
കാൻപൂർ: സഹോദരിയെ കാണാതായ കേസിൽ യുവാക്കൾ മാസങ്ങളായി ജയിലിൽ. 30 വയസുകാരിയെ ഒരു വർഷത്തിന് ശേഷം ജീവനോടെ കണ്ടെത്തി പൊലീസ്. യുവതിയെ തട്ടിക്കൊണ്ട് പോയ കേസിൽ ഇവരുടെ രണ്ട് സഹോദരന്മാർ ജയിലിലായിട്ട് മാസങ്ങൾ പിന്നിടുമ്പോഴാണ് കേസിലെ പുതിയ വഴിത്തിരിവ്. ഉത്തർ പ്രദേശിലെ കാൻപൂരിലാണ് സംഭവം. കഴിഞ്ഞ വർഷം മെയ് മാസത്തിലാണ് യുവതിയേയും പ്രായപൂർത്തിയാകാത്ത ഇവരുടെ മൂന്ന് കുട്ടികളേയും കാണാതായത്.
ഭർത്താവിന്റെ മർദ്ദനവും മദ്യാപാനവും ഗാർഹിക പീഡനം സഹിക്കാൻ വയ്യാതെ വീട് വിട്ട് പോയതെന്നാണ് സംഭവത്തേക്കുറിച്ച് യുവതി പൊലീസിന് നൽകിയിരിക്കുന്ന മൊഴി. സഹോദരന്മാർ ജയിലിലായ വിവരം അറിയില്ലായിരുന്നുവെന്നുമാണ് 30കാരി വിശദമാക്കുന്നത്. ചൊവ്വാഴ്ചയാണ് കാണാതായ രേഖാ ദേവിയെന്ന രേഖയേക്കുറിച്ച് പൊലീസിന് വിവരം ലഭിക്കുന്നത്. കാൻപൂർ ദേഹത് മേഖലയിലെ റാണിയയിൽ നിന്നാണ് യുവതിയെയും കുട്ടികളേയും പൊലീസ് കണ്ടെത്തിയത്.
ശ്യാം അഗ്നിഹോത്രിയെന്ന ഭർത്താവ് മദ്യപിച്ചെത്തി തന്നെയും രണ്ട് വയസ് മാത്രമുള്ള മകളെയും അടക്കം സ്ഥിരം മർദ്ദിച്ചിരുന്നതായാണ് ഇവർ വിശദമാക്കുന്നത്. റാണിയയിലെത്തി ഒരു സ്വകാര്യ ഫാക്ടറിയിൽ തൊഴിലാളിയായി ഇവർ ജോലി ചെയ്യുകയായിരുന്നു. എന്നാൽ ഭർത്താവ് തന്നെ കാണാനില്ലെന്നും സഹോദരന്മാർ തട്ടിക്കൊണ്ട് പോയതായും സംശയിക്കുന്നതായി പരാതി നൽകിയതായും യുവതി അറിഞ്ഞിരുന്നില്ല. തിങ്കളാഴ്ച കോടതിയിൽ ഹാജരാക്കിയ യുവതിയെ വനിതാ ശിശു സംരക്ഷണ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇവരുടെ സഹോദരന്മാരെ ജയിൽ മോചിതരാക്കാനുള്ള അപേക്ഷയും കോടതിയിൽ സമർപ്പിച്ചിട്ടുണ്ടെന്നാണ് കാൻപൂർ ഡിസിപി രാജേഷ് കുമാർ സിംഗ് വിശദമാക്കുന്നത്.
ഭാര്യയെ കാണാനില്ലെന്ന കേസിൽ പൊലീസ് അന്വേഷണത്തിലെ വീഴ്ചയ്ക്കെതിരെ ഭർത്താവ് അടുത്തിടെ ഹൈക്കോടതിയെ ഹേബിയസ് കോർപ്പസ് അപേക്ഷയുമായി സമർപ്പിച്ചിരുന്നു. നിലവിൽ യുവതിയുടെ പരാതിയിൽ ഭർത്താവിനെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. കേസിൽ യുവതിയെ കണ്ടെത്താനായില്ലെന്ന് പൊലീസ് ഈ വർഷം ജൂണിൽ കോടതിയിൽ കേസ് അവസാനിപ്പിക്കാനുള്ള അപേക്ഷ നൽകിയിരുന്നു. ഇതിനെതിരെയാണ് ഭർത്താവ് ഹൈക്കോടതിയിൽ ഹർജി നൽകിയത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam