
സൂറത്ത്: പ്ലാസ്റ്റർ ഓഫ് പാരിസ് കഷ്ണം തലയിൽ വീണ് 12 വയസ്സുകാരന് ദാരുണാന്ത്യം. ഗുജറാത്തിലെ സൂറത്തിലാണ് സംഭവം. സംഭവത്തിന്‍റെ സിസിടിവി ദൃശ്യം സോഷ്യൽ മീഡിയയിലൂടെ പുറത്തുവന്നു.
ഗുജറാത്തിലെ സർത്താനയ്ക്കടുത്തുള്ള പാർപ്പിട സമുച്ചയത്തിൽ നിരവധി കുട്ടികൾ ക്രിക്കറ്റ് കളിക്കുന്നത് കാണാം. അതിനിടെയാണ് അഞ്ചാം നിലയിലെ വീടിന്‍റെ ബാൽക്കണിയിൽ നിന്ന് പ്ലാസ്റ്റർ ഓഫ് പാരിസ് അടർന്ന് കൂട്ടത്തിലെ ഒരു കുട്ടിയുടെ തലയിൽ വീണത്. തുടർന്ന് കുട്ടി അബോധാവസ്ഥയിലായി. ഏപ്രിൽ 11നായിരുന്നു സംഭവം.
തലയ്ക്ക് പരിക്കേറ്റ് സൂറത്തിലെ ആശുപത്രിയിൽ 10 ദിവസത്തിലേറെയായി ചികിത്സയിലായിരുന്ന 12 വയസ്സുകാരൻ മരിച്ചു. ആറാം ക്ലാസ് വിദ്യാർത്ഥിയായ മന്ത്ര കേതൻഭായ് ആണ് മരിച്ചതെന്ന് ഫ്രീ പ്രസ് ജേർണൽ റിപ്പോർട്ട് ചെയ്തു. കെട്ടിട പരിസരത്തെ സിസിടിവി ക്യാമറയിൽ സംഭവം പതിഞ്ഞു. മുകളിൽ നിന്ന് ഒരു വസ്തു മന്ത്രയുടെ തലയിലേക്ക് വീഴുന്നത് വീഡിയോയിൽ കാണാം. കുട്ടി ഉടൻ തന്നെ നിലത്തു വീണു. അമ്രേലി ജില്ലയിലെ സവർകുണ്ഡ്ലയാണ് മന്ത്രയുടെ കുടുംബത്തിന്‍റെ സ്വദേശം.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം