പാര്‍ട്ടി ഓഫിസില്‍ തര്‍ക്കം; ബംഗാള്‍ യുവമോര്‍ച്ചാ നേതാവ് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു

By Web TeamFirst Published Jul 27, 2021, 6:32 PM IST
Highlights

പാര്‍ട്ടി ഓഫിസിലെ തര്‍ക്കത്തിനിടെ രാജു സര്‍ക്കാറിന് ഹൃദയാഘാതമുണ്ടാകുകയായിരുന്നു. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
 

കൊല്‍ക്കത്ത: ബിജെപി ഹെഡ് ഓഫിസിലെ തര്‍ക്കത്തെ തുടര്‍ന്ന് ബംഗാള്‍ യുവമോര്‍ച്ച ബംഗാള്‍ വൈസ് പ്രസിഡന്റ് ഹൃദയാഘാതമുണ്ടായി മരിച്ചു. രാജു സര്‍ക്കാര്‍(42) ആണ് തിങ്കളാഴ്ച വൈകുന്നേരം മരിച്ചത്. പാര്‍ട്ടി ഓഫിസിലെ തര്‍ക്കത്തിനിടെ രാജു സര്‍ക്കാറിന് ഹൃദയാഘാതമുണ്ടാകുകയായിരുന്നു. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ടൈംസ് ഓഫ് ഇന്ത്യയാണ് റിപ്പോര്‍ട്ട് ചെയ്തത്.

ഇതുവരെ ഔദ്യോഗിക പരാതി പൊലീസിന് ലഭിച്ചിട്ടില്ല. ആദ്യം എസ്എസ്‌കെഎം ആശുപത്രിയിലാണ് രാജു സര്‍ക്കാറിനെ എത്തിച്ചത്. പിന്നീട് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. രാജു സര്‍ക്കാറിന്റെ മരണം ഞെട്ടിക്കുന്നതാണെന്നും പാര്‍ട്ടിക്ക് കനത്ത നഷ്ടമാണെന്നും ബംഗാള്‍ ബിജെപി അധ്യക്ഷന്‍ ദിലിപ് ഘോഷ് പറഞ്ഞു. ദില്ലിയിലായിരുന്നതിനാല്‍ പാര്‍ട്ടി ഓഫിസിലുണ്ടായ തര്‍ക്കത്തെക്കുറിച്ച് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു.

ഒരു വര്‍ഷം മുമ്പാണ് രാജു സര്‍ക്കാറിനെ വൈസ് പ്രസിഡന്റായി നിയമിച്ചത്. ബിജെപിയുമായി രാജു സര്‍ക്കാറിന് പ്രശ്‌നങ്ങളുണ്ടായിരുന്നെന്നും അദ്ദേഹം തന്നെ ബന്ധപ്പെട്ടിരുന്നെന്നും തൃണമൂല്‍ വക്താവ് കുനാല്‍ ഘോഷ് പറഞ്ഞു. എസ്എസ്‌കെഎം ആശുപത്രിയില്‍ രാജു സര്‍ക്കാറിന് ഐസിയു ബെഡ് ലഭിച്ചില്ലെന്ന് ബിജെപി വനിതാ വിഭാഗം നേതാവ് അഗ്നിമിത്ര പോള്‍ ആരോപിച്ചു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
 

click me!