
ബെംഗ്ളൂരു: കർണാടകയിലെ കോൺഗ്രസ് സർക്കാരിനെ പ്രതിസന്ധിയിലാക്കി ബുൾഡോസർ വിവാദം കത്തുന്നു. കേരളാ മുഖ്യമന്ത്രി പിണറായി വിജയനും മുതിർന്ന കോൺഗ്രസ് നേതാവ് പി. ചിദംബരവുമടക്കം രാഷ്ട്രീയമായി ഉയർത്തിയ വിമർശനത്തിന് പിന്നാലെ ഇടപെട്ട് കോൺഗ്രസ് നേതൃത്വം. കർണാടക കോൺഗ്രസിൽ നിന്ന് എ ഐ സി സി വിശദീകരണം തേടി. കെ.സി.വേണുഗോപാലാണ് കർണാടക കോൺഗ്രസ് അധ്യക്ഷൻ ഡികെ ശിവകുമാറിൽ നിന്ന് വിശദീകരണം തേടിയത്. വീടുകൾ പൊളിച്ചു മാറ്റിയ സംഭവം വിവാദത്തിലായതോടെയാണ് നടപടി. കയ്യേറ്റ സ്ഥലമാണ് ഒഴിപ്പിച്ചതെന്നും നടപടികൾ പാലിച്ചാണ് ഒഴിപ്പിക്കൽ നടത്തിയതെന്നുമാണ് ഡി.കെ.ശിവകുമാറിന്റെ വിശദീകരണം. ഒഴിപ്പിക്കൽ നടപടി വിവാദമായതോടെ കുടിയൊഴിപ്പിച്ചവർക്ക് വീടുകൾ നിർമിച്ച് നൽകുമെന്ന് സർക്കാർ പ്രഖ്യാപിച്ചു. 200 ഫ്ലാറ്റുകൾ അടങ്ങിയ സമുച്ചയം നിർമിച്ച് നൽകാനാണ് ആലോചന. സർവേ നടപടികൾ തുടങ്ങാൻ ജില്ലാ ഭരണകൂടത്തിന് നിർദേശം നൽകി.
സർക്കാർ ഭൂമി കയ്യേറി താമസിക്കുന്നവർ എന്നാരോപിച്ചാണ് ബെംഗളൂരു യെലഹങ്കയിൽ മുസ്ലീം ഭൂരിപക്ഷ മേഖലയിൽ മുന്നൂറോളം വീടുകൾ തകർത്തത്. മുതിർന്ന കോൺഗ്രസ് നേതാവ് പി. ചിദംബരത്തിന്‍റെ വിമർശനത്തിന് പിന്നാലെ കേരള മുഖ്യമന്ത്രി പിണറായി വിജയനും കർണാടക കോൺഗ്രസിനെ വിമർശിച്ച് രംഗത്തെത്തി. ബെംഗളൂരു സോളിഡ് വേസ്റ്റ് മാനേജ്മെന്റ് ലിമിറ്റഡ് ആണ് ഡിസംബർ 20 ന് പുലർച്ചെ യെലഹങ്കയിൽ വീടുകൾ പൊളിച്ചത്. അനധികൃതമായി താമസിപ്പിക്കുന്നവരെ ഒഴിപ്പിക്കാൻ എന്ന പേരിൽ പുലർച്ചെ 4.15 നാണ് വസീം ലേ ഔട്ടിലും ഫക്കീർ കോളനിയിലും സർക്കാർ ബുൾഡോസറുകൾ വീടുകളുടെ അടിത്തറ പിഴുതുമാറ്റിയത്. യുപിയിലുൾപ്പെടെ ബിജെപിയുടെ ബുൾഡോസർ രാജിനെ വിമർശിക്കുന്ന കോൺഗ്രസ്, യെലഹങ്കയിൽ ബുൾഡോസർ രംഗത്തിറക്കിയതിന്‍റെ പേരിൽ രൂക്ഷമായ വിമർശനം നേരിടുകയാണ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam