Latest Videos

'ഹിന്ദു' വിവാദം അവസാനിക്കുന്നില്ല; ജാർക്കിഹോളിയുടെ പ്രസ്താവനയ്ക്ക് പിന്നാലെ പുതിയ നിർവ്വചനവുമായി ബിജെപി നേതാവ്

By Web TeamFirst Published Nov 9, 2022, 4:06 PM IST
Highlights

ഹിന്ദു എന്ന വാക്കിന്റെ ഉദ്ഭവം പേർഷ്യനിൽ നിന്നാണെന്നും അതിന്റെ അർത്ഥം അശ്ലീലമാണെന്നുമുള്ള ജാർക്കിഹോളിയുടെ പ്രസ്താവന വലിയ വിവാദമായിരുന്നു. ഹിന്ദു എന്നൊരു മതമില്ലെന്നും അതൊരു ജീവിതരീതിയാണെന്നുമാണ് ഇപ്പോൾ ബിജെപി നേതാവ് പ്രതികരിച്ചിരിക്കുന്നത്. 

ബം​ഗളൂരു: കോൺ​ഗ്രസ് നേതാവ് സതീഷ് ജാർക്കിഹോളിയുടെ വിവാദ പ്രസ്താവനയ്ക്ക് പിന്നാലെ ഹിന്ദു എന്ന പദത്തിന് സ്വന്തം നിർവ്വചനം നൽകി ബിജെപി നേതാവ് രമേഷ് ഖാട്ടി. ഹിന്ദു എന്ന വാക്കിന്റെ ഉദ്ഭവം പേർഷ്യനിൽ നിന്നാണെന്നും അതിന്റെ അർത്ഥം അശ്ലീലമാണെന്നുമുള്ള ജാർക്കിഹോളിയുടെ പ്രസ്താവന വലിയ വിവാദമായിരുന്നു. ഹിന്ദു എന്നൊരു മതമില്ലെന്നും അതൊരു ജീവിതരീതിയാണെന്നുമാണ് ഇപ്പോൾ ബിജെപി നേതാവ് പ്രതികരിച്ചിരിക്കുന്നത്. 

"ഹൈന്ദവികത വലിയ ചർച്ചയായിരിക്കുകയാണല്ലോ. ഹിന്ദു മതം എന്നൊന്നില്ല, അതൊരു ജീവിതശൈലിയാണ്. അത് ജീവിക്കാനുള്ള ഒരു രീതിയാണ്". മുൻ എംപി കൂടിയായ രമേഷ് ഖാട്ടി പറഞ്ഞു. താൻ നിരവധി പുസ്തകങ്ങൾ വായിച്ചിട്ടുണ്ട്. എവിടെ നിന്നാണ് ഹിന്ദു എന്ന വാക്ക് വന്നത്, അതൊരു മതമല്ല ദേശീയതയാണെന്നും ബെല​ഗാവിയിൽ പൊതുപരിപാടിയിൽ സംസാരിക്കവേ രമേഷ് ഖാട്ടി പറഞ്ഞു. അതേസമയം, ജാർക്കിഹോളിയുടെ വിവാദപ്രസ്താവനയ്ക്കെതിരെ ബിജെപി കർണാടക ഘടകത്തിന്റെ നേതൃത്വത്തിൽ പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു. 

ഹിന്ദു എന്ന വാക്കിന്റെ അർത്ഥം അശ്ലീലമാണെന്നും അത് അറിഞ്ഞാൽ നാണംകെടുമെന്നുമായിരുന്നു സതീഷ്  ജാർക്കിഹോളിയുടെ പരാമർശം.  ഹിന്ദു എന്ന വാക്കിന്റെ ഉദ്ഭവം പേർഷ്യയിൽ നിന്നാണെന്നും അതിന് ഇന്ത്യയുമായി യാതൊരു ബന്ധവുമില്ലെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയുമായി യാതൊരു ബന്ധവും ഇല്ലെന്നറിഞ്ഞാൽ എത്രപേർ ആ വാക്കിനെ അം​ഗീകരിക്കുമെന്നും ജാർക്കിഹോളി ചോദിച്ചു. "ഹിന്ദു എന്ന വാക്ക്, അത് എവിടെ നിന്നാണ് വന്നത്? അത് നമ്മുടേതാണോ? ആ വാക്ക് പേർഷ്യനാണ്, ഉറാൻ, ഇറാഖ്, ഉസ്ബെക്കിസ്ഥാൻ, കസാഖിസ്ഥാൻ മേഖലകളിൽ നിന്ന് വന്നതാണ്. ഹിന്ദുവും ഇന്ത്യയുമായി എന്താണ് ബന്ധം? അങ്ങനെയുള്ളപ്പോൾ നിങ്ങൾക്ക് എങ്ങനെയാണ് അത് അം​ഗീകരിക്കാനാവുക? ഇക്കാര്യം ചർച്ചയ്ക്ക് വിധേയമാക്കേണ്ടതാണ്". ജാർക്കിഹോളി പറഞ്ഞു. പ്രസ്താവന വിവാദമായതിന് പിന്നാലെ തന്റെ നിലപാടിൽ ഉറച്ചുനിൽക്കുന്നതായും ജാർക്കിഹോളി പറഞ്ഞു. താൻ പറഞ്ഞത് തെറ്റാണെന്ന് തെളിയിച്ചാൽ കോൺ​ഗ്രസ് വർക്കിം​ഗ് പ്രസിഡന്റ് സ്ഥാനം രാജിവെക്കാമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. 
 
ജാർക്കിഹോളിയുടെ പ്രസ്താവനയെ ദേശവിരുദ്ധം എന്നാണ് കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ വിശേഷിപ്പിച്ചത്. രാഹുൽ ​ഗാന്ധി ഈ വിഷയത്തിൽ മൗനം പാലിക്കുകയാണ്. ക്ഷേത്രങ്ങൾ സന്ദർശിക്കുകയും പൂജകൾ നടത്തുകയുമാണ്, അതേസമയം ഇത്തരം പ്രസ്താവനകളെ പരോക്ഷമായി പിന്തുണയ്ക്കുകയുമാണ്. ഇങ്ങനെയുള്ള ഇരട്ടനിലപാട് കോൺ​ഗ്രസിന് ​ഗുണം ചെയ്യില്ലെന്നും അദ്ദേഹം പറഞ്ഞു. 

Read Also: 'ഹിന്ദു'വിന്റെ അർത്ഥമറിഞ്ഞാൽ നിങ്ങൾ നാണംകെടും; വിവാദപ്രസ്താവനയുമായി കോൺ​ഗ്രസ് നേതാവ്

tags
click me!