
ഭോപ്പാല്‍: മധ്യപ്രദേശില്‍ ആദിവാസി യുവാവിന്റെ മുഖത്ത് മൂത്രമൊഴിച്ച സംഭവത്തില്‍ പ്രതിയായ പ്രവേഷ് ശുക്ലയുടെ പൊളിച്ചുനീക്കിയ വീട് പുനർനിര്‍മിക്കാൻ ബ്രാഹ്‌മണ സംഘടന. വീട് പൊളിച്ചതിൽ പ്രതിഷേധിച്ച ബ്രാഹ്മിൺ സമാജ് പ്രതിയുടെ വീട് പുനർനിർമിക്കുന്നതിനാവശ്യമായ പണം കണ്ടെത്തുന്നതിനായി ധന സമാഹരണ കാമ്പയിൻ ആരംഭിച്ചു. സംഘടനയുടെ നേതൃത്വത്തിലാണ് പണസമാഹരണമെന്ന് ഇന്ത്യാ ടുഡേ റിപ്പോർട്ട് ചെയ്തു. ഈമാസം അഞ്ചിന് ആണ് പ്രതി പ്രവേഷ് ശുക്ലയുടെ വീട് പൊലീസ് ബുൾഡോസർ ഉപയോഗിച്ച് ഇടിച്ചുനിരത്തിയത്. സർക്കാരിന്റെ ഉത്തരവിനെ തുടർന്നാണ് വീട് തകർത്തത്.
പൊലീസ് നടപടി അംഗീകരിക്കാനാവില്ലെന്നും സംഘടനയുടെ നേതൃത്വത്തില്‍ കുടുംബത്തിനായി വീട് നിര്‍മിച്ച് നല്‍കുമെന്നും ബ്രാഹ്‌മിണ്‍ സമാജ് സംസ്ഥാന അധ്യക്ഷന്‍ പുഷ്‌പേന്ദ്ര മിശ്ര പറഞ്ഞു. പ്രവേഷ് ചെയ്ത തെറ്റിന് കുടുംബം ദുരിതം അനുഭവിക്കേണ്ടത് എന്തിനാണെന്ന് പുഷ്പേന്ദ്ര ചോദിക്കുന്നു. കുടുംബത്തിന് 51,000 രൂപയുടെ ധനസഹായം കൈമാറിയിട്ടുണ്ട്. പൊളിച്ച വീട് പുനർനിര്‍മാമിക്കാനായി ആവശ്യമായ തുക ജനങ്ങള്‍ നല്‍കുന്നുണ്ടെന്നും പുഷ്‌പേന്ദ്ര മിശ്ര പറഞ്ഞു.
ആദിവാസി യുവാവിന്റെ മേൽ മൂത്രമൊഴിച്ച സംഭവത്തിന്റെ വീഡിയോ വൈറലായതിന് പിന്നാലെ പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തിരുന്നു. ഇയാൾക്കെതിരെ ദേശീയ സുരക്ഷ നിയമ പ്രകാരമാണ് കേസെടുത്ത് റേവ ജയിലിൽ അയച്ചു. സിദ്ധി ജില്ലയിലാണ് രാജ്യത്തെ ഞെട്ടിച്ച സംഭവം നടന്നത്. നിലത്തിരിക്കുന്ന ആദിവാസി യുവാവിന്റെ മുഖത്തേക്ക് ഇയാൾ മൂത്രമൊഴിക്കുന്ന ദൃശ്യങ്ങളും ചിത്രങ്ങളും സോഷ്യൽമീഡിയയിൽ വ്യാപകമായി പ്രചരിക്കുകയും രൂക്ഷമായ വിമർശനമുയരുകയും ചെയ്തിരുന്നു.
ഇതിന് പിന്നാലെ ആദിവാസി യുവാവിന്റെ കാൽ കഴുകി മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാൻ ക്ഷമാപണം നടത്തിയിരുന്നു. ഭോപ്പാലിൽ മുഖ്യമന്ത്രിയുടെ വസതിയിൽ വച്ചാണ് ആദിവാസി യുവാവായ ദഷ്മത് റാവത്തിനെ ശിവരാജ് സിങ് ചൗഹാൻ കണ്ടത്. ആദിവാസി യുവാവിന്‍റെ കാലു കഴുകിയ ശേഷം മുഖ്യമന്ത്രി ക്ഷമാപണം നടത്തിയത്. ഭോപ്പാലിലെ സ്മാര്‍ട് സിറ്റി പാര്‍ക്കില്‍ യുവാവിനൊപ്പമെത്തിയ മുഖ്യമന്ത്രി വൃക്ഷ തൈയും നട്ടാണ് മടങ്ങിയത്.
Read More : ഫേസ്ബുക്ക് പരിചയം, പച്ചവെള്ളം പോലെ ഇഗ്ലീഷ്; കാനഡ വിസ വാഗ്ദാനം ചെയ്ത് ഒഡിഷക്കാരൻ പണം തട്ടി, പൊക്കി പൊലീസ്
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam