വിവാഹദിനത്തില്‍ മദ്യപിച്ച് ലക്കുകെട്ട് വരനും സുഹൃത്തുക്കളും; വധു വിവാഹത്തില്‍ നിന്ന് പിന്മാറി

By Web TeamFirst Published Jun 7, 2021, 11:29 AM IST
Highlights

മണ്ഡപത്തിലും മറ്റുമായി വരനും സുഹൃത്തുക്കളും നടത്തിയ കാട്ടിക്കൂട്ടലുകള്‍ അവഗണിച്ചെങ്കിലും വരന്‍റെ സുഹൃത്തുക്കള്‍ക്കായി നൃത്തം ചെയ്യാന്‍ ആവശ്യപ്പെട്ട് കയ്യില്‍ പിടിച്ച് സുഹൃത്തുക്കളുടെ മുന്നിലേക്ക് വധുവിനെ എത്തിച്ചതോടെ യുവതിയുടെ നിയന്ത്രണം വിടുകയായിരുന്നു

വിവാഹദിനത്തില്‍ മദ്യപിച്ച് ലക്കുകെട്ട് വരനും സുഹൃത്തുക്കളും  വിവാഹം വേണ്ടെന്ന് വച്ച് വധു. ഉത്തര്‍പ്രദേശിലെ പ്രയാഗ്രാജിലാണ് സംഭവം. മദ്യപിച്ച് ലക്കുകെട്ട് വിവാഹവേദിയിലേക്ക് എത്തിയതിന് പിന്നാലെ സമാന സ്ഥിതിയിലുള്ള സുഹൃത്തുക്കള്‍ക്ക് വേണ്ടി നൃത്തം ചെയ്യാന്‍ പ്രതിശ്രുത വരന്‍ ആവശ്യപ്പെട്ടതോടെയാണ് 22 കാരിയായ വധു വിവാഹത്തില്‍ നിന്ന് പിന്മാറിയത്. പിന്നാലെ വരനെയും ബന്ധുക്കളേയും വധുവിന്‍റെ വീട്ടുകാര്‍ ബന്ധികളാക്കി. വിവാഹ സമ്മാനമായി നല്‍കിയ പണവും ആഭരണവും മറ്റ് സമ്മാനങ്ങളും തിരികെ നല്‍കാന്‍ വരന്‍റെ വീട്ടുകാര്‍ തയ്യാറാവാതെ വന്നതോടെയാണ് ഇത്.

വരന്‍റെ ബന്ധുക്കള്‍ പൊലീസിനെ വിളിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്. പ്രയാഗ് രാജിലെ പ്രതാപ്ഗഡ് നഗരത്തിലെ തിക്രിയിലാണ് സംഭവം. രവീന്ദ്ര പട്ടേല്‍ എന്നയാളുമായി ആയിരുന്നു യുവതിയുടെ വിവാഹം നിശ്ചയിച്ചിരുന്നത്. വിവാഹദിനത്തില്‍ മദ്യപിച്ച് നില തെറ്റിയാണ് വരനും സുഹൃത്തുക്കളും വേദിയിലെത്തിയത്. മണ്ഡപത്തിലും മറ്റുമായി വരനും സുഹൃത്തുക്കളും നടത്തിയ കാട്ടിക്കൂട്ടലുകള്‍ അവഗണിച്ചെങ്കിലും വരന്‍റെ സുഹൃത്തുക്കള്‍ക്കായി നൃത്തം ചെയ്യാന്‍ ആവശ്യപ്പെട്ട് കയ്യില്‍ പിടിച്ച് സുഹൃത്തുക്കളുടെ മുന്നിലേക്ക് വധുവിനെ എത്തിച്ചതോടെ യുവതിയുടെ നിയന്ത്രണം വിടുകയായിരുന്നു. സുഹൃത്തുക്കള്‍ക്കായി നൃത്തം ചെയ്യില്ലെന്ന് വധു രവീന്ദ്ര പട്ടേലിനോട് പറഞ്ഞു.

ഇതില്‍ കുപിതനായി ഇയാള്‍ വേദിയില്‍ വച്ച് വധുവിനോട് കലഹിക്കാന്‍ ആരംഭിച്ചു. ഇതോടെയാണ് വധു വിവാഹത്തില്‍ നിന്ന് പിന്മാറിയത്. വധു വിവാഹത്തില്‍ നിന്ന് പിന്മാറിയതിനാല്‍ സമ്മാനങ്ങള്‍ തിരികെ നല്‍കാനാവില്ലെന്ന നിലപാടായിരുന്നു വരന്‍റെ ബന്ധുക്കള്‍ സ്വീകരിച്ചത്. ഇതോടെ ഇവരെ വധുവിന്‍റെ വീട്ടുകാര്‍ ബന്ധനത്തിലാക്കി. വരന്‍ പൊലീസിനെ വിളിച്ച് സഹായം ആവശ്യപ്പെടുകയായിരുന്നു. പൊലീസെത്തിയിട്ടും വിവാഹത്തിന് യുവതി വഴങ്ങാതിരുന്നതോടെ സമ്മാനങ്ങള്‍ തിരികെ നല്‍കണമെന്ന് പൊലീസും വ്യക്തമാക്കി. ഇതോടെ സമ്മാനങ്ങള്‍ തിരികെ നല്‍കി വരനും വീട്ടുകാരും മടങ്ങുകയായിരുന്നു. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 

click me!