
പൂനെ: നിറവയറിൽ വാഹനാപകടം. മസ്തിഷ്ക മരണം സംഭവിച്ചിട്ടും ആൺകുഞ്ഞിന് ജന്മം നൽകി 25കാരി. യുവതിയുടെ അവയവങ്ങൾ പുതുജീവനായത് നാല് പേർക്ക്. മഹാരാഷ്ട്രയിലെ പൂനെയിലാണ് സംഭവം. ഭർത്താവിനൊപ്പം ബൈക്കിൽ പോവുന്നതിനിടയിൽ ജനുവരി 20നാണ് 38 ആഴ്ച ഗർഭിണിയായ 25കാരി അപകടത്തിൽപ്പെടുന്നത്.
തലയ്ക്ക് പരിക്കേറ്റ യുവതിയെ ഉടൻ തന്നെ സമീപത്തെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. ഇവിടെ നിന്ന് ആരോഗ്യ നില മോശമായതിന് പിന്നാലെ യുവതിയെ ഘാരടിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. സിസേറിയനിലൂടെ യുവതിയുടെ കുഞ്ഞിനെ പുറത്തെടുത്തു. ശസ്ത്രക്രിയയ്ക്ക് പിന്നാലെ യുവതിക്ക് മസ്തിഷ്ക മരണം സംഭവിക്കുകയായിരുന്നു. വിവരം ബന്ധുക്കളെ അറിയിച്ചപ്പോൾ ഇവർ യുവതിയെ പൂനെയിലെ ഡിപിയു സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രിയിലേക്ക് മാറ്റി. ഇവിടെ വച്ച് മുൻപ് പ്രവേശിപ്പിച്ച ആശുപത്രിയിലെ ഡോക്ടർമാരുടെ നടപടികൾ കൃത്യമാണെന്ന് അധികൃതർ കുടുംബാംഗങ്ങളോട് സ്ഥിരീകരിച്ചു.
ഇതിന് പിന്നാലെ കുടുംബാംഗങ്ങൾക്ക് നൽകിയ കൌൺസിലിംഗിന് ശേഷം ബന്ധുക്കൾ അവയവ ദാനത്തിന് സന്നദ്ധത പ്രകടിപ്പിക്കുകയായിരുന്നു. ഇതിന് പിന്നാലെ ജനുവരി 24ന് യുവതിയുടെ വൃക്കകളും കരളും കോർണിയകളും കുടുംബം ദാനം ചെയ്യുകയായിരുന്നു. യുവതിയുടെ മകന് പരിപാലിക്കേണ്ട രീതികളും മുലയൂട്ടലിന് ആവശ്യമായ സഹായങ്ങളും ആശുപത്രിയിൽ നിന്ന് നൽകി വരികയാണ്. ജനന സമയത്ത് 2.9 കിലോ ഭാരമുള്ള ആൺകുഞ്ഞ് പൂർണ ആരോഗ്യവാനാണെന്നാണ് ആശുപത്രി അധികൃതർ വിശദമാക്കുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം