
മുംബൈ: ഹോട്ടൽ വ്യവസായി ജയ ഷെട്ടിയെ കൊലപ്പെടുത്തിയെന്ന കേസിൽ അധോലോക നായകൻ ഛോട്ടാ രാജന്‍റെ ജീവപര്യന്തം തടവുശിക്ഷ സസ്പെൻഡ് ചെയ്തു. ഈ കേസിൽ ഛോട്ടാ രാജന് ബോംബെ ഹൈക്കോടതി ജാമ്യം അനുവദിക്കുകയും ചെയ്തു. ജസ്റ്റിസുമാരായ രേവതി മൊഹിതേ ദേരെ, പൃഥ്വിരാജ് ചവാൻ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് ജാമ്യം നൽകിയത്. എന്നാൽ മറ്റ് ക്രിമിനൽ കേസുകൾ ഉള്ളതിനാൽ ഛോട്ടാ രാജന് ഇപ്പോൾ പുറത്തിറങ്ങാനാവില്ല.
2001ലാണ് ജയ ഷെട്ടി കൊല്ലപ്പെട്ടത്. ഈ കേസിൽ പ്രത്യേക കോടതി ഛോട്ടാ രാജന് ജീവപര്യന്തം തടവുശിക്ഷ വിധിച്ചു. ഇതിനെതിരെ രാജൻ ബോംബെ ഹൈക്കോടതിയിൽ അപ്പീൽ നൽകിയിരുന്നു. ശിക്ഷ റദ്ദാക്കണമെന്നും ഇടക്കാല ജാമ്യം അനുവദിക്കണമെന്നും അപേക്ഷിച്ചു. തുടർന്നാണ് കോടതി വിധി.
സെൻട്രൽ മുംബൈയിലെ ഗാംദേവിയിൽ ഗോൾഡൻ ക്രൗൺ എന്ന ഹോട്ടലിന്‍റെ ഉടമയായിരുന്നു ജയ ഷെട്ടി. 2001 മെയ് 4 ന് ഹോട്ടലിന്‍റെ ഒന്നാം നിലയിൽ വച്ച് വെടിയേറ്റാണ് മരിച്ചത്. ഛോട്ടാ രാജന്‍റെ സംഘത്തിലെ രണ്ട് പേരാണ് കൊലപാതകം നടത്തിയെതെന്നാണ് പൊലീസിന്‍റെ കണ്ടെത്തൽ. ഛോട്ടാ രാജന്‍റെ സംഘത്തിലെ അംഗമായ ഹേമന്ത് പൂജാരി പണം ആവശ്യപ്പെട്ട് ജയ ഷെട്ടിയെ ബന്ധപ്പെട്ടിരുന്നുവെന്നും നൽകാത്തതിലുള്ള വൈരാഗ്യം കൊണ്ടാണ് കൊലപ്പെടുത്തിയതെന്നും അന്വേഷണ റിപ്പോർട്ടിൽ പറയുന്നു.
മാധ്യമപ്രവർത്തകൻ ജെ ഡേയെ കൊലപ്പെടുത്തിയ കേസിൽ ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്ന രാജൻ നിലവിൽ ദില്ലിയിലെ തിഹാർ ജയിലിലാണ്. 2015ൽ ഇന്തോനേഷ്യയിലെ ബാലിയിൽ വെച്ചാണ് അറസ്റ്റിലായത്. ട്രേഡ് യൂണിയൻ നേതാവ് ഡോ.ദത്ത സാമന്തിനെ കൊലപ്പെടുത്തിയെന്ന കേസിൽ കഴിഞ്ഞ വർഷം ഛോട്ടാ രാജനെ സിബിഐ കോടതി കുറ്റവിമുക്തനാക്കിയിരുന്നു. തെളിവുകളുടെ അഭാവം ചൂണ്ടിക്കാട്ടിയാണ് കോടതി ഛോട്ടാ രാജനെ കുറ്റവിമുക്തനാക്കിയത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam