ലൗ ജിഹാദ് നിയമത്തിനെതിരെ പ്രതിഷേധം ഉയരുമ്പോഴും കൂടുതല്‍ സംസ്ഥാനങ്ങളില്‍ കൊണ്ടു വരാന്‍ ബിജെപി

By Web TeamFirst Published Dec 31, 2020, 11:38 PM IST
Highlights

ലൗ ജിഹാദ് നിയമത്തിനെതിരെ രാജ്യത്ത് പ്രതിഷേധം ശക്തമാകുമ്പോഴും നിയമം കൂടുതല്‍ സംസ്ഥാനങ്ങളില്‍ കൊണ്ടു വരാന്‍ ഉറച്ച് ബിജെപി. 

ദില്ലി: ലൗ ജിഹാദ് നിയമത്തിനെതിരെ രാജ്യത്ത് പ്രതിഷേധം ശക്തമാകുമ്പോഴും നിയമം കൂടുതല്‍ സംസ്ഥാനങ്ങളില്‍ കൊണ്ടു വരാന്‍ ഉറച്ച് ബിജെപി. ലൗ ജിഹാദ് ആരോപണത്തിന്‍റെ മറവില്‍ നിയമം വ്യക്തി സ്വാതന്ത്രത്തെ ഹനിക്കുന്നുവെന്നാണ് ഉയരുന്ന വിമര്‍ശനം.

ഉത്തര്‍പ്രദേശില്‍ നടപ്പാക്കിയ നിയമത്തിന്‍റെ അടിസ്ഥാനത്തില്‍ ഇത് വരെ 14 കേസുകള്‍ രജിസ്റ്റര്‍ ചെയ്യുകയും 49 പേരെ ജയിലാക്കുകയും ചെയ്തിട്ടുണ്ട്. 31 പേരെ കൂടി ഉടൻ അറസ്റ്റ് ചെയ്യുമെന്ന് യുപി പൊലീസ് പറയുന്നു. എന്നാല്‍ രജിസ്റ്റർ ചെയ്ത രണ്ട് കേസുകളില്‍ മാത്രമാണ് സ്ത്രീകള്‍ പരാതിക്കാരായിട്ടുള്ളത്. ബാക്കി മുഴുവന്‍ കേസുകളിലും ബന്ധുക്കളുടെ പരാതിയിലാണ് പൊലീസ് നടപടി.

യുപി, മധ്യപ്രദേശ്, ഹിമാചല്‍ പ്രദേശ് സംസ്ഥാനങ്ങള്‍ക്ക് പുറമെ ഹരിയാനയും കര്‍ണാടകയും ലവ് ജിഹാദ് നിയമം നടപ്പാക്കാനൊരുങ്ങുകയാണ്. എന്നാല്‍  നിയമം വ്യക്തി സ്വാതന്ത്രത്തിനും ലിംഗ സമത്വത്തിനുമെതിരാണെന്നാണ് ഉയരുന്ന വിമര്‍ശനം. വിഷയത്തില്‍ യുപി  മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് കഴിഞ്ഞ ദിവസം 104 മുന്‍ ഐഎസ് ഉദ്യോഗസ്ഥര്‍ കത്തെഴുതിയിരുന്നു.  

ഉത്തര്‍പ്രദേശ് വെറുപ്പിന്‍റെയും വിഭാഗീയതയുടേയും രാഷ്ഡട്രീയത്തിന്‍റെ കേന്ദ്രമായി മാറിയെന്ന് ശിവശങ്കര്‍ മേനോന്‍, ടികെ നായര്‍, നിരുപമ റാവു എന്നിവര്‍ കത്തില്‍ കുറ്റപ്പെടുത്തി. നിയമത്തിനെതിരെ സുപ്രീംകോടതിയിലും ഹര്‍ജികള്‍ എത്തിയിട്ടുണ്ട്. ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 25 അനുസരിച്ച് മതം മാറാനുള്ള സ്വാതന്ത്രം പൗരനുണ്ട്  പുതിയ നിയമം ഇത് ഇല്ലാതാക്കുന്നുവെന്ന് ഹര്‍ജികള്‍ ആരോപിക്കുന്നു. 

ഹര്‍ജികള്‍ എല്ലാം ജനുവരി ആറിന് സുപ്രീംകോടതി പരിഗണിച്ചേക്കും. പ്രതിഷേധം വർധിക്കുമ്പോഴും സിഎഎക്ക് പിന്നാലെ ലവ് ജിഹാദ് നിയമവും ഉയര്‍ത്തിക്കൊണ്ടു വരുകയാണ് ബിജെപിയും കേന്ദ്രസർക്കാരും.

click me!