
ചെന്നൈ: തമിഴ്നാട് സ്‌കൂളുകളിലെ പ്രഭാതഭക്ഷണ പദ്ധതി നഗരമേഖലയിലെ സർക്കാർ സ്‌കൂളുകളിലേക്കും എയ്ഡഡ് പ്രൈമറി സ്‌കൂളുകളിലേക്കും വിപുലീകരിക്കുന്നതിന്റെ ഉദ്ഘാടനം തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ നിർവഹിച്ചു. രാവിലെ എട്ടരയ്ക്ക് തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിനും പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് സിംഗ് മാനും ചേർന്നാണ് ഉദ്ഘാടനം ചെയ്തത്. 20.59 ലക്ഷം കുട്ടികൾക്ക് പ്രയോജനപ്പെടുന്നതാണ് പദ്ധതി. 2022 സെപ്റ്റംബർ 15നാണ് പദ്ധതി തുടങ്ങിയത്.
സ്റ്റാലിനും ഭഗവന്തും കുട്ടികൾക്കൊപ്പം ഭക്ഷണം കഴിച്ചു. വിശന്ന് തളർന്ന മുഖവുമായി ആരും സ്‌കൂളുകളിൽ എത്തില്ലെന്ന് സ്റ്റാലിൻ പറഞ്ഞു. പ്രസംഗത്തിൽ മോദിയെ രൂക്ഷമായി പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മൻ വിമർശിച്ചു. കേന്ദ്രത്തിൽ നുണകളും തട്ടിപ്പും മാത്രമാണ് നടക്കുന്നത്. അച്ചാ ദിൻ വാഗ്ദാനം ചെയ്തിട്ട് എവിടെ? നമുക്കല്ല, അവർക്ക് മാത്രമാണ് നല്ല ദിവസം. പ്രസംഗത്തിലൂടെയല്ല വിശ്വഗുരു ആകുന്നതതെന്നും അദ്ദേഹം പറഞ്ഞു. കുട്ടികൾ അറിവിലൂടെ വിശ്വഗുരു ആകണമെന്നും എം കെ സ്റ്റാലിൻ ജനങ്ങളുടെ നേതാവാണെന്നും അദ്ദേഹം പറഞ്ഞു. സ്കൂളിലെ പ്രഭാതഭക്ഷണ പദ്ധതി പഞ്ചാബിലും നടപ്പാക്കാൻ ശ്രമിക്കുമെന്നും ഭഗവന്ത് മൻ വ്യക്തമാക്കി.