ഓണ്‍ലൈന്‍ കോണ്‍ഫറന്‍സിനിടെ മൈക്ക് ഓണായത് ശ്രദ്ധിച്ചില്ല; കോടതിയെ പഴി പറഞ്ഞ അഭിഭാഷകന് ശാസന

By Web TeamFirst Published Jul 27, 2021, 9:28 AM IST
Highlights

അഭിഭാഷകന്‍റെ പരാമര്‍ശം കേട്ടയുടനേ ആരാണ് ഇത്തരമൊരു പരാമര്‍ശം നടത്തിയതെന്ന് കണ്ടെത്താന്‍ സഹായിയോട് ആവശ്യപ്പെട്ടു. ആരാണെന്ന് കണ്ടെത്തിയതോടെ അഭിഭാഷകന്‍ ലോഗ് ഔട്ട് ചെയ്ത് കോണ്‍ഫറന്‍സിന് പുറത്തുപോവുകയായിരുന്നു.

വീഡിയോ കോണ്‍ഫറന്‍സില്‍ മൈക്ക് ഓണായത് ശ്രദ്ധിക്കാതെ കോടതിയെ പഴി പറഞ്ഞ അഭിഭാഷകന് ശാസനയുമായി ബോംബോ ഹൈക്കോടതി. തിങ്കളാഴ്ച നടന്ന വീഡിയോ കോണ്‍ഫറന്‍സിന് ഇടയിലാണ് സംഭവം. കോടതിമുറിയിലെ ആള്‍ക്കൂട്ടത്തെ പരിഹസിക്കുന്നതായിരുന്നു അഭിഭാഷകന്‍റെ മറാത്തിയിലുള്ള പ്രസ്താവന. അഭിഭാഷകന്‍ ഈ പ്രസ്താവന നടത്തുന്ന സമയത്ത്ത പബ്ലിക് പ്രോസിക്യൂട്ടര്‍മാര്‍, പൊലീസ് കോണ്‍സ്റ്റബിള്‍മാര്‍ പിന്നെ മറ്റു ചിലരും കോടതി മുറിയിലുണ്ടായിരുന്നു.

കൊവിഡ് പശ്ചാത്തലത്തില്‍ കോടതി വ്യവഹാരങ്ങള്‍ വെര്‍ച്വലായാണ് നടക്കുന്നത്. കോടതിയുടെ നടത്തിപ്പ് തടസം കൂടാതെ മുന്നോട്ട് പോകാന്‍ ആവശ്യമായ ജീവനക്കാര്‍ മാത്രമാണ് കോടതിയില്‍ എത്താറുള്ളത്. ഇവര്‍ക്ക് തന്നെയും കോടതിമുറിയില്‍ കയറുന്നതിന് പ്രത്യേക അനുമതിയും ആവശ്യമാണ്. ഇത്തരമൊരു സാഹചര്യത്തിലായിരുന്നു അഭിഭാഷകന്‍ കോടതിമുറിയിലെ ആള്‍ക്കൂട്ടത്തേക്കുറിച്ച് പരിഹസിച്ച് സംസാരിച്ചത്. ജസ്റ്റിസ് കോട്വാള്‍ അഭിഭാഷകന്‍റെ പരാമര്‍ശം കേട്ടയുടനേ ആരാണ് ഇത്തരമൊരു പരാമര്‍ശം നടത്തിയതെന്ന് കണ്ടെത്താന്‍ സഹായിയോട് ആവശ്യപ്പെട്ടു.

ആരാണെന്ന് കണ്ടെത്തിയതോടെ അഭിഭാഷകന്‍ ലോഗ് ഔട്ട് ചെയ്ത് കോണ്‍ഫറന്‍സിന് പുറത്തുപോവുകയായിരുന്നു. ഇതോടെ ഈ അഭിഭാഷകനോട് കോടതിയില്‍ ഹാജരാകാന്‍ ജസ്റ്റിസ് കോട്വാള്‍ നിര്‍ദ്ദേശിക്കുകയായിരുന്നു. വെര്‍ച്വല്‍ ഹിയറിംഗില്‍ ഇത്തരമൊരു പരാമര്‍ശം നടത്തിയ ആളെ എല്ലാവരും കാണട്ടെയെന്നായിരുന്നു ജസ്റ്റിസ് പറഞ്ഞത്. വീണ്ടും വെര്‍ച്വല്‍ ഹിയറിംഗില്‍ എത്തിയ ഉടന്‍ തന്നെ അഭിഭാഷകന്‍ ക്ഷമാപണം നടത്തി.

എന്നാല്‍ അഭിഭാഷകന്‍റെ ക്ഷമാപണം സ്വീകരിക്കാതിരുന്ന കോടതി അഭിഭാഷകനെ രൂക്ഷമായി ശാസിക്കുകയായിരുന്നു. മറ്റ് സഹപ്രവര്‍ത്തകരില്‍ നിന്നും മുതില്ന്ന അഭിഭാഷകരില്‍ നിന്നും കോടതിയെ ബഹുമാനിക്കാന്‍ പഠിക്കണമെന്നും അഭിഭാഷകനോട് കോടതി വ്യക്തമാക്കി. ഇതിന് പിന്നാലെ വെര്‍ച്വല്‍ കോടതിയില്‍ നിന്ന് ജസ്റ്റിസ് കോട്വാള്‍ അഭിഭാഷകനെ പുറത്താക്കുകയായിരുന്നു. 


കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 
 

click me!