൈട്രേറ്റ് സൂക്ഷിച്ചിരുന്നതെന്ന് അന്വേഷണത്തിൽ കണ്ടെത്തി. ഏകദേശം 15 ദിവസം മുമ്പ് എത്തിച്ച ഈ രാസവസ്തുക്കൾ എട്ട് വലിയതും നാല് ചെറുതുമായ സ്യൂട്ട്കേസുകളിലാണ് ഒളിപ്പിച്ചത്. ഡോ. റാത്തറിന്‍റെ കശ്മീർ താഴ്‌വരയിലെ ഒരു ലോക്കറിൽ നിന്ന് നേരത്തെ എകെ-47 റൈഫിളും വെടിക്കോപ്പുകളും പൊലീസ് കണ്ടെത്തിയിരുന്നു. ശ്രീനഗറിൽ ജെയ്ഷ്-എ-മുഹമ്മദിനെ പിന്തുണച്ച് പോസ്റ്ററുകൾ ഒട്ടിച്ചതുമായി ബന്ധപ്പെട്ട കേസിലും ഷക്കീൽ പ്രതിയാണെന്ന് ഫരീദാബാദ് കമ്മീഷണർ സത്യേന്ദർ കുമാർ ഗുപ്ത പറഞ്ഞു.
ജെയ്ഷ്-എ-മുഹമ്മദ്, അൻസാർ ഗസ്‌വത്ത്-ഉൽ-ഹിന്ദ് എന്നിവയുമായി ബന്ധമുള്ള 'വൈറ്റ് കോളർ ഭീകര ഇക്കോസിസ്റ്റം' എന്ന് പൊലീസ് വിശേഷിപ്പിക്കുന്ന വലിയ ഭീകരവിരുദ്ധ ഓപ്പറേഷൻ്റെ ഭാഗമാണ് ഈ അറസ്റ്റുകളെന്ന് അധികൃതർ വ്യക്തമാക്കി. ജമ്മു കശ്മീരിൽ നിന്നും മറ്റ് സ്ഥലങ്ങളിൽ നിന്നും ഇതിനോടകം നിരവധി പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. പാകിസ്ഥാനിൽ നിന്നും മറ്റ് രാജ്യങ്ങളിൽ നിന്നും പ്രവർത്തിക്കുന്ന വിദേശ ഹാൻഡലർമാരുമായി ബന്ധമുള്ള തീവ്രവാദികളായ പ്രൊഫഷണലുകളും വിദ്യാർത്ഥികളും ഉൾപ്പെടുന്ന ഒരു വൈറ്റ് കോളർ ഭീകര ശൃംഖലയെയാണ് അന്വേഷണത്തിലൂടെ കണ്ടെത്തിയതെന്നാണ് പൊലീസ് വിശദീകരണം.
ആളുകളെ തീവ്രവാദത്തിലേക്ക് ആകർഷിക്കുകയും റിക്രൂട്ട് ചെയ്യുകയും ഫണ്ട് സ്വരൂപിക്കുകയും ആയുധങ്ങൾ, വെടിക്കോപ്പുകൾ, ഐഇഡികൾ നിർമ്മിക്കുന്നതിനുള്ള വസ്തുക്കൾ എന്നിവ ശേഖരിക്കുകയും ചെയ്യുന്നതിൽ പ്രതികൾ പങ്കാളികളായിരുന്നു എന്നും അധികൃതർ കൂട്ടിച്ചേർത്തു. സമീപ വർഷങ്ങളിൽ കശ്മീർ താഴ്‌വരയുമായി ബന്ധപ്പെട്ട് പിടിച്ചെടുത്ത സ്ഫോടകവസ്തുക്കളുടെ ഏറ്റവും വലിയ ശേഖരങ്ങളിലൊന്നാണിതെന്ന് അധികൃതർ വിശേഷിപ്പിച്ചു. കൂടുതൽ പേരെ അറസ്റ്റ് ചെയ്യാനും കൂടുതൽ വസ്തുക്കൾ കണ്ടെടുക്കാനും സാധ്യതയുണ്ടെന്ന് പൊലീസ് വൃത്തങ്ങൾ അറിയിച്ചു. പ്രതികൾക്കെതിരെ ആംസ് ആക്ടിലെ സെക്ഷൻ 7, 25, യുഎപിഎയിലെ (UAPA) സെക്ഷൻ 13, 28, 38, 39 എന്നിവ പ്രകാരമാണ് കേസെടുത്തിട്ടുള്ളത്.