
ചെന്നൈ: രജനീകാന്തിന്റെ രാഷ്ട്രീയ പ്രവേശം സ്വാഗതം ചെയ്ത് ബിജെപി. രജനീകാന്തുമായി സഖ്യത്തിന് തയ്യാറാണെന്ന് ബിജെപി വ്യക്താവ് നാരായണൻ തിരുപതി വ്യക്തമാക്കി. ആശയങ്ങൾ ഒരുമിച്ച് പോകുന്നതാണ്. താരം ബിജെപിയെ പിന്തുണയ്ക്കുമെന്നാണ് കരുതുന്നതെന്നും നാരായണൻ തിരുപതി അഭിപ്രായപ്പെട്ടു. അതേസമയം, പാർട്ടി ചീഫ് കോർഡിനേറ്റർ ആയി ബിജെപി സൈദ്ധാന്തികൻ അർജുനമൂർത്തിയെ രജനീകാന്ത് നിയമിച്ചു. ചെന്നൈയിൽ അമിത്ഷായുമായി അർജുനമൂർത്തി കുടിക്കാഴ്ച്ച നടത്തിയിരുന്നു.
തമിഴ്നാട്ടിൽ അത്ഭുതങ്ങൾ സംഭവിക്കുമെന്നും ഭരണം പിടിക്കുമെന്നുമാണ് രജനീകാന്ത് ഇന്ന് പറഞ്ഞത്. മാറ്റങ്ങൾക്ക് സമയമായിരിക്കുകയാണ്. ആത്മീയ രാഷ്ട്രീയം വിജയം കാണുമെന്നുറപ്പാണെന്നും രജനികാന്ത് പ്രത്യാശ പ്രകടിപ്പിച്ചു. ആരാധകരടക്കമുള്ള ഒരു വലിയ വിഭാഗത്തിന്റെ കാത്തിരിപ്പുകൾക്കും അഭ്യൂഹങ്ങൾക്കും വിരാമമിട്ട് രാഷ്ട്രീയ പ്രവേശനം പ്രഖ്യാപിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു രജനീകാന്ത്.
രാഷ്ട്രീയ പ്രവേശനം പ്രഖ്യാപിച്ചതോടെ നൂറുകണക്കിന് ആരാധകരാണ് അദ്ദേഹത്തിന്റെ വസതിക്ക് മുന്നിലേക്ക് എത്തിച്ചേർന്നത്. മധുരം വിതരണം ചെയ്തും പടക്കം പൊട്ടിച്ചും ആരാധകർ സന്തോഷം പ്രകടിപ്പിക്കുകയാണ്. ട്വിറ്ററിലൂടെയാണ് രജനീകാന്ത് രാഷ്ട്രീയ പ്രവേശന പ്രഖ്യാപനം നടത്തിയത്. ഡിസംബർ 31-ന് രാഷ്ട്രീയപാർട്ടിയുടെ കൂടുതൽ വിവരങ്ങൾ പ്രഖ്യാപിക്കുമെന്നാണ് അദ്ദേഹം വ്യക്തമാക്കിയിരിക്കുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam