കേരളം അടക്കം അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് തീയതി ഇന്ന് പ്രഖ്യാപിക്കും. ഇന്ന് വൈകിട്ട് നാലിന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ വാര്‍ത്താസമ്മേളനം വിളിച്ചു. പ്രഖ്യാപനത്തിന് മുന്നോടിയായുള്ള നടപടികൾ എല്ലാം തെരഞ്ഞെടുപ്പ് കമ്മീഷൻ പൂർത്തിയാക്കി കഴിഞ്ഞിട്ടുണ്ട്.

ദില്ലി: കേരളം അടക്കം അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് തീയതി ഇന്ന് പ്രഖ്യാപിക്കും. ഇന്ന് വൈകിട്ട് നാലിന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ വാര്‍ത്താസമ്മേളനം വിളിച്ചു. വാര്‍ത്താസമ്മേളനത്തിൽ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കും. പ്രഖ്യാപനത്തിന് മുന്നോടിയായുള്ള നടപടികൾ എല്ലാം തെരഞ്ഞെടുപ്പ് കമ്മീഷൻ പൂർത്തിയാക്കി കഴിഞ്ഞിട്ടുണ്ട്. വിവിധ സംസ്ഥാനങ്ങളിലേക്കുള്ള അർദ്ധ സൈനിക സേന വിന്യാസം അടക്കം വിഷയങ്ങളിലും കമ്മീഷൻ കേന്ദ്രവുമായി ചർച്ച നടത്തി. മെയ് അഞ്ചിന് മുൻപ് വോട്ടെണ്ണൽ പൂർത്തിയാക്കുന്ന തരത്തിലാകും തെരഞ്ഞെടുപ്പ് കമ്മീഷൻ ഷെഡ്യൂൾ തയാറാക്കുക. കേരളത്തിൽ വിഷു അടക്കം ഉത്സവങ്ങൾ കൂടി കണക്കിലെടുത്താകും തീരുമാനമെന്ന് കമ്മീഷൻ വ്യക്തമാക്കിയിരുന്നു. പ്രഖ്യാപനത്തിന് മുൻപായി ഇന്ന് രാവിലെ തെരഞ്ഞെടുപ്പ് കമ്മീഷൻ യോഗം വിളിച്ചുചേര്‍ത്തിട്ടുണ്ട്. തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചാൽ ഇന്ന് മുതൽ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിൽ വരും. ഒറ്റ ഘട്ടമായിട്ടായിരിക്കും തെരഞ്ഞെടുപ്പെന്നാണ് വിവരം. കഴിഞ്ഞ തവണ എട്ടു ഘട്ടമായി വോട്ടെടുപ്പ് നടന്ന പശ്ചിമബം​ഗാളിൽ ഇത്തവണ രണ്ടോ മൂന്നോ ഘട്ടമായി പൂർത്തിയാക്കണമെന്നാണ് രാഷട്രീയ പാർട്ടികൾ ആവശ്യപ്പെട്ടത്. കേരളത്തിന് പുറമെ അസം, തമിഴ്നാട്, പുതുച്ചേരി, പശ്ചിമ ബംഗാള്‍ എന്നിവിടങ്ങളിലാണ് തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നത്. 

കേരളത്തിൽ നാളെ രാഷ്ട്രീയ പാര്‍ട്ടികളുടെ യോഗം

ഇന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കുന്ന സാഹചര്യത്തിൽ നാളെ കേരളത്തിൽ രാഷ്ട്രീയ പാര്‍ട്ടികളുടെ യോഗം വിളിച്ചു. സംസ്ഥാന തെരഞ്ഞെടുപ്പ് ഓഫീസറാണ് യോഗം വിളിച്ചത്. നാളെ വൈകിട്ട് മൂന്നുമണിക്കാണ് യോഗം. സംസ്ഥാനം തെരഞ്ഞെടുപ്പിന് സജ്ജമാണെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ രത്തൻ ഖേൽക്കര്‍ അറിയിച്ചു. വോട്ടര്‍ പട്ടിക പുതുക്കൽ അടക്കം പൂര്‍ത്തിയായെന്നും അദ്ദേഹം അറിയിച്ചു. സംസ്ഥാനത്ത് എസ്ഐആറിനുശേഷം മാർച്ച്‌ 13 വരെയുള്ള കണക്ക് പ്രകാരം 2,71,11,856 പേരാണ് ആകെ വോട്ടര്‍മാരായുള്ളത്. ഇനിയും വോട്ടര്‍പട്ടികയിൽ പേരുചേര്‍ക്കാൻ സമയം അവസരമുണ്ട്.

YouTube video player