ചൊവ്വാഴ്ച രാത്രിയാണ് ഗ്വാളിയോർ മഹാരാജ്പുരയിലെ വ്യോമതാവളത്തിന് നേരേ പെട്രോൾ ബോംബെറിയാൻ ശ്രമമുണ്ടായത്. ബിയർ കുപ്പികളിൽ പെട്രോൾ നിറച്ചെത്തിയ പ്രതി വ്യോമസേന താവളത്തിന്റെ പ്രധാന ഗേറ്റിന് സമീപത്തുനിന്ന് ഇത് എറിയാൻ ശ്രമിക്കുകയായിരുന്നു. അതീവസുരക്ഷാ മേഖലയിലായിരുന്നു സംഭവം.
ഭോപ്പാൽ: മധ്യപ്രദേശിലെ ഗ്വാളിയോറിൽ വ്യോമതാവളത്തിന് നേരേ പെട്രോൾ ബോംബെറിയാൻ ശ്രമിച്ച കേസിൽ അറസ്റ്റിലായ കോളേജ് പ്രൊഫസറെ മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റി. ഇയാളുടെ മൊഴികളിലും പെരുമാറ്റത്തിലും മാനസികപ്രശ്നങ്ങളുടെ സൂചന ലഭിച്ചതോടെയാണ് കോടതിയിൽ ഹാജരാക്കിയ ശേഷം പ്രതിയെ സർക്കാരിന്റെ മാനസികാരോഗ്യ കേന്ദ്രത്തിൽ ചികിത്സയ്ക്കായി പ്രവേശിപ്പിച്ചത്.
ചൊവ്വാഴ്ച രാത്രിയാണ് ഗ്വാളിയോർ മഹാരാജ്പുരയിലെ വ്യോമതാവളത്തിന് നേരേ പെട്രോൾ ബോംബെറിയാൻ ശ്രമമുണ്ടായത്. ബിയർ കുപ്പികളിൽ പെട്രോൾ നിറച്ചെത്തിയ പ്രതി വ്യോമസേന താവളത്തിന്റെ പ്രധാന ഗേറ്റിന് സമീപത്തുനിന്ന് ഇത് എറിയാൻ ശ്രമിക്കുകയായിരുന്നു. അതീവസുരക്ഷാ മേഖലയിലായിരുന്നു സംഭവം. പ്രതിയെ കണ്ടതോടെ പെട്രോൾ ബോംബെറിയുന്നതിന് മുൻപ് വ്യോമതാവളത്തിലെ സുരക്ഷാ ഉദ്യോഗസ്ഥർ ഇയാളെ കീഴ്പ്പെടുത്തുകയും കസ്റ്റഡിയിലെടുക്കുകയുമായിരുന്നു. തുടർന്ന് നടത്തിയ ചോദ്യംചെയ്യലിലാണ് ഇയാൾ വിചിത്രവും പരസ്പരവിരുദ്ധവുമായ മൊഴികൾ നൽകിയത്.
ഒരു സ്വകാര്യ എൻജിനീയറിങ് കോളേജിലെ അസി. പ്രൊഫസറാണെന്നാണ് പ്രതി നൽകിയ മൊഴി. ചോദ്യംചെയ്യലിൽ ഇന്ത്യൻ വ്യോമസേന തന്റെ തലച്ചോർ ഹാക്ക് ചെയ്തിരിക്കുകയാണെന്നാണ് ഇയാൾ നൽകിയ മൊഴിയെന്നും പൊലീസ് പറഞ്ഞു. തന്നെ നിയന്ത്രിക്കുന്നത് വ്യോമസേനയാണെന്നും ഇതിനാലാണ് വ്യോമതാവളത്തിന് നേരേ പെട്രോൾ ബോംബ് എറിയാൻ വന്നതെന്നും പ്രതി പൊലീസിനോട് പറഞ്ഞു. മൊഴികളിലും പെരുമാറ്റത്തിലും അസ്വാഭാവികത തോന്നിയതോടെയാണ് കോടതിയിൽ ഹാജരാക്കിയശേഷം പ്രതിയെ മാനസികാരോഗ്യ ചികിത്സാകേന്ദ്രത്തിൽ പ്രവേശിപ്പിച്ചത്.
വ്യോമസേന തന്റെ തലച്ചോറിനെ നിയന്ത്രിക്കുന്നത് കൊണ്ടാണ് ആന്ധ്രാപ്രദേശിൽനിന്ന് ട്രെയിൻ കയറി ഗ്വാളിയോറിൽ വന്നതെന്നാണ് പ്രതി പറഞ്ഞത്. ഇയാളുടെ ബന്ധുക്കളെ ബന്ധപ്പെട്ടതായും ഇയാൾ നേരത്തേ മാനസികരോഗത്തിന് ചികിത്സ തേടിയിരുന്നതായി ബന്ധുക്കൾ അറിയിച്ചതായും പൊലീസ് പറഞ്ഞു. ഏതാനുംവർഷങ്ങളായി ബന്ധുക്കൾക്ക് പ്രതിയുമായി ബന്ധമൊന്നും ഉണ്ടായിരുന്നില്ല. ആന്ധ്രാപ്രദേശിലെ ഒരു സ്വകാര്യ കോളേജിൽ പ്രൊഫസറാണെന്നാണ് ഇയാൾ നൽകിയ മൊഴി. ഇയാൾ പറഞ്ഞ കാര്യങ്ങളും മറ്റുവിവരങ്ങളും അന്വേഷിച്ചുവരികയാണെന്നും പൊലീസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി.


