മധുരം പങ്ക് വെച്ച് തുടക്കം; ഇനി ബ‍ജറ്റ് അവതരണം വരെ വിശ്രമമില്ലാത്ത ദിനങ്ങൾ

By Web TeamFirst Published Jun 23, 2019, 7:47 AM IST
Highlights

ജൂലൈ അഞ്ച് വരെ ബജറ്റ് അച്ചടിയുമായി ബന്ധമുള്ള ജീവനക്കാ‍ർക്ക് വീട്ടിൽ പോകാൻ കഴിയില്ല. എന്തിനേറെ ഫോണ്‍ വിളിക്കാൻ പോലും സാധിക്കില്ല

ദില്ലി: മധുരം തയ്യാറാക്കി ബജറ്റ് അച്ചടിക്ക് തുടക്കമിട്ട് കേന്ദ്ര ധനമന്ത്രാലയം. ഇനി ജൂലൈ അഞ്ച് വരെ ധനമന്ത്രാലയത്തിലെ ഉദ്യോഗസ്ഥർക്ക് വിശ്രമമില്ലാത്ത ദിവസങ്ങളാണ്. ആദ്യ ബജറ്റ് അവതരണത്തിന് തയ്യാറെടുക്കുന്ന നിർമ്മല സീതാരാമനാണ് സഹമന്ത്രി അരുരാഗ് ഠാക്കൂറിന് മധുരം നൽകി ചടങ്ങിന് തുടക്കം കുറിച്ചത്. 

പിന്നാലെ ബജറ്റ് അച്ചടിക്കുന്ന ജീവനക്കാർക്കും ഉദ്യോഗസ്ഥർക്കും മന്ത്രി മധുരം പങ്കുവച്ചു. നൽകിയത് മധുരമാണെങ്കിലും ഇനിയുളള ദിവസങ്ങൾ കയ്പ് നിറഞ്ഞതാണ്. ജൂലൈ അഞ്ച് വരെ ബജറ്റ് അച്ചടിയുമായി ബന്ധമുള്ള ജീവനക്കാ‍ർക്ക് വീട്ടിൽ പോകാൻ കഴിയില്ല. എന്തിനേറെ ഫോണ്‍ വിളിക്കാൻ പോലും സാധിക്കില്ല. 

ബജറ്റ് അവതരണം കഴിയും വരെ ഉദ്യോഗസ്ഥരെല്ലാം ധനമന്ത്രാലയത്തിൽ തന്നെ കഴിയണം. ഒരുക്കങ്ങളെല്ലാം ഭംഗിയായി നടന്നെങ്കിലും 45 വർഷത്തെ ഏറ്റവും താഴ്ന്ന തൊഴിലില്ലായ്മ നിരക്കും കാർഷിക പ്രതിസന്ധിയും ബാങ്കിംഗ് മേഖലയിലെ പ്രശ്നങ്ങളുമാണ് നിർമ്മല സീതാരാമൻ അഭിമുഖീകരിക്കേണ്ട വെല്ലുവിളികൾ.

കേന്ദ്രബജറ്റിന്‍റെ രഹസ്യസ്വഭാവം കാത്തുസൂക്ഷിക്കുന്നതിന്‍റെ ഭാഗമായാണ്‌ എല്ലാ ബജറ്റിന്‌ മുമ്പും ഹല്‍വ പാചകം ചെയ്ത് ധനകാര്യമന്ത്രാലയത്തിലെ ഉദ്യോഗസ്ഥര്‍ക്കും ജീവനക്കാര്‍ക്കും നല്‍കാറുള്ളത്‌. ഈ പരിപാടിക്ക്‌ ശേഷം മന്ത്രാലയത്തിലെ മിക്ക ഉദ്യോഗസ്ഥരും ബജറ്റുമായി ബന്ധപ്പെട്ട ജോലികളിലാവും. 

click me!