
അഹമ്മദാബാദ്: ഗുജറാത്ത് ഭീകരവിരുദ്ധ സ്ക്വാഡ്(എടിഎസ്) അറസ്റ്റ് ചെയ്ത ജെയ്ഷെ ഭീകരർ വിവിധരീതിയിലുള്ള ആയുധപരിശീലനങ്ങളും ബോംബ് പരീക്ഷണവും ഉൾപ്പെടെ നടത്തിയിരുന്നതായി റിപ്പോർട്ട്. പാക് ഭീകരസംഘടനയായ ജെയ്ഷെ മുഹമ്മദുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചിരുന്ന ഭീകരരാണ് ജമ്മുകശ്മീരിലടക്കം പോയി ഭീകരാക്രമണത്തിന് പരിശീലനം നേടിയിരുന്നതെന്ന് എടിഎസ് വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
അറസ്റ്റിലായ ഭീകരരിൽ രണ്ടുപേരാണ് കശ്മീരിൽ പ്രത്യേക ആയുധ പരിശീലനം നേടിയത്. എകെ 47 തോക്കുകളടക്കം ഉപയോഗിക്കാനായിരുന്നു ഇവർക്ക് പരിശീലനം ലഭിച്ചത്. ഇതിനുപുറമേ ജൈവായുധ പ്രയോഗങ്ങളിലും ഇവർക്ക് പരിശീലനം ലഭിച്ചു. മനുഷ്യരെ അപായപ്പെടുത്താനുള്ള വിഷവാതകം നിർമിക്കുന്നതിലടക്കമാണ് പരിശീലനം നേടിയതെന്നും അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നു.
അന്തർദേശീയ തലത്തിൽ പ്രവർത്തിക്കുന്ന അബ്ദുള്ള എന്നയാളുടെ നേതൃത്വത്തിലാണ് ജെയ്ഷെ മുഹമ്മദിന്റെ ഗുജറാത്ത് മൊഡ്യൂളും പ്രവർത്തിച്ചിരുന്നത്. ബോംബ് നിർമാണം മുതൽ വിഷവാതകം വരെയുള്ള നാൽപ്പതോളം ഭീകരാക്രമണ രീതികളിലാണ് ഇവർ പരിശീലനം നടത്തിയത്. ഇതിൽ ബോംബ് നിർമിച്ച് അത് പൊട്ടിക്കുന്നതിൽ പ്രായോഗിക പരിശീലനവും നേടിയിരുന്നു. ഇതിന്റെ ഭാഗമായി എട്ടിടങ്ങളിൽ രഹസ്യമായി ബോംബ് പരീക്ഷണം നടത്തിയതായും റിപ്പോർട്ടുകളിലുണ്ട്. ഇതിന്റെ അവശിഷ്ടങ്ങൾ ഫൊറൻസിക് കണ്ടെടുത്തിട്ടുണ്ട്.
അബ്ദുള്ള നൽകിയ മൂന്നുലക്ഷം രൂപ ഉപയോഗിച്ച് അറസ്റ്റിലായവർ ഒരു കാറും ബൈക്കും വാങ്ങിയിരുന്നതായാണ് അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നത്. ഈ വാഹനങ്ങളിൽ സഞ്ചരിച്ചാണ് പ്രതികൾ നഗരത്തിൽ നിരീക്ഷണം നടത്തിയിരുന്നത്. അഹമ്മദാബാദിലെ ഏതെങ്കിലും പ്രമുഖ ഹോട്ടലിൽ ആക്രമണം നടത്താനായിരുന്നു പ്രതികളുടെ പദ്ധതിയെന്നും ഇതിനായി നിരീക്ഷണം നടത്തിവരികയായിരുന്നുവെന്നും അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു. ഭീകരരുടെ ഒളിയിടത്തിൽ നടത്തിയ പരിശോധനയിൽ 43 ജിഹാദി പുസ്തകങ്ങളും വിവിധ ഡിജിറ്റൽ തെളിവുകളും എടിഎസ് പിടിച്ചെടുത്തിട്ടുണ്ട്. അറസ്റ്റിലായവരിൽ ബിലാൽ ഷേര എന്നയാളാണ് ജെയ്ഷെ സ്ഥാപകനും കൊടുംഭീകരനുമായ മസൂദ് അസറിന്റെ ലേഖനങ്ങളും പ്രസംഗങ്ങളും ഇതിന്റെ വീഡിയോകളുമെല്ലാം വിതരണംചെയ്തിരുന്നത്. ജെയ്ഷെ മുഹമ്മദിന്റെ പതാകയും നിരവധി ലേഖനങ്ങളും പണവും എടിഎസ് പിടിച്ചെടുത്ത തെളിവുകളിലുണ്ട്.
കഴിഞ്ഞദിവസമാണ് പാകിസ്ഥാൻ ഭീകരസംഘടനയായ ജെയ്ഷെ മുഹമ്മദുമായി ബന്ധമുള്ള അഞ്ചുപേരെ ഗുജറാത്ത് എടിഎസ് അറസ്റ്റ് ചെയ്തത്. ഗുജറാത്ത് സ്വദേശികളായ ബിലാൽ ഷേര(24) മുഹമ്മദ് അയ്യൂബ് കദിവാൾ(22) അയ്യൂബ് സുൻസാര(20) ഷഫ്രിയ റായിസ് മുക്തി(21) മുഹമ്മദ് ഹസ്സൻ കർദിയ(20) എന്നിവരാണ് അറസ്റ്റിലായവർ.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam