
ദില്ലി: നിർമല സീതാരാമൻ അവതരിപ്പിച്ച കേന്ദ്ര ബജറ്റ് 2026 നെതിരെ അതിരൂക്ഷ വിമർശനവുമായി ബി എം എസ്. തൊഴിലാളികളെ നിരാശപ്പെടുത്തിയ ബജറ്റാണിതെന്നും, തൊഴിലാളികളുടെ ആവശ്യങ്ങൾ പരിഗണിക്കുന്നതിൽ ബജറ്റ് പരാജയപ്പെട്ടുവെന്നും ബി എം എസ് പ്രസ്താവനയിലൂടെ തുറന്നടിച്ചു. പ്രഖ്യാപിച്ച പല പദ്ധതികളും തൊഴിലുകൾ സൃഷ്ടിക്കുന്നുണ്ടാകാം, പക്ഷേ മതിയായ വേതനവും സുരക്ഷിതത്വവുമില്ലാതെ ജോലി സമഗ്ര വികസനം കൊണ്ടുവരില്ല. പ്രധാന തൊഴിൽ വിഷയങ്ങളിൽ കടുത്ത അതൃപ്തിയുണ്ടെന്നും ബി എം എസ് വ്യക്തമാക്കി. അങ്കണവാടി, ആശാ വർക്കർമാരുടെ വേതനം വർദ്ധിപ്പിക്കാത്തത് അങ്ങേയറ്റം നിരാശാജനകമാണ്. സ്ത്രീ തൊഴിലാളികളോടുള്ള ഗുരുതരമായ അവഗണനയാണ് ഇത്. 50 വർഷമായി തുടരുന്ന ക്ഷേമ പദ്ധതിയെ ക്ഷേമപദ്ധതിയെന്ന് വിളിക്കാനാകില്ലെന്നും ബി എം എസ് കുറ്റപ്പെടുത്തി.
തുച്ഛമായ പെൻഷനിൽ ജീവിക്കുന്ന വിരമിച്ച തൊഴിലാളികളോടുള്ള അവഗണന അംഗീകരിക്കാനാകില്ലെന്നും ബി എം എസ് വ്യക്തമാക്കി. മിനിമം പെൻഷൻ ആയിരം രൂപയിൽനിന്ന് വർദ്ധിപ്പിക്കാത്തത് എന്തുകൊണ്ടെന്നും പ്രസ്താവനയിൽ ചോദിക്കുന്നു. മുതിർന്നവർക്കുള്ള ക്ഷേമപദ്ധതികൾ മുതലകണ്ണീരെന്നും, ഗിഗ് വർക്കേഴ്സിനോടുളളത് കടുത്ത അവഗണനയെന്നും സംഘടന വിമർശിച്ചു. പി എഫ്, ഇ എസ് ഐ, ബോണസ് എന്നിവയുടെ പരിധി ഉയർത്താതെ, തൊഴിലാളികൾ സാമൂഹിക സുരക്ഷാ പരിധിയിലാവില്ലെന്നും ബി എം എസ് ചൂണ്ടിക്കാട്ടി. അമിത സ്വകാര്യ വത്ക്കരണം ചൂഷണം വർദ്ധിപ്പിക്കും. കേന്ദ്രസർക്കാർ ജീവനക്കാരുടെ പെൻഷൻ അടക്കമുള്ളവയിൽ ബജറ്റ് മൗനം പാലിക്കുന്നുവെന്നും ബി എം എസ് കുറ്റപ്പെടുത്തി.
അതേസമയം കേന്ദ്ര ബജറ്റിൽ കേരളത്തെ പൂര്‍ണമായും അവഗണിച്ചതിൽ എൽ ഡി എഫും യു ഡി എഫും കടുത്ത പ്രതിഷേധം വ്യക്തമാക്കി. കടലാമ മാത്രമല്ല കേരളത്തിലുള്ളതെന്ന് പറഞ്ഞ മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്ര ബജറ്റിൽ പ്രഖ്യാപിച്ച റെയര്‍ എര്‍ത്ത് കോറിഡോര്‍ ധാതുഖനനത്തിൽ സ്വകാര്യ മേഖലയെ സഹായിക്കാനുള്ള നീക്കമെന്ന് വിമര്‍ശിച്ചു. മറ്റ് സംസ്ഥാനങ്ങൾക്കെല്ലാം എല്ലാം കിട്ടിയിട്ടും കേരളത്തെ മാത്രം അവഗണിച്ചു. എന്താണ് കേരളത്തിനുള്ള അയോഗ്യതയെന്ന ചോദ്യവും മുഖ്യമന്ത്രി ഉയർത്തി. ഇന്ത്യയുടെ ഭൂപടത്തിൽ കേരളം ഉണ്ടെന്ന് തന്നെ കേന്ദ്ര ധനമന്ത്രി മറന്നെന്ന വിമർശനവും പിണറായി ഉന്നയിച്ചു. കേരളത്തോടുള്ള അവഗണനയിൽ അതിശക്തമായ പ്രതിഷേധം അറിയിക്കുന്നുവെന്നാണ് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പ്രതികരിച്ചത്. കേരളത്തിലെ ബിജെപി നേതാക്കളും പ്രധാനമന്ത്രിയും നടത്തിയത് ഗീർവാണ പ്രസംഗം മാത്രമാണെന്ന് പറഞ്ഞ സതീശൻ, ഒരു സംസ്ഥാനത്തെ എന്തിനാണ് ഇങ്ങനെ പരിഹസിക്കുന്നതെന്നും ചോദിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam