
ദില്ലി: വോട്ട് കൊള്ള ആരോപണത്തിൽ രാഹുൽ ഗാന്ധിയുടെ ആരോപണങ്ങളിൽ പിശകുണ്ടെന്ന മാധ്യമ റിപ്പോർട്ട് ആയുധമാക്കി ബിജെപി. രാഹുൽ ഗാന്ധിയേക്കാൾ ഒരാൾക്ക് എങ്ങനെ മണ്ടനാകാനാകുമെന്ന് അമിത് മാളവ്യ പ്രതികരിച്ചു. രാജകുമാരനോട് ആരാണ് സത്യം പറഞ്ഞു കൊടുക്കുകയെന്നും അദ്ദേഹം ചോദിക്കുന്നു. 22 തവണ വോട്ടർ പട്ടികയിൽ വന്ന ബ്രസീലിയൻ യുവതി ഇതുവരെ ഇന്ത്യയിൽ വന്നിട്ടില്ല. ബ്രസീൽ വിട്ട് പോയിട്ടില്ലെന്നും താൻ മോഡൽ അല്ലെന്നും ഹെയർ ഡ്രസ്സർ ആണെന്നും ലാരിസ്സ നേരി ഇംഗ്ലീഷ് മാധ്യമത്തോട് പറഞ്ഞിരുന്നു. ചിത്രം എടുത്തത് 8 വർഷം മുൻപ് സുഹൃത്തായ ഫോട്ടോഗ്രാഫർ ആണ്. ഇത് ആദ്യം എഐയാണെന്ന് തെറ്റിദ്ധരിച്ചു. ബ്രസീലിലാണ് ഇത് സംഭവിച്ചതെങ്കിൽ താൻ നിയമനടപടി സ്വീകരിക്കുമായിരുന്നുവെന്നും ലാരിസ്സ പ്രതികരിച്ചിരുന്നു. ഇതാണ് ഇപ്പോൾ ബിജെപി ഏറ്റെടുത്തിരിക്കുന്നത്.
അതേ സമയം, ഹരിയാനയിൽ വോട്ടർ പട്ടികയിൽ ക്രമക്കേട് നടത്തിയെന്ന ആരോപണത്തിൽ രാഹുൽ ഗാന്ധിക്ക് ഹരിയാന തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ കത്ത്. ആരോപണത്തിൽ രേഖാമൂലം പരാതി നൽകണം എന്നാവശ്യപ്പെട്ടാണ് കത്ത് നൽകിയത്. കഴിഞ്ഞ ദിവസമാണ് ഹരിയാനയിൽ വോട്ടർ പട്ടികയിൽ വൻ ക്രമക്കേട് നടന്നുവെന്നും കോൺഗ്രസിനെ തോൽപ്പിക്കാൻ വൻ ഗൂഢാലോചന നടത്തിയെന്നും ആരോപിച്ച് രാഹുൽ രാഗത്തെത്തിയത്. അതേസമയം, രാഹുൽ ഗാന്ധി നടത്തിയ ഓപ്പറേഷൻ സർക്കാർ ചോരി ആരോപണത്തിന് പിന്നാലെ വെളിപ്പെടുത്തലുമായി ഹരിയാനയിലെ വോട്ടര്‍ രംഗത്തെത്തി. രാഹുൽ ഗാന്ധി പരാമർശിച്ച 'സ്വീറ്റി' യഥാർത്ഥ വോട്ടറെന്നാണ് റിപ്പോർട്ട്. 2012 ൽ കിട്ടിയ തിരിച്ചറിയൽ കാർഡ് ഉപയോഗിച്ച് വോട്ടു ചെയ്തു എന്ന് സ്വീറ്റി ഒരു ഇംഗ്ലീഷ് മാധ്യമത്തോട് വ്യക്തമാക്കി.
ഹരിയാനയിൽ കോൺഗ്രസിനെ പരാജയപ്പെടുത്താൻ വൻ ഗൂഢാലോചന നടന്നു. ഒരു യുവതി 22 തവണ 10 ബൂത്തുകളിലായി വോട്ട് ചെയ്തുവെന്നും സീമ, സ്വീറ്റി, സരസ്വതി എന്നീ പേരുകളിലാണ് വോട്ട് ചെയ്തതെന്നും രാഹുൽ ഗാന്ധി പറഞ്ഞു. രേഖകൾ പ്രദർശിപ്പിച്ചു കൊണ്ടായിരുന്നു രാഹുൽ ഇക്കാര്യം അവതരിപ്പിച്ചത്. ഇത് കേന്ദ്രീകൃതമായി നടന്ന ഓപ്പറേഷൻ ആണെന്നും എട്ടു സീറ്റുകളിൽ 22 മുതൽ നാലായിരം വരെ വോട്ടുകളുടെ വ്യത്യാസത്തിലാണ് പോയതെന്നും രാഹുൽ പറഞ്ഞു. 25 ലക്ഷം കള്ള വോട്ടുകൾ നടന്നു, 5 ലക്ഷത്തിലധികം ഡ്യൂപ്ലിക്കേറ്റ് വോട്ടുകൾ ഉണ്ടായിരുന്നു. 93174 തെറ്റായ വിലാസങ്ങളും 19 ലക്ഷത്തിൽ അധികം ബൾക്ക് വോട്ടുകളുമായിരുന്നു. എട്ടിൽ ഒന്ന് വോട്ടുകൾ ഹരിയാനയിൽ വ്യാജമാണ്. ഇതുകൊണ്ട് 22000 വോട്ടിന് കോൺഗ്രസ് തോറ്റുവെന്നും രാഹുൽ ഗാന്ധി പറഞ്ഞു.