
ദില്ലി: ദില്ലിയിൽ മനുഷ്യക്കടത്ത് സംഘത്തെ പൊലീസ് പിടികൂടി. സംഘത്തിലെ മൂന്ന് പേരെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചിട്ടുണ്ട്. ഗുജറാത്ത്, രാജസ്ഥാൻ എന്നിവിടങ്ങളിൽ നിന്ന് കുട്ടികളെ തട്ടിയെടുക്കുന്ന സംഘത്തെയാണ് പിടികൂടിയത്. ഇവരിൽനിന്ന് നാലുദിവസം പ്രായമായ ഒരു കുഞ്ഞിനെയും പൊലീസ് കണ്ടെത്തി. കുഞ്ഞുങ്ങനെ പലയിടങ്ങളിൽ നിന്ന് തട്ടിയെടുത്ത ശേഷം ദില്ലിയിൽ എത്തിച്ച് വിൽക്കാനുള്ള ശ്രമത്തിനിടയാണ് സംഘാംഗങ്ങൾ പിടിയിലായത്.
രണ്ട് സ്ത്രീകളെയും ഒരു പുരുഷനെയുമാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഗുജറാത്തിലെയും രാജസ്ഥാനിലെയും വിദൂര ഗ്രാമങ്ങളും ആശുപത്രികളും ലക്ഷ്യമിട്ടായിരുന്നു ഇവരുടെ പ്രവർത്തനം. കുട്ടികളെ തട്ടിക്കൊണ്ടുവന്ന ശേഷം ഡൽഹിയിലെ ചേരി പ്രദേശങ്ങളിൽ എത്തിച്ച് അവിടെ താമസിപ്പിക്കുകയും പിന്നീട് വിൽക്കുകയും ചെയ്യുകയായിരുന്നു ഇവരുടെ രീതി. കുട്ടികളില്ലാത്ത ദമ്പതികളിൽ നിന്ന് അഞ്ച് മുതൽ പത്ത് ലക്ഷം വരെ രൂപ വാങ്ങിയാണ് ഇങ്ങനെ വിൽപ്പന നടത്തിയിരുന്നതെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.
ഇതുവരെ 35ഓളം കുട്ടികളെ ഈ സംഘം കടത്തിയതായി പൊലീസ് അനുമാനിക്കുന്നു. ഈ കുട്ടികളെ കണ്ടെത്താനുള്ള അന്വേഷണം പൊലീസ് ആരംഭിച്ചു. ഏതാനും ദിവസം മുമ്പ് ഡൽഹി ദ്വാരകയിൽ ഒരു കുഞ്ഞിനെ വിൽപന നടത്തിയതുമായി ബന്ധപ്പെട്ട് പൊലീസിന് കിട്ടിയ ഒരു രഹസ്യവിവരമാണ് വൻ സംഘത്തിന്റെ പ്രവർത്തനം പൊലീസിന്റെ ശ്രദ്ധിയിലേക്ക് എത്തിച്ചത്. വിശദമായ അന്വേഷണം തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam