നേതൃത്വത്തിന് വിശ്വാസമുള്ള കാലത്തോളം മുഖ്യമന്ത്രിയായി തുടരും; നേതൃമാറ്റ വാർത്തയോട് പ്രതികരിച്ച് യെദ്യൂരപ്പ

By Asianet MalayalamFirst Published Jun 6, 2021, 2:34 PM IST
Highlights

എനിക്ക് പകരക്കാരനില്ലെന്ന് ഞാനൊരിക്കലും പറയില്ല. രാജ്യത്തായാലും സംസ്ഥാനത്തായാലും പകരക്കാരുണ്ട്. എങ്കിലും ഹൈക്കമാൻഡ് അനുവദിക്കുന്ന കാലം വരെ ഞാൻ മുഖ്യമന്ത്രിയായി തുടരും. 

ബെംഗളൂരു: തന്നെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്നും മാറ്റുമെന്ന വാർത്തകളോട് പ്രതികരിച്ച് കർണാടക മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പ. കർണാടക ബിജെപിയിൽ  നേതൃമാറ്റ ചർച്ചകൾ സജീവമാകുന്ന സാഹചര്യത്തിലാണ് കർണാടക മുഖ്യമന്ത്രിയുടെ പ്രതികരണം.

 ബിജെപി ഹൈക്കമാൻഡിന് എന്നിൽ വിശ്വാസമുള്ള കാലത്തോളം ഞാൻ മുഖ്യമന്ത്രിയായി തുടരും. എന്നെ അവർക്ക് വേണ്ട എന്നു പറയുന്ന ദിവസം ഞാൻ രാജിവയ്ക്കും എന്നിട്ട് രാപ്പകൽ വ്യത്യാസമില്ലാതെ കർണാടകയുടെ വികസനത്തിനായി പ്രവർത്തിക്കും.  ഇക്കാര്യത്തിൽ എനിക്ക് ഒരു ആശയക്കുഴപ്പവുമില്ല. അവർ (ബിജെപി നേതൃത്വം) എനിക്കൊരു അവസരം തന്നു. എൻ്റെ കഴിവിൻ്റെ പരമാവധി ഞാൻ ശ്രമിക്കുന്നുണ്ട്. ബാക്കിയെല്ലാം ഹൈക്കമാൻഡിൻ്റെ കൈയിലാണ് - ബെംഗളൂരുവിൽ മാധ്യമങ്ങളെ കണ്ട യെദ്യൂരപ്പ പറഞ്ഞു. എനിക്ക് പകരക്കാരനില്ലെന്ന് ഞാനൊരിക്കലും പറയില്ല. രാജ്യത്തായാലും സംസ്ഥാനത്തായാലും പകരക്കാരുണ്ട്. എങ്കിലും ഹൈക്കമാൻഡ് അനുവദിക്കുന്ന കാലം വരെ ഞാൻ മുഖ്യമന്ത്രിയായി തുടരും. 

നേരത്തെ സംസ്ഥാന ടൂറിസം മന്ത്രി സി.പി. യോഗീശ്വരയും എംഎൽഎ അരവിന്ദ് ബെല്ലാടും ചേർന്ന് ദില്ലിയിലെത്തി കേന്ദ്രനേതാക്കളുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. യെദ്യൂരപ്പയ്ക്ക് എതിരെ എംഎൽഎമാരിലുള്ള എതിർപ്പ് രണ്ട് നേതാക്കളും കേന്ദ്രനേതൃത്വത്തെ അറിയിച്ചതായാണ് സൂചന. കർണാടകയിലെ കൊവിഡ് സാഹചര്യം കൈകാര്യം ചെയ്യുന്നതിൽ യെദ്യൂരപ്പ  സർക്കാരിനുണ്ടായ പരാജയവും ഇവർ ചർച്ചയാക്കി എന്നാണ് സൂചന. വിമത നേതാക്കൾ കേന്ദ്രനേതൃത്വത്തെ കണ്ടതിന് പിന്നാലെ യെദ്യൂരപ്പയുടെ മകനും ബിജെപി സംസ്ഥാന ഉപാധ്യക്ഷനുമായ ബി.വൈ. വിജയേന്ദ്രയും ദില്ലിയിലെത്തിയിരുന്നു. ജെപി നഡ അടക്കമുള്ള ഉന്നത നേതാക്കളുമായി വിജയേന്ദ്ര കൂടിക്കാഴ്ച നടത്തിയിരുന്നു

കർണാടക ബിജെപിയിൽ യെദ്യൂരപ്പയ്ക്കെതിരെ വിമതനീക്കം ശക്തമാണെങ്കിലും ഇതാദ്യമായാണ് അദ്ദേഹം നേതൃമാറ്റത്തെക്കുറിച്ച് പരസ്യമായി പ്രതികരിക്കുന്നത്. കർണാടകത്തിലെ ലിംഗായത്ത് സമുദായത്തിൽ നിന്നുള്ള പ്രമുഖ നേതാവായ ബിഎസ് യെദ്യൂരപ്പയ്ക്ക് ഇപ്പോൾ 78 വയസാണ് പ്രായം. അടുത്ത തെരഞ്ഞെടുപ്പിന് രണ്ട് വർഷം കൂടിയുണ്ടെങ്കിലും മുഖ്യമന്ത്രിയായി യെദ്യൂരപ്പ കാലവധി തികയ്ക്കുമെന്നും അടുത്ത തെരഞ്ഞെടുപ്പിലും കർണാടകയിൽ യെദ്യൂരപ്പ ബിജെപിയെ നയിക്കുമെന്നുമാണ് അദ്ദേഹത്തെ അനുകൂലിക്കുന്നവർ പറയുന്നത്. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!