
കുശിനഗർ (ഉത്തർപ്രദേശ്) : രക്തമൊലിപ്പിച്ച് ആശുപത്രിയിൽ നിലത്ത് കിടക്കുന്ന അതീവ ഗുരുതരാവസ്ഥയിലുള്ള രോഗിയുടെ ദൃശ്യമാണ് ഉത്തർപ്രദേശിൽ നിന്ന് ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. ഈ രോഗിയുടെ സമീപത്തായി തെരുവ് നായ നടക്കുന്നതായും ദൃശ്യത്തിൽ കാണിക്കുന്നുണ്ട്. കിഴക്കൻ ഉത്തർപ്രദേശിൽ നിന്നുള്ളതാണ് ഈ ഞെട്ടിക്കുന്ന ദൃശ്യം. ഈ സമയം ആശുപത്രിയിൽ രോഗിക്ക് സമീപം ഡോക്ടറെ നഴ്സോ ആരും തന്നെ ഉണ്ടായിരുന്നില്ലെന്നാണ് എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നത്.
അതേസമയം തലയ്ക്കും മുഖത്തും ഗുരുതരമായി പരിക്കേറ്റ ഇയാൾ അപകടത്തിൽപ്പെട്ടയാളാണെന്ന് ആശുപത്രിയുടെ ചുമതലയുള്ള ഡോക്ടർ എസ് കെ വർമ പറഞ്ഞു. ഇയാൾ മദ്യപിച്ചിരുന്നതായും ചികിത്സയ്ക്കിടെ പലതവണ കിടക്കയിൽ നിന്ന് വീണതായുമാണ് ഡോക്ടർ വർമ പറയുന്നത്. വീഡിയോ ഷൂട്ട് ചെയ്യുമ്പോൾ ഡോക്ടറും ഡ്യൂട്ടിയിലുള്ള വാർഡ് ബോയിയും മറ്റൊരു വാർഡിൽ ഗുരുതരാവസ്ഥയിലെത്തിയ മറ്റൊരു രോഗിയെ പരിശോധിക്കുകയായിരുന്നുവെന്നും രോഗിയെ പിന്നീട് ഗോരഖ്പൂരിലെ ആശുപത്രിയിലേക്ക് റഫർ ചെയ്തതായും ഡോക്ടർ വർമ പറഞ്ഞു. അതേസമയം ആശുപത്രിക്കെതിരെ വലിയ വിമർശനമാണ് ഉയരുന്നത്.