എസ്‌പി-ബിഎസ്‌പി സഖ്യത്തിന്‌ താല്‌ക്കാലികവിരാമം; ഉപതെരഞ്ഞെടുപ്പില്‍ ഒറ്റയ്‌ക്ക്‌ മത്സരിക്കുമെന്ന്‌ മായാവതി

By Web TeamFirst Published Jun 4, 2019, 12:54 PM IST
Highlights

സഖ്യം പിരിയുന്നത്‌ താല്‌ക്കാലികമായി മാത്രമാണെന്നും ഭാവിയില്‍ ഒന്നിച്ച്‌ മത്സരിക്കാനുള്ള സാധ്യത തള്ളിക്കളയുന്നില്ലെന്നും മായാവതി അറിയിച്ചു.

ദില്ലി: ഉത്തര്‍പ്രദേശ്‌ നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ സമാജ്‌ വാദി പാര്‍ട്ടിയുമായി സഖ്യം ചേര്‍ന്ന്‌ മത്സരിക്കില്ലെന്ന്‌ ബിഎസ്‌പി അധ്യക്ഷ മായാവതി. സഖ്യം പിരിയുന്നത്‌ താല്‌ക്കാലികമായി മാത്രമാണെന്നും ഭാവിയില്‍ ഒന്നിച്ച്‌ മത്സരിക്കാനുള്ള സാധ്യത തള്ളിക്കളയുന്നില്ലെന്നും മായാവതി അറിയിച്ചു.

"സംസ്ഥാനത്തെ നിലവിലെ സാഹചര്യം നോക്കുമ്പോള്‍ ഉപതെരഞ്ഞെടുപ്പില്‍ ഞങ്ങള്‍ ഒറ്റയ്‌ക്കൊറ്റയ്‌ക്ക്‌ മത്സരിക്കുന്നതാണ്‌ നല്ലത്‌. സമാജ്‌ വാദി പാര്‍ട്ടിയുടെ ഉറച്ച വോട്ടുകള്‍ പോലും (യാദവ സമുദായത്തിന്റേത്‌) അവര്‍ക്ക്‌ ലഭിച്ചില്ല. എസ്‌പിയുടെ കരുത്തരായ സ്ഥാനാര്‍ത്ഥികള്‍ വരെ പരാജയപ്പെട്ടു.ഡിംപിള്‍ യാദവിന്‌ പോലും കനൗജില്‍ നിന്ന്‌ വിജയിക്കാനായില്ല".-മായാവതി പറഞ്ഞു. അഖിലേഷ്‌ യാദവ്‌ രാഷ്ട്രീയത്തില്‍ വിജയിക്കുകയാണെങ്കില്‍ സഖ്യം തുടരും. അല്ലാത്ത പക്ഷം തങ്ങള്‍ ഒറ്റയ്‌ക്ക്‌ പ്രവര്‍ത്തിക്കുന്നത്‌ തുടരുമെന്നും മായാവതി അഭിപ്രായപ്പെട്ടു.

എസ്‌പി അധ്യക്ഷന്‍ അഖിലേഷ്‌ യാദവും ഭാര്യ ഡിംപിളും തനിക്ക്‌ വളരെയേറെ ബഹുമാനം നല്‌കിയിട്ടുണ്ട്‌. രാജ്യതാല്‌പര്യങ്ങളെയോര്‍ത്ത്‌ എല്ലാവിധ വ്യത്യാസങ്ങളും മറന്ന്‌ താനും്‌ അവരെ ബഹുമാനിച്ചിട്ടുണ്ട്‌. രാഷ്ട്രീയത്തിനു വേണ്ടിയുള്ള ബന്ധമല്ല തങ്ങളുടേത്‌. അത്‌ എന്നേയ്‌ക്കും നിലനില്‍ക്കുമെന്നും മായാവതി പറഞ്ഞു.


 

click me!