
നാന്ദേഡ്: നന്ദേഡിലെ ദുരഭിമാനക്കൊലയിൽ ഓരോ ദിവസവും ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവരുന്നത്. കൊല ചെയ്യപ്പെട്ട, മകളുടെ കാമുകനെ അംഗീകരിക്കുന്നതായി നടിച്ച്, മാസങ്ങൾ നീണ്ട വിശ്വാസം നേടിയ ശേഷമായിരുന്നു യുവതിയുടെ പിതാവ് കൊല നടത്തിയതെന്നാണ് പുറത്തുവരുന്ന വിവരം. ഏഴ് മാസം മുൻപ് മകൾക്കും കാമുകനുമൊപ്പം സന്തോഷത്തോടെ നൃത്തം ചെയ്യുന്ന വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നതിന് പിന്നാലെയാണ് പിതാവ് ഗജാനൻ ബാലാജി മാമിദ്വാർ പോലീസ് കസ്റ്റഡിയിലായത്. ജാതി വ്യത്യാസത്തെ തുടർന്നുള്ള എതിർപ്പാണ് കൊലപാതകത്തിന് കാരണമായത്.
താൻ പ്രണയിച്ച യുവാവ് തന്റെ പിതാവിനും സഹോദരങ്ങളാലും കൊല്ലപ്പെട്ട ശേഷം മൃതദേഹത്തെ വിവാഹം ചെയ്ത വാര്‍ത്ത കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. കൊല്ലപ്പെട്ട സക്ഷം ടേറ്റിൻ്റെ മൃതദേഹത്തെ വിവാഹം ചെയ്ത പ്രണയിനിയായ ആഞ്ചൽ മാമിദ്വാർ ആയിരുന്നു. തൻ്റെ കുടുംബം "എല്ലാം ഓക്കെയാണ്" എന്ന് നടിച്ചാണ് കാമുകനെ കൊലപ്പെടുത്തിയതെന്ന് ആരോപിക്കുകയാണ് ആഞ്ചൽ ഇപ്പോൾ. ഏപ്രിൽ 14-ന് അംബേദ്കർ ജയന്തി ആഘോഷത്തിൽ ആഞ്ചലിൻ്റെ പിതാവ് ഗജാനൻ ബാലാജി മാമിദ്വാർ മകൾക്കും 20 വയസ്സുകാരനായ സക്ഷം ടേറ്റിനും സുഹൃത്തുക്കൾക്കുമൊപ്പം നൃത്തം ചെയ്യുന്ന ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. ഈ വീഡിയോയിൽ ഗജാനൻ മകളെ സ്നേഹത്തോടെ ആലിംഗനം ചെയ്യുന്നതും സക്ഷം ടേറ്റിൻ്റെ സുഹൃത്തുക്കൾ ഗജാനനെ തോളിലേറ്റി ആഘോഷിക്കുന്നതും കാണാം. ഈ സന്തോഷ നാടകത്തിന് പിന്നിൽ കൊടുംചതി ഒളിഞ്ഞിരിപ്പുണ്ടായിരുന്നെന്ന് അറിഞ്ഞില്ലെന്ന് ആഞ്ചൽ പറയുന്നു.
സക്ഷം ടേറ്റ് ദളിത് സമുദായക്കാരനും ആഞ്ചൽ സ്പെഷ്യൽ ബാക്ക്വേർഡ് ക്ലാസിലുമായിരുന്നു. ടേറ്റിനെ കൊല്ലുന്നതിന് മുൻപ് വിശ്വാസം നേടിയെടുക്കാൻ ആഞ്ചലിൻ്റെ പിതാവും സഹോദരനും ചേർന്ന് ഗൂഢാലോചന നടത്തിയതായി സൂചനകളുണ്ട്. വ്യാഴാഴ്ച വൈകുന്നേരം ടേറ്റിന് വെടിയേൽക്കുകയായിരുന്നു. വാരിയെല്ലുകൾ തുളച്ചാണ് വെടിയുണ്ട കടന്നുപോയത്. തന്നെ വിവാഹം ചെയ്യണമെങ്കിൽ സക്ഷം 'ഹിന്ദു ധർമ്മത്തിലേക്ക്' മാറണമെന്ന് ഒരിക്കൽ പിതാവ് ആവശ്യപ്പെട്ടിരുന്നുവെന്നും, തനിക്കുവേണ്ടി എന്തിനും സക്ഷം തയ്യാറായിരുന്നുവെന്നും ആഞ്ചൽ പറഞ്ഞു.
കൊലപാതകത്തിന് അടുത്ത ദിവസം നടന്ന ടേറ്റിൻ്റെ അന്ത്യകർമ്മങ്ങൾക്കിടെ, ആഞ്ചൽ അദ്ദേഹത്തിൻ്റെ മൃതദേഹത്തെ വിവാഹം ചെയ്തു. തൻ്റെ കാമുകനെ കൊലപ്പെടുത്തിയതിന് പിതാവിനും സഹോദരങ്ങൾക്കും വധശിക്ഷ നൽകണമെന്നും ആഞ്ചൽ ആവശ്യപ്പെട്ടു. കുടുംബത്തെ ഉപേക്ഷിച്ച ആഞ്ചൽ ഇപ്പോൾ ടേറ്റിൻ്റെ കുടുംബത്തോടൊപ്പമാണ് താമസിക്കാൻ തീരുമാനിച്ചിരിക്കുന്നത്. അതേസമയം, കൊലപാതകത്തിന് മണിക്കൂറുകൾക്ക് മുൻപ്, ആഞ്ചലിൻ്റെ ഇളയ സഹോദരൻ തന്നെ പൊലീസ് സ്റ്റേഷനിൽ കൊണ്ടുപോയി ടേറ്റിനെതിരെ പരാതി നൽകാൻ ആവശ്യപ്പെട്ടെന്ന് ആഞ്ചൽ അവകാശപ്പെടുന്നു.
എന്നാൽ, ആഞ്ചൽ ഇതിന് വിസമ്മതിച്ചപ്പോൾ, സ്റ്റേഷനിലുണ്ടായിരുന്ന രണ്ട് പൊലീസുകാർ സഹോദരനോട് കൊല ചെയ്യാൻ ആവശ്യപ്പെട്ടുവെന്ന് ആഞ്ചൽ ആരോപിച്ചു. "ആളെ ചുമ്മാ തല്ലാനോ വഴക്കുണ്ടാക്കാനോ പോകാതെ, അവനെ കൊണ്ടുപോയി കൊന്നുകളയ്" എന്ന് പോലീസുകാർ തൻ്റെ സഹോദരനോട് പറഞ്ഞെന്നും, ഈ വാക്കുകൾ കേട്ട് പ്രകോപിതനായ സഹോദരൻ സക്ഷമിനെ കൊലപ്പെടുത്തിയ ശേഷം പോലീസ് സ്റ്റേഷനിൽ വരാമെന്ന് പറഞ്ഞ് പോയെന്നുമാണ് ആഞ്ചലിൻ്റെ മൊഴി. ആഞ്ചലിൻ്റെ മാതാപിതാക്കൾ, രണ്ട് സഹോദരങ്ങൾ എന്നിവരുൾപ്പെടെ എല്ലാവരെയും പ്രതികളാക്കിയാണ് കേസെടുത്തിരിക്കുന്നത്. ടേറ്റിന് നേരെ വെടിവയ്ക്കുകയും തല കല്ലുകൊണ്ട് ചതക്കുകയും ചെയ്ത ഒരു സഹോദരൻ പ്രായപൂർത്തിയാകാത്തയാളാണ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam