
ദില്ലി: കശ്മീരിൽ നിയന്ത്രണ രേഖയ്ക്ക് സമീപം 69 ലോഞ്ച് പാഡുകളിലായി 120 ഭീകരർ നിലയുറപ്പിച്ചിട്ടുണ്ടെന്ന് ബിഎസ്എഫ്. ഇവർ നിരീക്ഷണത്തിലാണെന്നും ബിഎസ്എഫ് വ്യക്തമാക്കി. അതിർത്തി കടന്ന് ഇന്ത്യയിലേക്ക് കടക്കാൻ ശ്രമിച്ചാൽ ഓപ്പറേഷൻ സിന്ദൂർ ആവർത്തിക്കുമെന്ന് മുന്നറിയിപ്പ് നൽകുന്നു. ഓപ്പറേഷൻ സിന്ദൂറിന്റെ ഒന്നാം ഘട്ടത്തിന് പിന്നാലെ നിയന്ത്രണ രേഖയ്ക്ക് സമീപത്തുനിന്ന് ഭീകരർ മാറിയിരുന്നു. ഭീകരരുടെ ഭാഗത്ത് നിന്ന് നുഴഞ്ഞു കയറ്റത്തിന് ശ്രമമുണ്ടായാൽ കർശന നടപടിക്കാണ് തീരുമാനമെന്നും ജമ്മു കശ്മീരിൻ്റെ ചുമതലയുള്ള ബിഎസ്എഫ് ഐജി അശോക് യാദവ് വ്യക്തമാക്കിയിട്ടുണ്ട്.
അതിനിടെ ദില്ലിയിലെ ചെങ്കോട്ടക്ക് സമീപം നടന്ന സ്ഫോടനത്തിന്റെ പശ്ചാത്തലത്തിൽ ചെങ്കോട്ടയടക്കമുള്ള ദില്ലിയുടെ പല ഭാഗങ്ങളിലും സുരക്ഷ കൂട്ടുന്നുണ്ട്. ഇവിടെ നിരീക്ഷണത്തിനായി 120 ക്യാമറകൾ കൂടി സ്ഥാപിക്കാൻ തീരുമാനമായി. ചെങ്കോട്ടയ്ക്ക് അകത്തും പുറത്തുമായാണ് പുതിയ ക്യാമറകൾ സ്ഥാപിക്കുക. പാർക്കിംഗ് ഗ്രൗണ്ടുകളിലെ ജീവനക്കാർക്ക് പ്രത്യേക പരിശീലനം നൽകും. ചെങ്കോട്ടക്ക് സമീപമുള്ള അനധികൃത കുടിയേറ്റങ്ങൾ ഒഴിപ്പിക്കാനും തീരുമാനമുണ്ട്. സമാനമായ ആക്രമണം ചെങ്കോട്ടയ്ക്ക് സമീപം ഇനി ആവർത്തിക്കരുതെന്ന ജാഗ്രതയോടെയാണ് ഇന്ത്യൻ സുരക്ഷാ ഏജൻസികളുടെ നീക്കം.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam