പണക്കാരെ സുരക്ഷിതരാക്കി നാട്ടിലെത്തിക്കാനാണ് ബിജെപി ശ്രമിച്ചതെന്ന് എഎപി

By Web TeamFirst Published May 18, 2020, 12:22 AM IST
Highlights

സ്ഥിതി ഇത്രയും വഷളാകാൻ കാരണം ബിജെപി ആണെന്ന് ആം ആദ്മി പാര്‍ട്ടി ആരോപിച്ചു. കേന്ദ്ര സർക്കാർ പണക്കാരെ സുരക്ഷിതമായി നാട്ടിലെത്തിക്കാൻ മാത്രമാണ് ശ്രദ്ധിച്ചതെന്നും എഎപി 

ദില്ലി: അതിഥി തൊഴിലാളികളുടെ ദുരിതത്തിൽ ബിജെപിയെ കടന്നാക്രമിച്ച് ആം ആദ്മി പാർട്ടി. സ്ഥിതി ഇത്രയും വഷളാകാൻ കാരണം ബിജെപി ആണെന്ന് ആം ആദ്മി പാര്‍ട്ടി ആരോപിച്ചു. കേന്ദ്ര സർക്കാർ പണക്കാരെ സുരക്ഷിതമായി നാട്ടിലെത്തിക്കാൻ മാത്രമാണ് ശ്രദ്ധിച്ചതെന്നും എഎപി വക്താവ് രാഘവ് ചദ്ദ പറഞ്ഞു. 1947ന് ശേഷം രാജ്യം ഇതാദ്യമായാണ് പാവപ്പെട്ടവരുടെ  പലായനതിന് സാക്ഷിയാകുന്നതെന്നും എഎപി പറഞ്ഞു.

അതേസമയം, മാർച്ച് 25ന് ആരംഭിച്ച ദേശീയ ലോക്ക്ഡൗണ്‍ നാലാം ഘട്ടത്തിലേക്ക് കടക്കുകയാണ്. മൂന്നാം ഘട്ട ലോക്ക്ഡൗണ്‍ ഇന്ന് അവസാനിക്കുന്നതിനിടെ ലോക്ക്ഡൗണ്‍ വീണ്ടും നീട്ടുന്നതായി കേന്ദ്രസർക്കാർ അറിയിച്ചു. ലോക്ക്ഡൗൺ വീണ്ടും നീട്ടിയതിന് പിന്നാലെ മാർഗനിർദ്ദേശങ്ങളും കേന്ദ്രം പുറപ്പെടുവിച്ചു. ആഭ്യന്തര വിമാന സർവീസുകളും അന്താരാഷ്ട്ര വിമാന സർവീസുകളും പുനരാരംഭിക്കില്ല. വൈദ്യസഹായത്തിനും കൊവിഡിൽ കുടുങ്ങിയവരെ തിരിച്ചെത്തിക്കാനുമുള്ള അടിയന്തര സേവനങ്ങൾക്ക് മാത്രമേ വിമാനസർവീസുകൾ നടത്താവൂ. മെട്രോ റെയിലും പ്രവർത്തിക്കരുതെന്ന് നിർദ്ദേശമുണ്ട്.

എല്ലാ വിദ്യാലയങ്ങളും അടഞ്ഞുകിടക്കും. സ്കൂളുകളും പ്രൊഫഷണൽ കോളേജുകളും അടക്കം ഈ നിബന്ധന പാലിക്കണം എന്ന് കേന്ദ്ര സർക്കാർ നിർദ്ദേശിച്ചിട്ടുണ്ട്. ഹോട്ടലുകളും ഭക്ഷണ ശാലകളും തുറക്കരുത്. സിനിമാശാലകളും മാളുകളും അടഞ്ഞുതന്നെ കിടക്കണം. ജിംനേഷ്യങ്ങളും തുറക്കരുത്.

സ്വിമിങ് പൂളുകൾ, പാർക്കുകൾ, ഓഡിറ്റോറിയങ്ങൾ, ഹാളുകൾ തുടങ്ങിയവയ്ക്കുള്ള നിയന്ത്രണങ്ങൾ തുടരും. എല്ലാ ആരാധനാലയങ്ങളും അടഞ്ഞുതന്നെ കിടക്കണം. സാമൂഹികവും രാഷ്ട്രീയവും സാംസ്കാരികവും വിദ്യാഭ്യാസപരവും കായികപരവുമായ എല്ലാ ആൾക്കൂട്ടങ്ങൾക്കും നിലവിലുള്ള നിയന്ത്രണം തുടരും.

click me!