
കൊൽക്കത്ത: പശ്ചിമബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി ദില്ലിയിലെത്തി പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തി. അധികാരമേറ്റ ശേഷം മുഖ്യമന്ത്രിമാർ പ്രധാനമന്ത്രിയെ നേരിൽ കാണുന്ന കീഴ്വഴക്കത്തിൻ്റെ ഭാഗമായിട്ടായിരുന്നു മമതയുടെ കൂടിക്കാഴ്ച. ലോക് കല്ല്യാൺ മാർഗിലെ പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയിൽ വച്ചായിരുന്നു കൂടിക്കാഴ്ച.
പെഗാസസ് വിവാദത്തിലും, കൊവിഡ് പ്രതിരോധത്തിൽ ബംഗാളിനെ കേന്ദ്രസർക്കാർ അവഗണിച്ചതിലും മമത പ്രധാനമന്ത്രിയെ നേരിട്ട് പ്രതിഷേധം അറിയിച്ചതായാണ് സൂചന. പെഗാസെസ് വിവാദത്തിൽ സർവ്വകക്ഷി യോഗം വിളിക്കണമെന്ന് പ്രധാനമന്ത്രിയോട് മമത ആവശ്യപ്പെട്ടെന്നാണ് സൂചന
പശ്ചിമ ബംഗാളിന് കൂടുതൽ വാക്സീൻഡോസ് അനുവദിക്കണമെന്ന് പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടെന്ന് കൂടിക്കാഴ്ചയ്ക്ക് ശേഷം മമത മാധ്യമങ്ങളോട് പറഞ്ഞു. ജനസംഖ്യ കൂടി പരിഗണിച്ച് വേണം വാക്സീൻ വിതരണം ചെയ്യാനെന്ന് പ്രധാനമന്ത്രിയോട് പറഞ്ഞു. ബംഗാളിന് വളരെ കുറച്ച് വാക്സീനേ കിട്ടിയുള്ളുവെന്നും മമത പരാതിപ്പെട്ടു. മൂന്നാം തംരഗത്തിന് മുൻപ് വാക്സീൻ വിഹിതം കൂട്ടണമെന്നും മമത ചൂണ്ടിക്കാട്ടി. പരാതി പരിശോധിക്കാമെന്ന് പ്രധാനമന്ത്രി ഉറപ്പ് നൽകിയതായും മമത വ്യക്തമാക്കി. അടുത്ത മൂന്ന് ദിവസത്തേക്ക് ദില്ലിയിൽ തുടരുന്ന മമതാ ബാനർജി നാളെ രാവിലെ പത്ത് മണിക്ക് കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുമായും കൂടിക്കാഴ്ച നടത്തുന്നുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam