
ദില്ലി: ജി20 അധ്യക്ഷസ്ഥാനം ഏറ്റെടുക്കുന്നതിന്റെ ഭാഗമായി ഇന്ത്യ പുറത്തിറക്കിയ പുതിയ ലോഗോയിൽ താമരച്ചിഹ്നം ഉള്ളതിനെച്ചൊല്ലി കോൺഗ്രസ്- ബി ജെ പി പോര്. ബിജെപി തെരഞ്ഞെടുപ്പ് ചിഹ്നം ജി20 ചിഹ്നമായി ഉപയോഗിക്കുന്നത് ഞെട്ടലുണ്ടാക്കിയെന്ന് കോൺഗ്രസ് നേതാവ് ജയറാം രമേശ് ട്വീറ്റ് ചെയ്തു. നെഹ്റുവിന്റെ കാലത്ത് താമര ദേശീയ ചിഹ്നമായി തെരഞ്ഞെടുത്തപ്പോൾ കോൺഗ്രസിന് ഞെട്ടലുണ്ടായിരുന്നില്ലേ എന്ന് ബിജെപി മറുപടി ട്വീറ്റ് ചെയ്തു.
70 വർഷം മുമ്പ് കോൺഗ്രസ് പതാക ദേശീയ പതാകയാക്കാനുള്ള ശുപാർശ ജവഹർലാൽ നെഹ്റു നിരസിച്ചതാണ്. ബിജെപി ഇപ്പോൾ അവരുടെ തെരഞ്ഞെടുപ്പ് ചിഹ്നം ജി20 പ്രസിഡൻസിയിൽ ഇന്ത്യയുടെ ഔദ്യോഗിക ചിഹ്നമാക്കിയിരിക്കുകയാണ്. ഞെട്ടിപ്പിക്കുന്ന കാര്യമാണ്. പാർട്ടി പ്രചാരണത്തിനുള്ള ഒരവസരവും മോദിയും ബിജെപിയും വിട്ടുകളയില്ലെന്ന് മനസിലായല്ലോ. ജയറാം രമേശ് ട്വീറ്റ് ചെയ്തു.
ഇൻഫർമേഷൻ & ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയം സീനിയർ അഡ്വൈസർ കാഞ്ചൻ ഗുപ്ത മറുപടി ട്വീറ്റിൽ കോൺഗ്രസിനെതിരെ ആഞ്ഞടിച്ചു. 60 വർഷം മുമ്പ് ജവഹർലാൽ നെഹ്റു പ്രധാനമന്ത്രിയായിരുന്നപ്പോഴാണ് താമര ദേശീയ ചിഹ്നമാക്കിയത്. അന്ന് താങ്കൾക്ക് ഞെട്ടലില്ലായിരുന്നോ. അതുമാത്രമല്ല കോൺഗ്രസ് സർക്കാരുകൾ താമര ചിഹ്നം നാണയങ്ങളിൽ അച്ചടിച്ചിട്ടുമുണ്ടല്ലോ, അദ്ദേഹം ട്വീറ്റ് ചെയ്തു.
ചൊവ്വാഴ്ചയാണ് ജി20 അധ്യക്ഷതയ്ക്കുള്ള ഇന്ത്യയുടെ ലോഗോ പ്രധാനമന്ത്രി നരേന്ദ്രമോദി പ്രകാശനം ചെയ്തത്. താമരപ്പൂവിലെ ഏഴിതളുകൾ ഏഴ് ഭൂഖണ്ഡങ്ങളുടെയും സംഗീതത്തിലെ ഏഴ് സ്വരങ്ങളുടെയും പ്രതികമാണെന്നും ലോകം ഐക്യത്തിലാണെന്ന സന്ദേശം പകരുന്നതാണെന്നും മോദി പറഞ്ഞിരുന്നു. വസുധൈവ കുടുംബകം എന്നതാണ് ഇന്ത്യ ലോകത്തിന് നൽകുന്ന സ്നേഹസമ്മാനം. താമര ഇന്ത്യയുടെ സാംസ്കാരിക പൈതൃകത്തെയും ലോകത്തെ ഒന്നിപ്പിക്കാനുള്ള പ്രതീക്ഷയെയും സൂചിപ്പിക്കുന്നതാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
Read Also: 'താമരയും, വസുധൈവ കുടുംബകവും' : ഇന്ത്യയുടെ പുതിയ ജി20 ലോഗോ
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam