
ലഖ്നൗ: അനുഭവ് സിന്‍ഹ സംവിധാനം ചെയ്യുന്ന 'ആര്‍ട്ടിക്ക്ള്‍ 15' നെതിരെ ഉത്തര്‍പ്രദേശിലെ ബ്രാഹ്മണ സംഘടനകള്‍ രംഗത്ത്. ചിത്രം ബ്രാഹ്മണ സമൂഹത്തെ മന:പൂര്‍വം അപമാനിക്കുന്നതാണെന്നും റിലീസ് തടയുമെന്നും ബ്രാഹ്മണ സംഘടനയായ പരശുറാം സേനയുടെ വിദ്യാര്‍ത്ഥി നേതാവ് കുശാല്‍ തിവാരി പറഞ്ഞു. താക്കൂര്‍ സമുദായത്തിന് പദ്മാവത് സിനിമയുടെ റിലീസ് തടയാമെങ്കില്‍ എന്തുകൊണ്ട് ഞങ്ങളെ അപമാനിക്കുന്ന സിനിമ തടഞ്ഞുകൂടെന്ന് അദ്ദേഹം ചോദിച്ചു. സിനിമക്കെതിരെ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചാരണം നടത്തും. സംവിധായകന്‍ അനുഭവ് സിന്‍ഹ ഫോണ്‍ കാള്‍ എടുത്തില്ലെന്നും കുശാല്‍ തിവാരി ആരോപിച്ചു.
എല്ലാവര്‍ക്കും തുല്യത നല്‍കുന്ന ആര്‍ട്ടിക്ക്ള്‍ 15നെക്കുറിച്ചാണ് സിനിമയെടുക്കുന്നത്. ബദ്വാന്‍ സംഭവം മാത്രമല്ല സിനിമയിലുള്ളതെന്നും പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച മനോജ് പഹ്വ പറഞ്ഞു. വാര്‍ത്തയെക്കുറിച്ച് അനുഭവ് സിന്‍ഹ പ്രതികരിച്ചിട്ടില്ല. ഇന്ത്യയിലെ ജാതീയ പ്രശ്നം പ്രമേയമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്. വിവാദമായ ബദ്വാന്‍ ബലാത്സംഗ,കൊലപാതകക്കേസിനെ അടിസ്ഥാനപ്പെടുത്തിയാണ് സിനിമയുടെ ഇതിവൃത്തം. സംഭവവുമായി ബന്ധമില്ലാത്ത ബ്രാഹ്മണരെയാണ് സിനിമയില്‍ പ്രതികളായി കാണിക്കുന്നതെന്നും ഇത് ബ്രാഹ്മണ സമൂഹത്തെ അപകീര്‍ത്താനാണെന്നുമാണ് സംഘടനകളുടെ ആരോപണം. ജൂണ്‍ 28നാണ് സിനിമ റിലീസ് ചെയ്യുന്നത്. ട്രെയിലറില്‍ കുറ്റവാളികളെക്കുറിച്ച് 'മഹന്ത്ജി കെ ലഡ്കെ' എന്നു പറയുന്നുണ്ട്. ഉത്തര്‍പ്രദേശില്‍ മഹന്ത്ജി എന്ന് ബ്രാഹ്മണരെയാണ് അഭിസംബോധന ചെയ്യുന്നത്.
മൂന്ന് രൂപ കൂലി കൂട്ടിച്ചോദിച്ചതിന് ദളിത് സഹോദരിമാരെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി മരത്തില്‍ കെട്ടിത്തൂക്കുന്നതാണ് ചിത്രത്തിന്‍റെ കഥയെന്ന് ട്രെയിലറില്‍ വ്യക്തമായിരുന്നു. അന്വേഷണ ഉദ്യോഗസ്ഥന്‍റെ വേഷത്തിലാണ് ആയുഷ്മാന്‍ ഖുരാന എത്തുന്നത്. 2014ല്‍ അഖിലേഷ് യാദവ് സര്‍ക്കാര്‍ ഭരിക്കുന്ന സമയത്താണ് വിവാദമായ ബദ്വ സംഭവം നടക്കുന്നത്. കൂലി കൂട്ടി ചോദിച്ചതിന് രണ്ട് ദളിത് സഹോദരിമാരെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയതായിരുന്നു കേസ്.
പപ്പു യാദവ്, അവധേഷ് യാദവ്, ഉര്‍വേഷ് യാദവ്, ഛത്രപാല്‍ യാദവ്, സര്‍വേശ് യാദവ് എന്നിവര്‍ പിടിയിലായി. ഇതില്‍ ഛത്രപാല്‍ യാദവും സര്‍വേശ് യാദവും പൊലീസ് ഉദ്യോഗസ്ഥരായിരുന്നു. കേസില്‍ യാദവരെ സംരക്ഷിക്കുന്നതിനായി സര്‍ക്കാര്‍ സമ്മര്‍ദം ചെലുത്തിയെന്ന് ആരോപണമുയര്‍ന്നിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam