അമേരിക്കൻ പ്രസിഡന്റ് ഡോൺൾഡ് ട്രംപുമായി ഫോണിൽ സംസാരിച്ചതായി പ്രധാനമന്ത്രി നരേന്ദ്ര മോദി അറിയിച്ചു. തീരുവ 18 ശതമാനമായി കുറച്ചതിന് മോദി നന്ദി അറിയിച്ചു. പ്രതികരണത്തിൽ 'വ്യാപാര കരാർ' എന്ന പരാമർശം ഉപയോഗിച്ചില്ല.

ദില്ലി: അമേരിക്കൻ പ്രസിഡന്റ് ഡോൺൾഡ് ട്രംപുമായി ഫോണിൽ സംസാരിച്ചുവെന്ന് നരേന്ദ്ര മോദി. 18 ശതമാനത്തിലേക്ക് തീരുവ കുറച്ചതിന് ട്രംപിന് നന്ദിയെന്ന് മോദി എക്സിലും ഫേസ്ബുക്കിലും കുറിച്ചു. എന്നാൽ, വ്യാപാര കരാർ ആയെന്ന് സ്ഥിരീകരിക്കാതെയായിരുന്നു പ്രധാനമന്ത്രിയുടെ പ്രതികരണം. 'വ്യാപാര കരാർ' എന്ന പരാമർശം പോസ്റ്റിൽ ഉപയോഗിച്ചില്ല. അതേ സമയം, ട്രംപിൻറെ നേതൃത്വം ലോകസമാധാനത്തിന് സഹായകരമെന്നും ട്രംപിൻറെ സമാധാന ശ്രമങ്ങളെ പിന്തുണയ്ക്കുമെന്നും പ്രധാനമന്ത്രി. രണ്ടു സാമ്പത്തിക വ്യവസ്ഥകൾ ഒന്നിച്ചു വരുന്നത് ജനങ്ങൾക്ക് ഗുണകരമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇതോടെ, റഷ്യൻ എണ്ണ വാങ്ങുന്നതിന് ഏർപ്പെടുത്തിയ 25 ശതമാനം അധിക തീരുവയും പിൻവലിക്കും. ഇന്ത്യയ്ക്കുള്ള യുഎസ് തീരുവ 50ൽ നിന്ന് 18 ലേക്ക് ആകും.

അതേ സമയം, 'ട്രേഡ് ഡീൽ' എന്ന പരാമർശം ആവർത്തിച്ച് യുഎസ് അംബാസഡർ സെർജിയോ ഗോ‍ർ സാമൂഹ്യമാധ്യമങ്ങളിൽ കുറിച്ചു. പ്രധാനമന്ത്രിയെ ഡോൺഡ് ട്രംപ് യഥാർത്ഥ സുഹൃത്തായി കാണുന്നു എന്നും ഗോർ. എന്നാൽ, ഇന്ത്യ-അമേരിക്ക വ്യാപാര കരാറിൽ ധാരണയായെന്ന അവകാശവാദവുമായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അറിയിച്ചു. പകരം തീരുവ 25 ശതമാനത്തിൽ നിന്ന് 18 ശതമാനമായി കുറയ്ക്കുമെന്നും ട്രംപ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ട്രംപ് ഫോണിൽ സംസാരിച്ചു. റഷ്യൻ എണ്ണ വാങ്ങുന്നത് നിർത്താമെന്ന് മോദി സമ്മതിച്ചതായും ട്രംപ് അവകാശപ്പെട്ടു.