കൈക്കൂലി കേസ്: മലയാളിയായ ഗെയിൽ മാർക്കറ്റിംഗ് ഡയറക്ടർ അറസ്റ്റിൽ

By Web TeamFirst Published Jan 16, 2022, 5:02 PM IST
Highlights

രംഗനാഥൻ അടക്കം ആറ് പേരെയാണ് സിബിഐ അറസ്റ്റ് ചെയ്തത്. ഇയാളുടെ വസതിയിൽ നടത്തിയ റെയ്ഡിൽ പണവും ആഭരണങ്ങളും കണ്ടെത്തിയെന്ന് സിബിഐ അറിയിച്ചു. 

മുംബൈ: കൈക്കൂലി കേസിൽ ഗെയിൽ മാർക്കറ്റിംഗ് വിഭാഗം ഡയറക്ടറും മലയാളിയുമായ ഇഎസ് രംഗനാഥനെ ( ES Ranganathan) സിബിഐ (CBI) അറസ്റ്റ് ചെയ്തു. രംഗനാഥൻ അടക്കം ആറ് പേരെയാണ് സിബിഐ അറസ്റ്റ് ചെയ്തത്. ഇയാളുടെ വസതിയിൽ നടത്തിയ റെയ്ഡിൽ പണവും ആഭരണങ്ങളും കണ്ടെത്തിയെന്ന് സിബിഐ അറിയിച്ചു. 

ഗെയിലിന്റെ പെട്രോ- കെമിക്കൽ ഉത്പന്നങ്ങൾക്ക് വില കുറച്ച് നൽകി വില്പന നടത്തുന്നതിന് ഇടനിലക്കാരായ ദില്ലി സ്വദേശികളിൽ നിന്ന് നാൽപത് ലക്ഷം കൈക്കൂലി രംഗനാഥൻ വാങ്ങിയെന്നാണ് കേസ്. ഇതിന്റെ ഇടനിലക്കാരായ പവൻ ഗോർ, രാജേഷ് കുമാർ എന്നിവരാണ് രണ്ടും മൂന്നും പ്രതികൾ. മലയാളിയായ രാമകൃഷ്ണൻ നായർ, രംഗനാഥന്റെ നിർദ്ദേശ പ്രകാരം ഇടനിലക്കാരുടെ പക്കൽ നിന്ന് 40 ലക്ഷം രൂപ വാങ്ങിയെന്നാണ് എഫ്ഐആറിൽ പറയുന്നത്. രാമകൃഷ്ണൻ നായർ നാലാം പ്രതിയാണ്.

കേസുമായി ബന്ധപ്പെട്ട് ദില്ലിയടക്കം നാല് ഇടങ്ങളിൽ സിബിഐ നേരത്തെ പരിശോധന നടത്തിയിരുന്നു. ഈ പരിശോധനയിൽ 84 ലക്ഷം രൂപ കണ്ടെത്തി. രംഗനാഥന്റെ നോയിഡിയിലെ വീട്ടിൽ നടന്ന പരിശോധനയിൽ 1.24 കോടി രൂപയും 1.3 കോടി രൂപ വരുന്ന ആഭരണങ്ങളും സിബിഐ പിടികൂടി. കേസിൽ ആകെ ഒമ്പത് പേരാണ് പ്രതികൾ. ക്രിമിനൽ ഗൂഢാലോചന, കൈക്കൂലി ആവശ്യപ്പെടുക, ക്രമവിരുദ്ധമായ പ്രവർത്തികൾ നടത്തുക തുടങ്ങിയ വകുപ്പുകളിലാണ് കേസെടുത്തിരിക്കുന്നത്. കേരളത്തിലെ ഗെയിൽ പൈപ്പ് ലൈയിൻ പദ്ധതിയിലടക്കം പ്രധാനപങ്കുവഹിച്ച വ്യക്തിയാണ് രംഗനാഥൻ. 

 

click me!