തമിഴ്‍നാട്ടില്‍ ബിജെപിയുടെ വെട്രിവേല്‍ യാത്ര പൊലീസ് തടഞ്ഞു ; നൂറോളം പ്രവര്‍ത്തകര്‍ അറസ്റ്റില്‍

By Web TeamFirst Published Nov 6, 2020, 3:12 PM IST
Highlights

പ്രധാനമന്ത്രി നരേന്ദ്ര മോദി എംജിആറിന്‍റെ പിൻഗാമി എന്ന് വിശേഷിപ്പിച്ചാണ് യാത്ര. യോഗി ആദിത്യനാഥ് ഉൾപ്പടെയുള്ള നേതാക്കൾ അടുത്ത ആഴ്ച തമിഴ്നാട്ടിലെത്തും.

ചെന്നൈ: തമിഴ്‍നാട്ടില്‍ ബിജെപിയുടെ വെട്രിവേല്‍ യാത്ര പൊലീസ് തടഞ്ഞു. ബിജെപി തമിഴ്നാട് അധ്യക്ഷൻ എൽ മുരുകൻ അടക്കമുള്ള നേതാക്കളെ അറസ്റ്റ് ചെയ്തു. തിരുവള്ളൂരില്‍ വച്ചാണ് പൊലീസ് യാത്ര തടഞ്ഞത്. രാവിലെ പൂനമല്ലിക്ക് സമീപത്തും പൊലീസ് യാത്ര തടഞ്ഞിരുന്നു. മുരുകന്‍റെ ആറ് ക്ഷേത്രങ്ങൾ കേന്ദ്രീകരിച്ച് തമിഴ്നാട്ടിലുടനീളം സ്വീകരണ പരിപാടികളുമായാണ് ഒരു മാസം നീണ്ട് നിൽക്കുന്ന വേൽയാത്ര. എന്നാൽ ബാബ്റി മസ്ജിത്ത് തകർത്തതിന്‍റെ വാർഷിക ദിനമായ ഡിസംബർ 6 ന് അവസാനിക്കുന്ന വേൽ യാത്ര വർഗീയ വിദ്വേഷം ലക്ഷ്യമിട്ടെന്ന് ഡിഎംകെ, സിപിഎം ഉൾപ്പടെ ആരോപിക്കുന്നു. 

പ്രധാനമന്ത്രി നരേന്ദ്ര മോദി എംജിആറിന്‍റെ പിൻഗാമി എന്ന് വിശേഷിപ്പിച്ചാണ് യാത്ര. യോഗി ആദിത്യനാഥ് ഉൾപ്പടെയുള്ള നേതാക്കൾ  അടുത്ത ആഴ്ച തമിഴ്നാട്ടിലെത്തും. സമാപന സമ്മേളനത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിക്കൊപ്പം രജനീകാന്തിനെ വേദിയെലത്തിക്കാനും ചർച്ചകൾ സജീവമാണ്. മാറ്റത്തിന്‍റെ  തുടക്കമെന്നും സമാപന സമ്മേളനം പുതിയ സഖ്യ സമ്മേളനത്തിന്‍റെ വേദിയാകുമെന്നും ബിജെപി അവകാശപ്പെട്ടു. കൊവിഡ് വ്യാപനം ചൂണ്ടിക്കാട്ടിയാണ് അണ്ണാ ഡിഎംകെ സർക്കാർ അനുമതി നിഷേധിച്ചത്. അണ്ണാഡിഎംകെയുടെ അപ്രതീക്ഷിത നീക്കത്തിൽ ബിജെപിക്കുള്ളിൽ അതൃപ്തി പുകയുകയാണ്. 

click me!