ബുറേവി ചുഴലിക്കാറ്റ് ശ്രീലങ്കയോട് അടുക്കുന്നു, തെക്കൻ തമിഴ്നാട്ടിൽ കനത്തമഴ, നാല് ജില്ലകളിൽ റെഡ് അലർട്ട്

By Web TeamFirst Published Dec 2, 2020, 1:28 PM IST
Highlights

ഒരാഴ്ചയ്ക്കിടെ തമിഴ്നാട്ടിലേക്ക് എത്തുന്ന രണ്ടാമത്തെ ചുഴലിക്കാറ്റാണ് ബുറേവി. കഴിഞ്ഞ ആഴ്ചയാണ് ചെന്നൈ, കടലൂർ, പോണ്ടിച്ചേരി മേഖലയിലായി നിവാർ ചുഴലിക്കാറ്റ് ആഞ്ഞടിച്ചത്. 

കന്യാകുമാരി: ബുറേവി ചുഴലിക്കാറ്റ് ശ്രീലങ്കൻ തീരത്തേക്ക് അടുത്തതോടെ തമിഴ്നാടിന്റെ തെക്കൻ ജില്ലകളിൽ മഴ തുടങ്ങി. കന്യാകുമാരി ഉൾപ്പടെ നാല് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. ദേശീയ ദുരന്ത നിവാരണ സേനയെ ഉൾപ്പടെ തീരമേഖലയിൽ വിന്യസിച്ചിട്ടുണ്ട്.

ഒരാഴ്ചയ്ക്കിടെ തമിഴ്നാട്ടിലേക്ക് എത്തുന്ന രണ്ടാമത്തെ ചുഴലിക്കാറ്റാണ് ബുറേവി. കഴിഞ്ഞ ആഴ്ചയാണ് ചെന്നൈ, കടലൂർ, പോണ്ടിച്ചേരി മേഖലയിലായി നിവാർ ചുഴലിക്കാറ്റ് ആഞ്ഞടിച്ചത്. മണിക്കൂറിൽ 130 കിമീ വേഗതയിലാണ്. നിവാർ തീരം തൊട്ടതെങ്കിൽ 90 കിമീ വേഗതയിലാവും ബുറേവി തമിഴ്നാട്ടിലേക്ക് പ്രവേശിക്കുകയെന്നാണ് സൂചന. 

ബുറേവി ചുഴലിക്കാറ്റ് തിരുവനന്തരം നെയ്യാറ്റിൻകര വഴി കടന്നുപോകാൻ സാധ്യതയെന്നാണ് കേന്ദ്ര കാലാവസ്ഥ മുന്നറിയിപ്പ്. തെക്കൻ കേരളത്തിന് ചുഴലിക്കാറ്റ് മുന്നറിയിപ്പിന്റെ മൂന്നാംഘട്ടമായ  ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു.  നാളെ നാലു ജില്ലകളിൽ അതിതീവ്ര മഴയ്ക്ക് സാധ്യതയുണ്ട്.

ബുറേവി ചുഴലിക്കാറ്റ്  തെക്കേയറ്റം തൊടുമെന്ന റിപ്പോർട്ടുകളെ തുടർന്ന് കേരളതീരത്ത് ജാഗ്രതാനിർദ്ദേശം കർശനമാക്കി.  മത്സ്യതൊഴിലാളികൾക്ക് കടലിൽ പോകുന്നതിന് നിരോധമേൽപ്പടുത്തി. കടലിൽ പോയവരെ മടക്കിവിളിക്കുന്നതിനുള്ള നടപടികൾ അന്തിമഘട്ടത്തിലാണ്.

ബുറേവി ചുഴലിക്കാറ്റ്‌ കേരളത്തിൽ അറുപത് മുതൽ എഴുപത്തിയഞ്ച് കിലോമീറ്റർ വേഗതത്തിൽ വീശാമെന്ന് കേന്ദ്ര കാലാവസ്ഥ ഡയറക്ടർ ഡോ. എം. മഹോപത്ര ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. കൊല്ലം,തിരുവന്തപുരം ജില്ലകളിൽ നിർണ്ണായകമാണ്. ഈ ജില്ലകളിൽ നാശനഷ്ടം കൂടാം. രണ്ടര ദിവസം കൂടി കഴിഞ്ഞാണ് ചുഴലിക്കാറ്റ് കേരളത്തിൽ എത്തുന്നത് അതിനാൽ സഞ്ചാര പാത മാറുമോ എന്ന കാര്യം ഇപ്പോൾ വ്യക്തമാക്കാനാകില്ലെന്നും  ഡോ. എം. മഹോപത്ര പറഞ്ഞു. സർക്കാർ നി‍ർദ്ദേശങ്ങൾ പാലിക്കാൻ ജനങ്ങൾ തയ്യാറാകണമെന്നും അദ്ദേഹം ആഭ്യർത്ഥിച്ചു

click me!