അതിര്‍ത്തി സംഘര്‍ഷം: ഇന്ത്യാ-ചൈന സേനാതല ചര്‍ച്ച തീരുമാനമാകാതെ പിരിഞ്ഞു

By Web TeamFirst Published Jun 18, 2020, 12:05 AM IST
Highlights

ഇന്ത്യാ-ചൈന അതിര്‍ത്തിയില്‍ സമാധാനം നിലനിര്‍ത്താന്‍ മന്ത്രിതലയോഗത്തില്‍ തീരുമാനമായെങ്കിലും സേനാതലത്തിലെ ചര്‍ച്ച തീരുമാനമാകാതെ പിരിഞ്ഞു.
 

ദില്ലി: ഇന്ത്യാ-ചൈന അതിര്‍ത്തിയില്‍ സമാധാനം നിലനിര്‍ത്താന്‍ മന്ത്രിതലയോഗത്തില്‍ തീരുമാനമായെങ്കിലും സേനാതലത്തിലെ ചര്‍ച്ച തീരുമാനമാകാതെ പിരിഞ്ഞു. മേജര്‍ ജനറല്‍മാര്‍ക്കിടയിലെ ചര്‍ച്ച മൂന്നര മണിക്കൂര്‍ നീണ്ടുനിന്നെങ്കിലും ധാരണയിലെത്താന്‍ സാധിച്ചില്ല. സേനാ പിന്‍മാറ്റത്തിന് വിദേശകാര്യമന്ത്രിമാര്‍ക്കിടയില്‍ ധാരണയിലെത്തിയതിന് പിന്നാലെയാണിത്. അതേസമയം നാളെ വൈകിട്ട് ചേരുന്ന സര്‍വ്വകക്ഷി യോഗം സ്ഥിതി വിലയിരുത്തും.

വിദേശകാര്യ മന്ത്രി എസ് ജയശങ്കറും ചൈനീസ് വിദേശകാര്യ മന്ത്രിയും നടത്തിയ സംഭാഷണത്തിലാണ് നേരേെത്ത സേനാ പിന്മാറ്റത്തിന് ധാരണയിലെത്തിയത്. അപ്പോഴും ചൈനീസ് സേന അതിന് തയ്യാറായിരുന്നില്ല. ഇന്ത്യ ചൈന സംഘര്‍ഷം ഒരു യുദ്ധത്തിലേക്ക് നീങ്ങാതിരിക്കാനുള്ള നിലപാടാണ് രണ്ട് രാജ്യങ്ങളും ഇപ്പോള്‍ പ്രകടിപ്പിക്കുന്നത്. ഉച്ചയോടെ വിദേശ കാര്യമന്ത്രി എസ് ജയശങ്കര്‍ ചൈനീസ് വിദേശകാര്യമന്ത്രിയുമായി സംസാരിച്ചു. 

ചൈനീസ് സേനയുടെ ആസൂത്രിത നീക്കമാണ് സംഘര്‍ഷത്തിനിടയാക്കിയതെന്ന് വിദേശകാര്യമന്ത്രി പറഞ്ഞു. ഇന്ത്യ ചൈന ബന്ധത്തില്‍ ഇത് വലിയ പ്രത്യാഘാതമുണ്ടാക്കുമെന്നു എസ് ജയശങ്കര്‍ മുന്നറിയിപ്പ് നല്‍കി. എന്നാല്‍ ഇന്ത്യ അതിര്‍ത്തി ലംഘിച്ചു എന്ന നിലപാട് ചൈന ആവര്‍ത്തിച്ചു. സംഘര്‍ഷത്തിന് ഇടയാക്കുന്ന ഒരു നടപടിയും സ്വീകരിക്കില്ലെന്ന ധാരണയാണ് സംഭാഷണത്തിലുണ്ടായത്.

വെള്ളിയാഴ്ച വൈകിട്ടാണ് സര്‍വ്വകക്ഷിയോഗം ചേരുന്നത്. ലഡാക്കില്‍ ചൈനീസ് അതിര്‍ത്തിയില്‍ നടന്ന സംഘര്‍ഷത്തില്‍ പരിക്കേറ്റ നാല് ഇന്ത്യന്‍ സൈനികരുടെ നില ഗുരുതരമായി തുടരുകയാണ്. ജവാന്മാരുടെ ത്യാഗം വെറുതെയാവില്ലെന്ന് കരസേനാ മേധാവി ജനറല്‍ എം എം നരവനെ വ്യക്തമാക്കി. ലഡാക്കില്‍ കടന്നുകയറി ചൈനീസ് സേനയെ പ്രതിരോധിക്കവെ വീരമൃത്യുവരിച്ച കമാന്റിങ് ഓഫീസര്‍ കേണല്‍ സന്തോഷ് ബാബു ഉള്‍പ്പടെ 20 ധീരസൈനികരുടെ മൃതദേഹം ലേയിലെത്തിച്ചു.

വീരമൃത്യു വരിച്ച ജവാന്മാര്‍ക്ക് ലേയില്‍ കരസേന ആദരാഞ്ജലി അര്‍പ്പിച്ചു. സംഘര്‍ഷത്തില്‍ 40 ല്‍ അധികം ചൈനീസ് സൈനികര്‍ മരിക്കുകയോ ഗുരുതരമായി പരിക്കേല്‍ക്കുകയോ ചെയ്തിട്ടുണ്ടാവാം എന്നാണ് കരസേനയുടെ അനുമാനം. ചൈനീസ് യൂണിറ്റിന്റെ കമാന്‍ഡിംഗ് ഓഫീസറും സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ടെന്ന് ഉന്നത വ്യത്തങ്ങള്‍ പറയുന്നു. 

സൈനികര്‍ മരിച്ചതായുള്ള റിപ്പോര്‍ട്ട് ചൈന തള്ളിയിട്ടില്ല. എന്നാല്‍ എത്ര പേര്‍ മരിച്ചു എന്ന കാര്യത്തില്‍ ചൈനീസ് സര്‍ക്കാരും ചൈനീസ് മാധ്യമങ്ങളും മൗനം തുടരുകയാണ്. തിങ്കളാഴ്ച ഉച്ചതിരിഞ്ഞാണ് ഇന്ത്യന്‍ സംഘം പെട്രോളിംഗിനായി അതിര്‍ത്തിയില്‍ എത്തിയത്. 50 സൈനികര്‍ ഉള്‍പ്പെടുന്ന ഇന്ത്യന്‍ സംഘം ചൈനീസ് സൈനികരോട് പിന്‍മാറാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ 250 ഓളം വരുന്ന ചൈനീസ് സംഘം ഇന്ത്യന്‍ സൈനികരെ ആക്രമിക്കുകയായിരുന്നു. അതിനിടെ അതിര്‍ത്തി ജില്ലകളില്‍ അതീവ ജാഗ്രത തുടരുകയാണ്.
 

click me!