Latest Videos

ദില്ലിയിലെ ഇസ്രയേൽ എംബസിക്ക് സമീപം സ്ഫോടനം; ആളപായമില്ല, സ്ഫോടകവസ്തുകൾ വച്ചത് കുപ്പിയിൽ

By Web TeamFirst Published Jan 29, 2021, 6:11 PM IST
Highlights

ദില്ലിയിലെ ഇസ്രയേൽ എംബസിക്ക് സമീപം സ്ഫോടനമുണ്ടായതായി റിപ്പോർട്ട്.

ദില്ലി: രാജ്യതലസ്ഥാനത്തെ തന്ത്രപ്രധാന മേഖലയിൽ സ്ഫോടനം. ദില്ലിയിലെ ഇസ്രയേൽ എംബസിക്ക് സമീപമാണ് വൈകിട്ട് അഞ്ച് മണിയോടെ സ്ഫോടനമുണ്ടായത്. എംബസിക്ക് സമീപം നിർത്തിയിട്ട കാറുകൾക്ക് സമീപത്താണ് സ്ഫോടനമുണ്ടായത്. സ്ഫോടനത്തിൽ ആളാപായമില്ല. ദില്ലി പൊലീസും രഹസ്യാന്വേഷണ വിഭാഗം ഉദ്യോഗസ്ഥരും സ്ഥലത്ത് പരിശോധന നടത്തുന്നുണ്ട്. ഒരു കുപ്പിയിൽ വച്ച സ്ഫോടകവസ്തുകൾ പൊട്ടിത്തെറിക്കുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം. പൊട്ടിത്തെറിച്ചത് തീവ്രത കുറഞ്ഞ ഐ ഇ ഡിയാണെന്നാണ് ലഭിക്കുന്ന സൂചനകൾ. 

സ്ഫോടനമുണ്ടായ സ്ഥലത്തേക്ക് പൊതുജനത്തിന് വിലക്കേർപ്പെടുത്തിയിട്ടുണ്ട്. ഇവിടേക്കുള്ള റോഡുകളെല്ലാം പൊലീസ് ബാരിക്കേഡുകൾ വച്ച് അടച്ചു. സ്ഫോടനത്തിൽ നാല് കാറുകളുടെ ചില്ല് പൊട്ടിയിട്ടുണ്ടെന്നാണ് പ്രാഥമിക വിവരം. റിപ്പബ്ളിക് ദിനാഘോഷങ്ങളുടെ ഭാഗമായി രാഷ്ട്രപതി, ഉപരാഷ്ട്രപതി, പ്രധാനമന്ത്രി തുടങ്ങി വിവിഐപികളും സേനാതലവൻമാരും പങ്കെടുക്കുന്ന ബീറ്റിംഗ് ദ റീട്രീറ്റ് പരിപാടി രാജ്പഥിൽ പുരോഗമിക്കുന്നതിനിടെയാണ്  സ്ഫോടനമുണ്ടായത്. 

ദില്ലിയി അബ്ദുൾ കലാം റോഡിലാണ് എംബസി സ്ഥിതി ചെയ്യുന്നത്. വേറെയും ചില രാജ്യങ്ങളുടെ എംബസിയും നിരവധി എംപിമാരുടെ ഔദ്യോഗിക വസതികളും ഈ ഭാഗത്ത് സ്ഥിതി ചെയ്യുന്നുണ്ട്.  സ്ഫോടന വിവരമറിഞ്ഞ് അഗ്നിശമന സേനാവിഭാഗത്തിൻ്റെ യൂണിറ്റുകൾ സ്ഥലത്തേക്ക് എത്തിയിട്ടുണ്ട്. എൻഐഎയുടെ പ്രത്യേകസംഘവും തെളിവെടുപ്പിനായി സ്ഥലത്തുണ്ട്. 

click me!