
ഹരപ്പനഹള്ളി (കർണാടക): കർണാടകത്തിൽ രണ്ട് സഹോദരങ്ങൾ ഉൾപ്പെടെ നാല് പേർ മുങ്ങി മരിച്ചു. ഇതിൽ മൂന്ന് പേർ പെൺകുട്ടികളാണ്. തടാകത്തിൽ മുങ്ങിത്താണ ആൺകുട്ടിയെ രക്ഷിക്കുന്നതിനെടെയാണ് മൂന്ന് പെൺകുട്ടികളും മുങ്ങി താണത്. അശ്വിനി (17), സഹോദരൻ അഭിഷേക് (14), സുഹൃത്തുക്കളായ കാവ്യ (19), അപൂർവ (14) എന്നിവരാണ് മരിച്ചത്. സഹോദരങ്ങളായ അശ്വിനിയും അഭിഷേകും നന്ദിബേവുരു തണ്ട സ്വദേശിയും കാവ്യ ചെന്നഹള്ളി സ്വദേശിയും അപൂർവ തുമ്പിനകേരി സ്വദേശിയുമാണ്.
ബന്ധുവീട്ടിൽ പോയപ്പോഴാണ് അപകടമുണ്ടായത്. അശ്വിനിയും സുഹൃത്തുക്കളായ കാവ്യയും അപൂർവയും വസ്ത്രങ്ങൾ അലക്കാനായി തടാകത്തിൽ എത്തിയതായിരുന്നു. അഭിഷേകും ഇവർക്കൊപ്പമുണ്ടായിരുന്നു. തീരത്തുണ്ടായിരുന്ന അഭിഷേക് പെട്ടെന്ന് തടാകത്തിലേക്ക് വീണു. മൂന്ന് പെൺകുട്ടികൾ ഒന്നിന് പുറകെ ഒന്നായി സഹോദരനെ രക്ഷിക്കാൻ ശ്രമിച്ചു. ഇതിനിടെ ഇവരും തടാകത്തിലേക്ക് വഴുതി വീഴുകയായിരുന്നു. ഇതോടെ നാല് പേരും മുങ്ങി മരിക്കുകയുമായിരുന്നു. പ്രാദേശിക നീന്തൽ വിദഗ്ധർ നാല് മണിക്കൂർ നീണ്ട രക്ഷാപ്രവർത്തനങ്ങളിൽ നാല് മൃതദേഹങ്ങളും പുറത്തെടുക്കുകയായിരുന്നു.