
ദില്ലി: അതിർത്തി സംഘർഷം രൂക്ഷമായി തുടരുന്നതിനിടെ ദില്ലിയിൽ തിരക്കിട്ട നീക്കങ്ങൾ. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ സേനാമേധാവിമാർ അടക്കം പങ്കെടുക്കുന്ന യോഗം പുരോഗമിക്കുകയാണ്. ദില്ലിയിൽ പ്രധാനമന്ത്രിയുടെ വസതിയിലാണ് യോഗം നടക്കുന്നത്. പ്രതിരോധ മന്ത്രിയും ദേശീയ സുരക്ഷ ഉപദേഷ്ടാവും യോഗത്തിൽ പങ്കെടുക്കുന്നുണ്ട്. സുരക്ഷാ കാര്യങ്ങൾക്കായുള്ള മന്ത്രിസഭാ സമിതി യോഗം നാളെ വീണ്ടും ചേരും. ഐക്യരാഷ്ട്രസഭയിൽ പാകിസ്ഥാനെ തെമ്മാടി രാജ്യമെന്ന് വിശേഷിപ്പിച്ച ഇന്ത്യ, പാക് വിമാനങ്ങൾക്കും കപ്പലുകൾക്കും നിയന്ത്രണം പ്രഖ്യാപിക്കുമെന്നാണ് വിലയിരുത്തൽ.
നാളെ പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ സുരക്ഷാ കാര്യങ്ങള്‍ക്കുള്ള നിര്‍ണ്ണായക മന്ത്രിസഭ യോഗവും നടക്കും. പഹല്‍ഗാം ഭീകരാക്രമണത്തിന് ശേഷം രണ്ടാം തവണയാണ് സുരക്ഷാ കാര്യങ്ങള്‍ക്കുള്ള മന്ത്രിസഭാ യോഗം ചേരുന്നത്. ആദ്യ യോഗത്തിലാണ് നയതന്ത്ര - സൈനിക തലങ്ങളില്‍ പാകിസ്ഥാനെതിരെ കൂടുതല്‍ നടപടികള്‍ സ്വീകരിക്കാന്‍ തീരുമാനിച്ചത്. നിയന്ത്രണ രേഖയിലും മറ്റ് അതിര്‍ത്തികളിലുമുള്ള ഏറ്റുമുട്ടല്‍ യോഗം വിലയിരുത്തും. സ്ഥലം എവിടെയെന്ന് വെളിപ്പെടുത്താതെ നടത്തുന്ന ആക്രമണത്തിന്‍റെയും വിശദാംശങ്ങള്‍ സമിതി പരിശോധിക്കും. യോഗത്തിന്‍റെ തീരുമാനം എന്താകുമെന്നതില്‍ കടുത്ത ആകാംക്ഷ നിലനില്‍ക്കുകയാണ്. ഇതിനിടെയാണ് ആഭ്യന്തര മന്ത്രാലയത്തില്‍ ഉന്നത തല യോഗം ചേര്‍ന്നത്. ആഭ്യന്തര സെക്രട്ടറി വിളിച്ച യോഗത്തില്‍ ബിഎസ്എഫ്, സിആര്‍പിഎഫ്, അസംറൈഫിള്‍സ്, എന്‍എസ് ജി മേധാവിമാര്‍ പങ്കെടുത്ത് സാഹചര്യം വിലയിരുത്തി. രാവിലെ നടന്ന പൊതു പരിപാടിയില്‍ ലക്ഷ്യം വലുതാണെന്നും, സമയം കുറവാണെന്നമുള്ള പ്രധാനമന്ത്രിയുടെ പരാമര്‍ശം അടിയന്തര സാഹചര്യത്തിന്‍റെ സൂചനയായി.
ഇതിനിടെ പാകിസ്ഥാനില്‍ നിന്ന് നുഴഞ്ഞു കയറിയ ഹാഷിം മൂസ തന്നെയാണ് ആക്രമണത്തിന് നേതൃത്വം നല്‍കിയതെന്ന വ്യക്തമായ വിവരം ഏജന്‍സികള്‍ക്ക് കിട്ടി. അന്താരാഷ്ട്ര അതിര്‍ത്തിയില്‍ മുള്ളുവേലി അറുത്ത് മാറ്റിയാണ് ഭീകരര്‍ ഇന്ത്യയിലേക്ക് കടന്നത്. കാടുകളില്‍ ഒളിച്ച് താമസിച്ച് ആക്രണം നടത്താനുള്ള കമാന്‍ഡോ ട്രെയിനിംഗ്, പാക് സേനകളില്‍ നിന്ന് കിട്ടിയ ശേഷമാണ് മൂസ നുഴഞ്ഞു കയറിയത്. ഇതിന് മുന്‍പ് സോന്‍മാര്‍ഗ് തുരങ്കത്തിലടക്കം നടന്ന ആക്രമണങ്ങളിലും ഹാഷിം മൂസക്ക് പങ്കുണ്ടായിരുന്നുവെന്ന വിവരവും കിട്ടിയിട്ടുണ്ട്. അതേ സമയം പഞ്ചാബ് അതിര്‍ത്തിയില്‍ പാകിസ്ഥാന്‍ തടഞ്ഞു വച്ചിരിക്കുന്ന ബിഎസ്എഫ് ജവാനെ മോചിപ്പിക്കാന്‍ പാകിസ്ഥാന്‍ ഇനിയും തയ്യാറായിട്ടില്ല. ജവാനെ തടഞ്ഞുവച്ചതായുള്ള ഔദ്യോഗിക കുറിപ്പും പാകിസ്ഥാന്‍ ഇതുവരെ നല്‍കിയിട്ടില്ലെന്ന് ബിഎസ്എഫ് വൃത്തങ്ങൾ പറഞ്ഞു.