'ഹനുമാന്‍ മൃതസജ്ഞീവനി കൊണ്ടുവന്നപോലെ'; ഇന്ത്യയോട് മരുന്ന് നല്‍കണമെന്ന് ബ്രസീല്‍ പ്രസിഡന്റ്

By Web TeamFirst Published Apr 8, 2020, 3:09 PM IST
Highlights

യുഎസിനെ കൂടാതെ മുപ്പതോളം രാജ്യങ്ങളാണ് മലേറിയക്കെതിരെ ഉപയോഗിക്കുന്ന ഹൈഡ്രോക്ലോറോക്വിന്‍ എന്ന മരുന്ന് നല്‍കണമെന്ന് ഇന്ത്യയോട് അഭ്യര്‍ത്ഥിച്ചിരിക്കുന്നത്.

ദില്ലി: കൊവിഡ് 19 പ്രതിരോധിക്കാനുള്ള മരുന്ന് നല്‍കണമെന്ന് ഇന്ത്യയോട് അഭ്യര്‍ത്ഥിച്ച് ബ്രസീല്‍. രാമായണത്തില്‍ നിന്നുള്ള ഭാഗം പരാമര്‍ശിച്ചാണ് ഇന്ത്യക്ക് ബ്രസീല്‍ പ്രസിഡന്റ് ജെയര്‍ ബൊല്‍സാനരോ കത്തെഴുതിയത്. യുഎസിനെ കൂടാതെ മുപ്പതോളം രാജ്യങ്ങളാണ് മലേറിയക്കെതിരെ ഉപയോഗിക്കുന്ന ഹൈഡ്രോക്ലോറോക്വിന്‍ എന്ന മരുന്ന് നല്‍കണമെന്ന് ഇന്ത്യയോട് അഭ്യര്‍ത്ഥിച്ചിരിക്കുന്നത്.

ശ്രീരാമന്റെ സഹോദരനായ ലക്ഷ്മണന്റെ ജീവന്‍ രക്ഷിക്കാന്‍ ഹനുമാന്‍ ഹിമാലയത്തില്‍ നിന്ന് വിശുദ്ധ മരുന്ന് (മൃതസജ്ഞീവനി ) കൊണ്ടു വന്നപോലെ, യേശു ക്രിസ്തു അന്ധന് കാഴ്ച നല്‍കിയ പോലെ ജനങ്ങള്‍ക്കായി ബ്രസീലും ഇന്ത്യയും ഒരുശക്തിയായി നിന്ന് കൊവിഡിനെ അതിജീവിക്കണമെന്ന് ബൊല്‍സാനരോ കത്തില്‍ എഴുതി.

കഴിഞ്ഞ ശനിയാഴ്ച ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബൊല്‍സാനരോയും തമ്മില്‍ ഫോണില്‍ സംസാരിച്ചിരുന്നു. കൊവിഡ് പശ്ചാത്തലത്തില്‍ ലോകത്തെ സാഹചര്യങ്ങളെ കുറിച്ച് ഇരുവരും ചര്‍ച്ച ചെയ്തു. എങ്ങനെ യോജിച്ച് നിന്ന് കൊവിഡിനെ നേരിടാമെന്ന് ബൊല്‍സാനരോയുമായി ചര്‍ച്ച ചെയ്‌തെന്ന് മോദി പിന്നീട് ട്വിറ്ററില്‍ കുറിച്ചിരുന്നു. ഇന്ത്യക്ക് സാധിക്കുന്ന എല്ലാ സഹായങ്ങളും ബ്രസീലിന് വേണ്ടി നല്‍കുമെന്നും അന്ന് മോദി വാഗ്ദാനം ചെയ്തിരുന്നു.

നേരത്തെ, കൊവിഡിനെതിരെ പോരാടാന്‍ മലേറിയക്കെതിരെ ഉപയോഗിക്കുന്ന ഹൈഡ്രോക്ലോറോക്വിന്‍ ട്രംപ് മോദിയോട് ഫോണിലൂടെ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, ഇന്ത്യ ഇക്കാര്യത്തില്‍ പ്രതികരണം അറിയിച്ചില്ല. ഇതോടെ മരുന്ന് തന്നില്ലെങ്കില്‍ പ്രശ്‌നമില്ല. പക്ഷേ തക്കതായ തിരിച്ചടി ഇന്ത്യ നേരിടേണ്ടി വരുമെന്ന് ട്രംപ് പറഞ്ഞിരുന്നു.

ഇതിന് പിന്നാലെ മരുന്നുകളുടെ കയറ്റുമതിക്ക് ഇന്ത്യ ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങള്‍ക്ക് ഇളവ് നല്‍കി. നിയന്ത്രിത മരുന്ന് പട്ടികയില്‍ പാരസെറ്റമോളും ഹൈഡ്രോക്‌സി ക്‌ളോറോക്വിന്‍ തുടരുമെന്നും കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. പിന്നാലെ മോദിയെ പുകഴ്ത്തി ട്രംപ് രംഗത്ത് വന്നിരുന്നു.
 

click me!