2013 ലെ ഗോവ പീഡനക്കേസിൽ തെഹൽക്ക സ്ഥാപകൻ തരുൺ തേജ്പാലിന് 10 വർഷം കഠിനതടവും 10 ലക്ഷം രൂപ പിഴയും വിധിച്ച് ബോംബേ ഹൈക്കോടതി. സെഷൻസ് കോടതിയുടെ വെറുതെ വിട്ടുകൊണ്ടുള്ള വിധി റദ്ദാക്കിയാണ് ഡിവിഷൻ ബെഞ്ച് തേജ്പാലിനെ കുറ്റക്കാരനെന്ന് കണ്ടെത്തിയത്
മുംബൈ: 2013 ലെ ഗോവ പീഡനക്കേസിൽ തെഹൽക്ക സ്ഥാപകൻ തരുണ്‍ തേജ്പാലിന് 10 വർഷം കഠിന തടവ് ശിക്ഷ വിധിച്ച് ബോംബേ ഹൈക്കോടതി. 2 ആഴ്ചക്കകം കീടങ്ങാൻ ഉത്തരവിട്ട കോടതി 10 ലക്ഷം പിഴയും ചുമത്തിയിട്ടുണ്ട്. നേരത്തെ ഗോവസർക്കാർ നൽകിയ അപ്പീൽ പരിഗണിച്ച ഡിവിഷൻ ബെഞ്ച് തരുണ്‍ തേജ്പാലിനെ കുറ്റവിമുക്തനാക്കിയ സെഷൻസ് കോടതി വിധി റദ്ദാക്കിയാണ് കുറ്റക്കാരനെന്ന് വിധിച്ചത്. സംഭവത്തിന് ശേഷം തരുണ്‍ സഹപ്രവർത്തകയ്ക്ക അയച്ച മെയിലുകൾ കോടതി പരിഗണിച്ചിരുന്നു. എന്നാൽ 62 വയസായെന്നും താനാണ് ഇരയെന്നുമായിരുന്നു തരുണ്‍ തേജ്പാലിന്‍റെ വാദം. എന്നാൽ അച്ഛന്റെ പ്രായമുളള ഒരാളുടെ ഭാഗത്ത് നിന്നും ഉണ്ടാകാൻ പാടില്ലാത്ത കാര്യമെന്ന് നിരീക്ഷിച്ചുകൊണ്ടാണ് കോടതി കുറ്റക്കാനെന്ന് വിധിച്ചത്. ശേഷം ശിക്ഷാ വിധിയിൽ വാദം കേട്ട ശേഷമാണ് ബോംബേ ഹൈക്കോടതി, തരുണിന് 10 വർഷം കഠിന തടവ് ശിക്ഷ വിധിച്ചത്.
തെഹൽക്ക തിങ്ക് ഫെസ്റ്റിനിടെ സംഭവം
2013 ൽ ഗോവയിൽ നടന്ന തെഹൽക്ക തിങ്ക് ഫെസ്റ്റിനിടെയായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. ലിഫ്റ്റിൽ വച്ച് ജൂനിയറായ സഹപ്രവർത്തകയെ തരുണ്‍ തേജ്പൽ ലൈംഗീകമായി പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു. 2013 ൽ ഗോവ ക്രൈം ബ്രാഞ്ച് തരുണിനെ അറസ്റ്റ് ചെയ്തു. പിന്നീട് സുപ്രീം കോടതി ജാമ്യം നൽകുകയായിരുന്നു. 2021 ൽ ഗോവയിലെ വിചാരണ കോടതി സംശയത്തിന്റെ ആനുകൂല്യത്തിൽ തരുണ്‍ തേജ്പാലിനെ കുറ്റവിമുക്തനാക്കി. ഇതിനെതിരെയാണ് ഗോവ സർക്കാർ അപ്പീൽ നൽകിയത്.
