
ദില്ലി: കേരളത്തിലെ തദ്ദേശ തെരഞ്ഞെടുപ്പ് ഫലം കോൺഗ്രസിന്റെ വോട്ട് ചോരി ആരോപണത്തിനെതിരെ ആയുധമാക്കി ബിജെപി. ഫലം അനുകൂലമല്ലാത്തപ്പോഴെല്ലാം ഇവിഎമ്മിനെ കുറ്റം പറയുകയാണ് രാഹുൽ ഗാന്ധി ചെയ്യുന്നതെന്നും ഫലം അനുകൂലമായപ്പോൾ രാഹുൽ സ്വീകരിക്കുന്നുവെന്നും ബിജെപി കുറ്റപ്പെടുത്തി. ഇരട്ടത്താപ്പ് ജനാധിപത്യത്തെ ദുർബലമാക്കുമെന്നും, സംവിധാനത്തിൽ ജനങ്ങൾക്കുള്ള വിശ്വാസം ഇല്ലാതാക്കുമെന്നും ബിജെപി വക്താവ് അമിത് മാളവ്യ പറഞ്ഞു. ഒഴിവുകഴിവുകളല്ല, തോൽവിയും അംഗീകരിക്കുന്ന നേതാക്കളെയാണ് ജനാധിപത്യത്തിന് വേണ്ടത്. ഈ വിഷയത്തിൽ പ്രതിപക്ഷം ഗൗരവമായ പുനർ ചിന്തനം നടത്തണമെന്നും അമിത് മാളവ്യ ആവശ്യപ്പെട്ടു.
ഇന്ന് വോട്ട് ചോരിക്കെതിരെ മഹാറാലി കോൺഗ്രസ് ദില്ലിയില് സംഘടിപ്പിക്കുമ്പോഴാണ് ബിജെപി വിമർശനം കടുപ്പിക്കുന്നത്. അമിത് മാളവ്യയുടെ പ്രതികരണത്തിനെതിരെ കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് രംഗത്തെത്തി. എന്തുകൊണ്ടാണ് ഇവിഎമ്മിനെ തന്നെ അവർ ആശ്രയിക്കുന്നതെന്നും ചലഞ്ച് കണക്കിലെടുത്ത് അത് വേണ്ടെന്നു വയ്ക്കാൻ അവർക്ക് കഴിയാത്തതെന്താണെന്നും അദ്ദേഹം ചോദിച്ചു. അഖിലേന്ത്യ നേതൃത്വം നേരത്തെ കാര്യങ്ങൾ വ്യക്തമാക്കിയിട്ടുണ്ട്. തിരുവനന്തപുരം കോർപ്പറേഷൻ എൻഡിഎ വിജയം ലഡുവിന്റെ മുകളിലെ മുന്തിരി പോലെയാണ്. മൊത്തത്തിൽ ബിജെപിക്ക് വലിയ നേട്ടമില്ല. തൃശ്ശൂരിൽ പോലും തോറ്റു. യുഡിഎഫിന്റെ ചരിത്ര വിജയത്തിൽ ഇതിനൊന്നും പ്രസക്തിയില്ലെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam