ആ വിഷയത്തിൽ വിജയ്ക്കും സ്റ്റാലിനും ഒരേ നിലപാട്, തമിഴ്നാടിന്‍റെ താത്പര്യം മുഖ്യം; മണ്ഡല പുനർനിർണയ ബില്ലിനെ എതിർക്കാൻ ടിവികെയും ഡിഎംകെയും

Published : Jul 18, 2026, 12:56 PM IST
TN CM Vijay meets former CM and DMK President MK Stalin

Synopsis

മണ്ഡല പുനർനിർണയ ബില്ലിനെതിരെ തമിഴ്‌നാട്ടിൽ ഭരണകക്ഷിയായ ടിവികെയ്ക്കും പ്രതിപക്ഷമായ ഡിഎംകെയ്ക്കും ഒരേ നിലപാട്. ശക്തമായി എതിർക്കുമെന്ന് വിജയ്‌യും സ്റ്റാലിനും പ്രഖ്യാപിച്ചു.

ചെന്നൈ: പാർലമെന്‍റിൽ മണ്ഡല പുനർനിർണയ (ഡിലിമിറ്റേഷൻ) ബിൽ അവതരിപ്പിച്ചാൽ തമിഴ്‌നാട്ടിൽ അതിനെ ശക്തമായി ചെറുക്കുമെന്ന് ഭരണകക്ഷിയായ തമിഴക വെട്രി കഴകവും (ടിവികെ) പ്രതിപക്ഷമായ ഡിഎംകെയും വ്യക്തമാക്കി. ജൂലൈ 20-ന് ആരംഭിക്കുന്ന പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിൽ ബിൽ കൊണ്ടുവരുമോയെന്ന് വ്യക്തമല്ലെങ്കിലും ഇതുമായി ബന്ധപ്പെട്ട ഏത് നീക്കത്തെയും ഒന്നിച്ച് എതിർക്കാനാണ് ഇരു പാർട്ടികളുടെയും തീരുമാനം.

ജൂലൈ 16-ന് ഡിഎംകെ അധ്യക്ഷൻ എം കെ സ്റ്റാലിന്റെ അധ്യക്ഷതയിൽ ചേർന്ന എംപിമാരുടെ യോഗത്തിൽ ഈ വിഷയം പ്രധാന ചർച്ചയായി. തമിഴ്‌നാടിന്റെ താൽപ്പര്യങ്ങളെ ബാധിക്കുന്ന കേന്ദ്രത്തിന്റെ നയങ്ങൾക്കെതിരെ പാർലമെന്റിൽ പ്രതികരിക്കാൻ സ്റ്റാലിൻ എംപിമാർക്ക് നിർദ്ദേശം നൽകി. സംസ്ഥാനത്തിന്റെ അവകാശങ്ങൾ കവരുന്ന ഒരു നീക്കവും അനുവദിക്കില്ലെന്നാണ് പാർട്ടി നിലപാടെന്ന് അദ്ദേഹം വ്യക്തമാക്കി. ഭരണഘടനയെ ലംഘിക്കുന്നതോ സംസ്ഥാനങ്ങളുടെ അവകാശങ്ങളിൽ കടന്നുകയറുന്നതോ ആയ ഏത് പുതിയ നിയമനിർമ്മാണത്തെയും ഡിഎംകെ എതിർക്കുമെന്ന് പാർട്ടി വക്താവ് ശരവണൻ അണ്ണാദുരൈ മാധ്യമങ്ങളോട് പറഞ്ഞു. ഈ വിഷയത്തിൽ കേന്ദ്ര സർക്കാർ സർവകക്ഷി യോഗം വിളിക്കാൻ സാധ്യതയുണ്ടെന്ന സൂചനകൾ ബിജെപി നൽകിയിട്ടുണ്ട്. യോഗത്തിൽ ബിജെപി മുന്നോട്ടുവെക്കുന്ന നിർദ്ദേശങ്ങളും അതിന്റെ വിശദാംശങ്ങളും പരിശോധിച്ച ശേഷമായിരിക്കും പാർട്ടി അന്തിമ നിലപാട് സ്വീകരിക്കുകയെന്ന് അദ്ദേഹം വ്യക്തമാക്കി. വർഷകാല സമ്മേളനത്തിനായുള്ള പാർലമെന്ററി കാര്യ മന്ത്രാലയത്തിന്റെ ബില്ലുകളുടെ പട്ടികയിൽ നിലവിൽ ഈ ബിൽ ഇടംപിടിച്ചിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഡിലിമിറ്റേഷനെതിരെ ഡിഎംകെ നേരത്തെ തന്നെ ശക്തമായ പ്രതിഷേധം ഉയർത്തിയിട്ടുണ്ട്. ഈ വർഷം ഏപ്രിൽ 16-ന് എം കെ സ്റ്റാലിൻ നിർദ്ദിഷ്ട ബില്ലിന്റെ പകർപ്പ് പരസ്യമായി കത്തിച്ച് ഇതിനെ 'കരിനിയമം' എന്ന് വിശേഷിപ്പിച്ചിരുന്നു. ഈ ഭരണഘടനാ ഭേദഗതി ബിൽ, ആവശ്യമായ മൂന്നിൽ രണ്ട് ഭൂരിപക്ഷം നേടാനാകാത്തതിനെ തുടർന്ന് തൊട്ടടുത്ത ദിവസം പാർലമെന്റിൽ പരാജയപ്പെടുകയായിരുന്നു.

തമിഴ്‌നാട് മുഖ്യമന്ത്രി സി ജോസഫ് വിജയ്‍യും മണ്ഡല പുനർനിർണയ നീക്കത്തെ ശക്തമായി എതിർത്തു രംഗത്തെത്തി. നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി തന്നെ കേന്ദ്രത്തിന്റെ ഈ നീക്കം പക്ഷപാതപരമാണെന്ന് വിജയ് വിമർശിച്ചിരുന്നു. തുടർന്ന് അധികാരമേറ്റ ശേഷവും ജൂലൈ 10-ന് കരൂർ സന്ദർശനത്തിനിടെ അദ്ദേഹം ഈ നിലപാട് ആവർത്തിച്ചു. ആര് കൊണ്ടുവന്നാലും തമിഴ്‌നാട് ഈ ബില്ലിനെ പൂർണ്ണമായി തള്ളിക്കളയുമെന്നും സംസ്ഥാനത്തിന്റെ അർഹമായ പ്രാതിനിധ്യം ഇല്ലാതാക്കാൻ അനുവദിക്കില്ലെന്നും വിജയ് വ്യക്തമാക്കി.

എന്നാൽ കേന്ദ്ര നീക്കത്തെ ന്യായീകരിച്ച് ബിജെപി രംഗത്തെത്തി. മണ്ഡല പുനർനിർണയം അനിവാര്യമാണെന്നും യഥാർത്ഥത്തിൽ 2000-ൽ തന്നെ ഇത് നടപ്പാക്കേണ്ടതായിരുന്നു എന്നുമാണ് ബിജെപി വക്താവ് നാരായണൻ തിരുപ്പതി പ്രതികരിച്ചത്. അതേസമയം വിഷയത്തിൽ പ്രതികരിക്കാൻ എഐഎഡിഎംകെ നേതൃത്വം ഇതുവരെ തയ്യാറായിട്ടില്ല.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

പിന്നിൽ അന്താരാഷ്ട്ര കള്ളക്കടത്ത് സംഘം? മധ്യപ്രദേശിലെ നർവർ കോട്ടയിൽ വൻ കൊള്ള; നഷ്‌ടപ്പെട്ട പീരങ്കിക്കായി അന്വേഷണം
'സെക്കൻഡ് ക്ലാസ് യാത്രക്കാരൻ' എന്ന പ്രയോഗം വേണ്ടെന്ന് സുപ്രീംകോടതി; ട്രെയിനുകളിലെ തിരക്ക് നിയന്ത്രിക്കണമെന്ന് കർശന നിർദേശം