ഇന്ത്യൻ തുറുപ്പ് ചീട്ട്, വാങ്ങാൻ ഗൾഫ്, ലാറ്റിൻ അമേരിക്ക, ഏഷ്യൻ രാജ്യങ്ങൾ; പ്രതിരോധ കയറ്റുമതിയിൽ 56 മടങ്ങ് വർധനവ്, ബ്രഹ്മോസ് ചിറകിൽ ഇന്ത്യൻ മുന്നേറ്റം

Published : Jul 01, 2026, 04:03 PM IST
BrahMos missile

Synopsis

തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങൾക്ക് പുറമെ പശ്ചിമേഷ്യ (ഗൾഫ്), ലാറ്റിൻ അമേരിക്കൻ മേഖലകളിലെ 6 പ്രമുഖ രാജ്യങ്ങൾ കൂടി മിസൈൽ സ്വന്തമാക്കാൻ താല്പര്യം പ്രകടിപ്പിച്ചതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടെ ഇന്ത്യയുടെ പ്രതിരോധ കയറ്റുമതിയിൽ 56 മടങ്ങിന്റെ റെക്കോർഡ് വർധനവുണ്ടായി. 

ദില്ലി: ആഗോള പ്രതിരോധ വിപണിയിൽ വൻ ശക്തിയായി മാറി ഇന്ത്യ ഇന്ത്യയുടെ കുതിപ്പ്. കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടെ രാജ്യത്തിന്റെ പ്രതിരോധ കയറ്റുമതിയിൽ 56 മടങ്ങിന്റെ റെക്കോർഡ് വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 'മെയ്ഡ് ഇൻ ഇന്ത്യ' പ്രതിരോധ സാമഗ്രികൾ ഇപ്പോൾ ലോകമെമ്പാടുമുള്ള എൺപതിലധികം രാജ്യങ്ങളിലേക്കാണ് കയറ്റി അയക്കുന്നത്. ഇന്ത്യയുടെ അഭിമാനമായ ബ്രഹ്‌മോസ് സൂപ്പർസോണിക് ക്രൂയിസ് മിസൈലുകൾക്കായി ഗൾഫ്, ലാറ്റിൻ അമേരിക്ക, ഏഷ്യൻ രാജ്യങ്ങളിൽ നിന്ന് പുതിയ അന്വേഷണങ്ങൾ എത്തുന്നതായും ഇന്ത്യ ലോകത്തിലെ ഏറ്റവും വേഗത്തിൽ വളരുന്ന ഡ്രോൺ വിപണിയായി മാറുന്നതായും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. 

തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങൾക്ക് പുറമെ പശ്ചിമേഷ്യ (ഗൾഫ്), ലാറ്റിൻ അമേരിക്കൻ മേഖലകളിലെ 6 പ്രമുഖ രാജ്യങ്ങൾ കൂടി മിസൈൽ സ്വന്തമാക്കാൻ താല്പര്യം പ്രകടിപ്പിച്ചതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ആഗോള പ്രതിരോധ കയറ്റുമതിയിൽ വലിയൊരു ശക്തിയായി മാറാനുള്ള ഇന്ത്യയുടെ ശ്രമങ്ങൾക്ക് ഈ മുന്നേറ്റം വൻ ഊർജ്ജമാണ് നൽകുന്നത്. സൗദി അറേബ്യ, ഈജിപ്ത്, തായ്‌ലൻഡ്, ബ്രസീൽ, ചിലി എന്നിവർക്ക് പുറമെ ഗൾഫ് മേഖലയിൽ നിന്ന് യുണൈറ്റഡ് അറബ് എമിറേറ്റ്സും (UAE) മിസൈൽ വാങ്ങാനുള്ള ചർച്ചകളിലാണ്. യു.എ.ഇയുമായുള്ള ചർച്ചകൾ കരാറിലേക്ക് എത്തിയാൽ, ഗൾഫ് മേഖലയിലേക്കുള്ള ബ്രഹ്മോസിന്റെ ആദ്യത്തെ കയറ്റുമതിയായി ഇത് മാറും. 

ബ്രഹ്‌മോസ് മിസൈൽ സംവിധാനം വാങ്ങാൻ ഇന്ത്യയുമായി യുഎഇ ചർച്ചകൾ നടത്തിയതായി ദേശീയ മാധ്യമങ്ങളുടെ റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ ഇക്കാര്യത്തിൽ ഇന്ത്യയോ യുഎഇയോ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. പ്രതിരോധ മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം, 2013-14 സാമ്പത്തിക വർഷത്തിൽ വെറും 686 കോടി രൂപയായിരുന്ന ഇന്ത്യയുടെ പ്രതിരോധ കയറ്റുമതി, 2025-26 സാമ്പത്തിക വർഷത്തിൽ 38,424 കോടി രൂപയായി ഉയർന്നു. മുൻ വർഷത്തെ അപേക്ഷിച്ച് (23,622 കോടി രൂപ) 62.66 ശതമാനത്തിന്റെ വൻ വളർച്ചയാണ് ഇത്തവണ ഉണ്ടായിരിക്കുന്നത്. പൊതുമേഖലയുടെ കരുത്ത്: പ്രതിരോധ മേഖലയിലെ പൊതുമേഖലാ സ്ഥാപനങ്ങളാണ് ഈ മുന്നേറ്റത്തിന് പ്രധാന പങ്കുവഹിച്ചത്. 

പൊതുമേഖലാ കയറ്റുമതിയിൽ 151 ശതമാനം വർധനവോടെ 21,071 കോടി രൂപയായി ഉയർന്നു. സ്വകാര്യ മേഖല 17,353 കോടി രൂപയുടെ സംഭാവന നൽകി (14% വർധനവ്). നേരത്തെ സൈപ്രസ്, ഗ്രീസ്, നോർഡിക് രാജ്യങ്ങൾ തുടങ്ങിയവർ ഇന്ത്യയിൽ നിന്ന് ആയുധങ്ങൾ വാങ്ങാൻ താത്പര്യമറിയിച്ചിരുന്നു. പ്രതിരോധ ഉൽപ്പാദനത്തിൽ സ്വയംപര്യാപ്തത കൈവരിക്കുന്നതിനൊപ്പം മികച്ച ഒരു കയറ്റുമതി രാജ്യമായി മാറാനും ഇന്ത്യക്ക് സാധിക്കുന്നു എന്നതിന്റെ വ്യക്തമായ തെളിവാണ് ഈ പുതിയ റെക്കോർഡ് നേട്ടങ്ങൾ. നിലവിൽ 145 സജീവ പ്രതിരോധ കയറ്റുമതി കമ്പനികളാണ് ഇന്ത്യയിലുള്ളത്. ബ്രഹ്മോസ് മിസൈലുകൾ, ആകാശ് മിസൈൽ സംവിധാനം, പിനാക മൾട്ടി-ബാരൽ റോക്കറ്റ് ലോഞ്ചറുകൾ, റഡാറുകൾ, പീരങ്കികൾ, പട്രോൾ ബോട്ടുകൾ എന്നിവയ്ക്ക് ആഗോളതലത്തിൽ വൻ ഡിമാൻഡാണ്. 

സിംഗപ്പൂരിൽ നടന്ന ഷാംഗ്രി-ലാ ഡയലോഗിൽ പ്രതിരോധ സെക്രട്ടറി രാജേഷ് കുമാർ സിംഗ് വ്യക്തമാക്കിയതനുസരിച്ച്, വിയറ്റ്നാമുമായി ഇന്ത്യ ബ്രഹ്മോസ് സൂപ്പർസോണിക് ക്രൂയിസ് മിസൈൽ കരാറിൽ ഒപ്പുവെച്ചിട്ടുണ്ട്. ഇന്തോനേഷ്യയുമായുള്ള സമാനമായ കരാർ അവസാന ഘട്ടത്തിലാണ്. ഫിലിപ്പീൻസ് നേരത്തെ തന്നെ 375 മില്യൺ ഡോളറിന്റെ ബ്രഹ്മോസ് കരാർ ഇന്ത്യയുമായി ഒപ്പിട്ടിരുന്നു. ആധുനിക പ്രതിരോധ സാമഗ്രികളായ ATAGS (Advanced Towed Artillery Gun System) പീരങ്കികൾ, പിനാക റോക്കറ്റ് ലോഞ്ചറുകൾ, ആകാശ്-1S മിസൈലുകൾ എന്നിവ ഇന്ത്യ അർമേനിയയ്ക്ക് വിജയകരമായി കൈമാറി കഴിഞ്ഞു.

ബ്രഹ്‌മോസ്- ഇന്ത്യൻ തുറുപ്പ് ചീട്ട്

ഏകദേശം 2.8 മാക് വേഗതയിൽ സഞ്ചരിക്കുന്ന ബ്രഹ്‌മോസ് മിസൈലുകളുടെ ഏറ്റവും പുതിയ വകഭേദത്തിന് 450 കിലോമീറ്റർ വരെ ദൂരപരിധിയുണ്ട്. സൂപ്പർസോണിക് വിഭാഗത്തിൽ ലോകത്ത് ഏറ്റവും വേഗത്തിൽ സഞ്ചരിക്കുന്ന ക്രൂയിസ് മിസൈലുകളിലൊന്നാണ് ബ്രഹ്‌മോസ്. 200 മുതൽ 300 കിലോഗ്രം വരെ ഭാരമുള്ള പോർമുനകൾ വഹിക്കാൻ ശേഷിയുള്ള ബ്രഹ്‌മോസിന് ആണവായുധവും വഹിക്കാനാകും. മിസൈൽ ടെക്‌നോളജി കൺട്രോൾ റെജിം ( എംടിസിആർ) അംഗമല്ലാത്ത രാജ്യങ്ങളിലേക്ക് 300 കിലോമീറ്ററിൽ കൂടുതൽ പരിധിയുള്ള മിസൈലുകൾ വിൽക്കുന്നതിന് വിലക്കുള്ളതിനാൽ ഇന്ത്യ കയറ്റുമതി ചെയ്ത ബ്രഹ്‌മോസ് മിസൈലുകൾ ഈ പരിധിക്കുള്ളിൽ നിൽക്കുന്നവയാണ്. നിലവിൽ റഷ്യ തങ്ങളുടെ പുതിയ അന്തർവാഹിനികളിൽ ബ്രഹ്‌മോസ് ഉൾപ്പെടുത്താൻ ആലോചിക്കുന്നുണ്ട്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ബംബിളിലൂടെ പരിചയപ്പെട്ടു, യുവാവിനൊപ്പം അപ്പാർട്ട്മെന്‍റിൽ ഡേറ്റിന് പോയി, വർഷങ്ങൾക്ക് ശേഷം പുറത്തുവന്ന വീഡിയോ കണ്ട് യുവതി ഞെട്ടി; പൊലീസിൽ പരാതി
സിസിടിവി നോക്കിയപ്പോൾ പാതിരാത്രി കടയിൽ കയറിയത് 'മോദി', മുഖംമൂടി ധരിച്ച് കവർന്നത് ഡസൻകണക്കിന് സ്മാർട്ട്‌ഫോണുകൾ; അന്വേഷണം തുടരുന്നു